| Monday, 20th February 2023, 6:50 pm

ഉക്രൈന്റെ ജനാധിപത്യവും പരമാധികാരവും സംരക്ഷിക്കാന്‍ ഞങ്ങളുണ്ടാകും; യുദ്ധത്തിന് ശേഷം ആദ്യമായി ഉക്രൈന്‍ സന്ദര്‍ശിച്ച് ജോ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: റഷ്യന്‍ അധിനിവേശത്തിന് ഒരു വര്‍ഷമാകാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ ഉക്രൈന്‍ സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യ-ഉക്രൈന്‍ യുദ്ധത്തിനിടയില്‍ ഇത് ആദ്യമായാണ് ബൈഡന്‍ ഉക്രൈന്‍ സന്ദര്‍ശിക്കുന്നത്.

മൂന്ന് ദിവസത്തെ പോളണ്ട് സന്ദര്‍ശന യാത്രക്കിടെയാണ് ബൈഡന്‍ കീവ് സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ച എത്തിച്ചേര്‍ന്നിരിക്കുന്നത്.

‘ഞങ്ങള്‍ ഉക്രൈനിനെ പിന്തുണക്കുന്നുവെന്നതിന് ഒരു സംശയവും വേണ്ട. ഉക്രൈന്‍ ജനത പണ്ടുള്ളതിനേക്കാള്‍ മുന്നോട്ട് കുതിച്ചു,’ ബൈഡന്‍ പറഞ്ഞു.

ഒരു വര്‍ഷത്തിന് ശേഷവും കീവിലും ഉക്രൈനിലും ജനാധിപത്യവും നിലകൊള്ളുന്നുവെന്നും ഉക്രൈനിന് എല്ലാവിധ പിന്തുണയുമായി തങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉക്രൈന്റെ ജനാധിപത്യവും പരമാധികാരവും കാക്കുന്നതിന് തങ്ങള്‍ എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഉക്രൈനിലെ സ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്‌നമല്ല. ഇത് മൊത്തത്തില്‍ ജനാധിപത്യത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

മറിന്‍സ്‌കി കൊട്ടാരത്തില്‍ വെച്ചാണ് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും ബൈഡനും കൂടിക്കാഴ്ച നടത്തിയത്. റഷ്യ ഒരിക്കല്‍ കൂടി ആക്രമണം നത്താന്‍ തയ്യാറെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇത്തരമൊരു കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

കൂടിക്കാഴ്ചയിലൂടെ അമേരിക്കയുടെ ഒരു പിന്തുണ ഉക്രൈനിനുണ്ടെന്ന് തെളിയിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സെലന്‍സ്‌കിയുമായുള്ള സംയുക്ത പ്രസ്താവനയില്‍ അര ബില്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്ന് ബൈഡന്‍ വാഗ്ദാനം ചെയ്തു. കൂടുതല്‍ ആയുധങ്ങള്‍, യുദ്ധത്തിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എന്നിവ നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.

ബൈഡന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ജര്‍മനിയും അറിയിച്ചു.

അമേരിക്കന്‍ സൈന്യത്തിന് നിയന്ത്രണമില്ലാത്ത സജീവ യുദ്ധമേഖലയായ ഉക്രൈനിലേക്കുള്ള ബൈഡന്റെ യാത്ര മറ്റ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ സന്ദര്‍ശനത്തേക്കാള്‍ സുരക്ഷയേറിയതായിരുന്നു. അതുകൊണ്ട്‌ തന്നെ ബൈഡന്റെ ഉക്രൈനിലേക്കുള്ള യാത്ര അതീവ രഹസ്യമായിട്ടായിരുന്നു കൈകാര്യം ചെയ്തത്. ബൈഡന്റെ കൂടെ യാത്രയിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പോലുമുള്ള അനുമതിയില്ലായിരുന്നു.

രാജ്യസുരക്ഷ ഉദ്യേഗസ്ഥന്‍ ജേക്ക് സുള്ളിവന്‍, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജെന്‍ ഒ മാലി ഡിലന്‍ പേര്‍സണല്‍ സഹായി ആനി തോമസിനി തുടങ്ങിയ ചെറിയ സംഘത്തോടൊപ്പമാണ് ബൈഡന്റെ യാത്ര.

ബെഡന്‍ ചൊവ്വാഴ്ച പോളിഷ് പ്രസിഡന്റ് ആന്‍ഡ്രേയ് ദുഡയെ കാണുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

CONTENT HIGHLIGHT: We will be there to protect Ukraine’s democracy and sovereignty; Joe Biden visits Ukraine for the first time since the war

We use cookies to give you the best possible experience. Learn more