| Friday, 4th August 2023, 11:28 am

ഞങ്ങള്‍ക്ക് നേരെ ഏത് നിമിഷവും ആക്രമണം ഉണ്ടാകും; ജവാന്റെ കാല് പിടിച്ച് കരഞ്ഞ് കുകി വനിതകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ കുകി വനിതകള്‍ അര്‍ധസൈനിക വിഭാഗത്തിലെ ജവാന്റെ കാല്‍പിടിച്ച് രക്ഷിക്കണമെന്നാവശ്യപ്പെടുന്ന വീഡിയോ പുറത്ത്. കാങ്‌പോക്പി ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കാങ്‌പോക്പി ജില്ലയില്‍ വിന്യസിച്ചിരിക്കുന്ന അസം റൈഫിള്‍സിനെ മറ്റ് ജില്ലകളിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതുണ്ടാകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകള്‍ ജവാന്റെ കാല്‍ പിടിക്കുന്നത്.

അസം റൈഫിള്‍സ് മാറിയാല്‍ ഇവിടെ മെയ്തികളുടെ ആക്രമണം ഉണ്ടാകുമെന്നും തങ്ങള്‍ക്ക് സുരക്ഷ ഉണ്ടാകില്ലെന്നും പറഞ്ഞാണ് കുകി സ്ത്രീകള്‍ ജവാന്റെ കാല് പിടിച്ചു കരയുന്നത്. മൊറയിലും ചുരാചന്ദ്പൂരിലും അസം റൈഫിള്‍സിനെ തന്നെയാണ് വിന്യസിച്ചിട്ടുള്ളത്.

അതേസമയം, ഇംഫാല്‍ വെസ്റ്റ് ജില്ലയിലുണ്ടായ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഇംഫാല്‍ സെഞ്ചം ചിരാങ്ങിലാണ് പൊലീസുകാരന്‍ കൊല്ലപ്പെട്ടത്. ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ക്യാമ്പ് ആക്രമിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും ജനക്കൂട്ടം കൊള്ളയടിച്ചു. ബിഷ്ണുപൂര്‍ ജില്ലയിലാണ് വ്യാഴാഴ്ച സംഭവം ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാവിലെ 9.45ഓടു കൂടി ക്യാമ്പില്‍ പ്രവേശിച്ച് പ്രധാന കവാടത്തിലെ കാവല്‍ക്കാരെയും ക്വാട്ടര്‍ ഗാര്‍ഡിനെയും അക്രമികള്‍ കീഴടക്കുകയായിരുന്നെന്ന് മൊയ്‌റാങ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ‘അവര്‍ ബറ്റാലിയനിലെ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കൊട്ടേയുടെ രണ്ട് വാതിലുകള്‍ തകര്‍ത്തു. തുടര്‍ന്ന് അകത്ത് പ്രവേശിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിക്കുകയായിരുന്നു,’ പരാതിയില്‍ പറയുന്നു. മണിപ്പൂര്‍ റൈഫിള്‍സ് ബറ്റാലിയനിലേക്ക് കയറിയ ആള്‍ക്കൂട്ടത്തിനെ തടയാനായി സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു.

മെയ് മൂന്നിന് കലാപം തുടങ്ങിയതിന് ശേഷം പൊലീസ് സ്‌റ്റേഷനിലും ആയുധപ്പുരകളിലും അതിക്രമിച്ച് കയറി ജനക്കൂട്ടം ഇതുവരെ 4000 ആയുധങ്ങളും 50,000 വെടിയുണ്ടകളും കൊള്ളയടിച്ചു. എന്നാല്‍ ഇതുവരെ 1000 ആയുധങ്ങള്‍ മാത്രമാണ് അധികൃതര്‍ക്ക് തിരിച്ചെടുക്കാനായത്.

Content Highlights: We will be attacked at any moment; Kuki womens holding jawan’s leg and crying

We use cookies to give you the best possible experience. Learn more