തിരുവനന്തപുരം: ഗുജറാത്തില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അപകീര്‍ത്തി കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി തള്ളിയതിന് പിന്നാലെയായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം. ഏത് വിധിന്യായത്തിനും അയോഗ്യതക്കും തകര്‍ക്കാന്‍ കഴിയാത്ത മനസുള്ള നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.
‘വിധിയില്‍ ഞങ്ങള്‍ക്ക് അതിശയമൊന്നുമില്ല, പ്രതീക്ഷിച്ചത് തന്നെയാണ്. ഗുജറാത്തില്‍ നിന്നും വര്‍ത്തമാന കാലത്തില്‍ നീതി ലഭിക്കുമെന്ന് പറയുന്നത് നമുക്ക് ആര്‍ക്കും വിചാരിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് അറിയാം. പക്ഷെ വിധിയൊക്കെ എഴുതുന്ന ആളുകളും കളമൊരുക്കുന്നവരും എല്ലാം മനസിലാക്കിയാല്‍ നന്ന്. ഏത് വിധിന്യായത്തിനും അയോഗ്യതക്കും തകര്‍ക്കാന്‍ കഴിയാത്ത മനസുള്ള നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് അഭിമാനത്തോടെ ഞങ്ങള്‍ പറയും. ഇനി ഒരു വഴി കൂടിയുണ്ട് ഞങ്ങളുടെ മുന്നില്‍, സുപ്രീം കോടതി. ആ വഴി കൂടി കോണ്‍ഗ്രസ് പാര്‍ട്ടി തേടും,’ കെ.സി വേണുഗോപാല്‍ പറഞ്ഞു.
അപകീര്‍ത്തി കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജിയാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. ഇതോടെ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ അയോഗ്യത തുടരും. താന്‍ കുറ്റക്കാരനല്ലെന്ന രാഹുലിന്റെ വാദവും ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. വിധി സ്റ്റേ ചെയ്യാന്‍ മതിയായ കാരണങ്ങളില്ല. പത്തിലധികം കേസുകള്‍ രാഹുലിനെതിരെ ഉണ്ട്. സൂറത്ത് വിചാരണ കോടതിയുടെ ഉത്തരവ് ഉചിതമാണെന്നും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
അതേസമയം വിധി വന്നതിന് പിന്നാലെ എ.ഐ.സി.സി ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയുമായെത്തി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത്.
Content Highcourt: We will approach supreme court against the verdict : KC Venugopal