| Sunday, 8th April 2018, 12:55 pm

'തിങ്കളാഴ്ചത്തെ ദളിത് ഹര്‍ത്താലില്‍ ബസ്സിറക്കിയാല്‍ റോഡിലിട്ട് കത്തിക്കും'; മുന്നറിയിപ്പുമായി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: എസ്.സി.-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതിനെതിരെ ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ച ഹര്‍ത്താലില്‍ ബസ്സുകള്‍ നിരത്തിലിറക്കിയാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന മുന്നറിയിപ്പുമായി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍. തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലില്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തിയാല്‍ ബസ്സുകള്‍ കത്തിക്കുമെന്നാണ് ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ബസ്സുകള്‍ കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കരുതെന്നും അതുകൊണ്ട് ഹര്‍ത്താലുമായി സഹകരിക്കണമെന്നും ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.


ALSO READ: ‘ജയ് ഭീം’; ദളിത് ഹര്‍ത്താലിന് പിന്തുണയുമായി യാക്കോബ സഭ ബിഷപ് ഗീവര്‍ഗ്ഗീസ് കുറിലോസ്


രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഹര്‍ത്താല്‍ നടത്താറുണ്ട്. അതിനെല്ലാം ബസ്സുടമകള്‍ സഹകരിക്കാറുമുണ്ട്. ്അവരുടെ ഹര്‍ത്താല്‍ ആഹ്വാനങ്ങളെ പരാജപ്പെടുത്താന്‍ ആരും ശ്രമിക്കാറില്ല.

ഇപ്പോള്‍ ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്ന തീരുമാനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടാകുന്നുണ്ട്. ഇത് അത്ര നല്ലതിനല്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.

അതേസമയം ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ച ഹര്‍ത്താലിന് പിന്തുണയുമായി യാക്കോബ സഭ നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗ്ഗീസ് കുറിലോസ് രംഗത്തെത്തിയിരുന്നു. എസ്.സി എസ്.ടി ആക്ടില്‍ വെള്ളം ചേര്‍ക്കുന്നത് ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ആക്കം കൂട്ടുമെന്നാണ് ബിഷപ് അഭിപ്രായപ്പെട്ടത്.


ALSO READ: ദളിതര്‍ ഹര്‍ത്താല്‍ നടത്തുമ്പോള്‍ മാത്രം എതിര്‍പ്പുമായി വരുന്നവര്‍ തുറന്നുകാട്ടുന്നത് ‘കേരളത്തിലെ ജാതി’


നിയമം ലഘൂകരിക്കുന്നത് എതിര്‍ക്കേണ്ടത് സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണെന്നും ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലിന് ഐകദാര്‍ഢ്യവും പിന്തുണയും അറിയിക്കുന്നതായും ബിഷപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് വിവിധ ബഹുജന സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഭൂഅധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആര്‍.എം, സി.എസ്.ഡി.എസ്, കേരള ദളിത് മഹാസഭ, ദളിത്-ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആര്‍.എം.പി, എന്‍.ഡി.എല്‍.എഫ്, എ.കെ.സി.എച്ച്് എം.എസ്, എന്‍.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, ഐ.ഡി.എഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലന്‍മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസണ്‍സ് ഫോറം, സി.പി.ഐ.എം.എല്‍, റെഡ് സ്റ്റാര്‍, എസ്.സി/എസ്സ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പാലക്കാട്, എസ്.സി/എസ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി-കാസര്‍ഗോഡ്, മലവേട്ടുവ സമുദായ സംഘം-കാസര്‍ഗോഡ്, ഡി.എസ്സ്.എസ്സ്, കേരള ചേരമര്‍ സംഘം, എന്‍.സി.എച്ച്.ആര്‍.ഒ, പെമ്പിളഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more