| Tuesday, 29th September 2020, 10:43 am

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനൊപ്പം ഞങ്ങളെല്ലായ്‌പ്പോഴും ഉണ്ടാകും; ജാതി-വര്‍ഗീയ ശക്തികള്‍ക്കെതിരെ പി.ഡി.എ നിലകൊള്ളും; ജനകീയ സഖ്യത്തില്‍ ചന്ദ്രശേഖര്‍ ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാറില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. എന്‍.ഡി.എയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മഹാസഖ്യം ഉള്‍പ്പെടെ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി (ജെ.എ.പി), ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സസിന് രൂപം നല്‍കിയത്.

ബീഹാറിലെ ജനങ്ങള്‍ക്ക് പുതിയൊരു ബദല്‍ നല്‍കുന്നതിനായി ജാതി-വര്‍ഗീയ ശക്തികള്‍ക്കെതിരെ പി.ഡി.എ പോരാടുമെന്ന് ചന്ദ്രശേഖര്‍ ആസാദ് സഖ്യം രൂപീകരിച്ചതിന് പിന്നാലെ പറഞ്ഞു. പൊതു മിനിമം പ്രോഗ്രാം പി.ഡി.എ പുറത്തിറക്കുമെന്നും 243 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പേര് ഉടന്‍തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”നീതിക്ക് വേണ്ടിയുള്ള പോരാട്ടം എവിടെയാണോ നടക്കുന്നത് കൂടെ ഞങ്ങളെപ്പോഴും ഉണ്ടാകും,” അദ്ദേഹം പറഞ്ഞു.

ബീഹാറിലെ ദളിത് ആധിപത്യമുള്ള പ്രദേശങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടാണ് ചന്ദ്രശേഖര്‍ ആഗസ്റ്റില്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. വടക്കന്‍ ബീഹാറിലെ പ്രളയ ബാധിത പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ വീടുകളും വിളകളും തകര്‍ന്ന പാവപ്പെട്ട ജനങ്ങളെ ജെ.ഡി.യുവും സര്‍ക്കാറും അവഗണിച്ചെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ), ബഹുജന്‍ മുക്തി പാര്‍ട്ടി (ബി.എം.പി) എന്നീ പാര്‍ട്ടികളും ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകും. കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമാകുമെന്നും പട്‌നയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പപ്പു യാദവ് പറഞ്ഞിരുന്നു.

ബീഹാറിനെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും തങ്ങള്‍ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനേയും എന്‍.ഡി.എയുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത ചിരാഗ് പാസ്വാനെയും ആര്‍.എല്‍.എസ്.പി നേതാവ് ഉപേന്ദ്ര കുശ്വാഹ എന്നിവരെയും ജനകീയ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.

ബീഹാറില്‍ രണ്ട് സഖ്യങ്ങളുണ്ട്, ഒന്ന് ജാതീയവും മറ്റൊന്ന് സാമുദായികവുമാണ്. തങ്ങളുടെ സഖ്യം മനുഷ്യത്വപരമാണെന്നും ഈ സഖ്യം രാഷ്ട്രീയത്തെക്കുറിച്ചല്ല സോഷ്യലിസത്തെക്കുറിച്ചാണെന്നും പപ്പു യാദവ് സഖ്യം പ്രഖ്യാപിക്കുമ്പോള്‍ പറഞ്ഞിരുന്നു.

അതേസമയം, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തില്‍ ഇടത് പാര്‍ട്ടികളേയും ഉള്‍പ്പെടുത്തണമെന്ന് ആര്‍.ജെ.ഡിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സി.പി.ഐ, സി.പി.ഐ.എം, സി.പി.ഐ.എം.എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. മഹാസഖ്യത്തില്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ച ഇനിയും അന്തിമമായിട്ടില്ല. അതിനിടെയാണ് പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 2015 ലെ തെരഞ്ഞൈടുപ്പില്‍ ജെ.ഡി.യു കൂടി പങ്കാളിയായ മഹാസഖ്യത്തില്‍ 41 സീറ്റില്‍ മത്സരിച്ച് 27 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചിരുന്നത്.

അതേസമയം തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

നേരത്തെ മുന്നണിയില്‍ നിന്ന് ആര്‍.എല്‍.എസ്.പി പുറത്തുപോയിരുന്നു. 243 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 10 നാണ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT Highlights:  We will always be with the fight for justice; PDA will stand against caste and communal forces; Chandrasekhar Azad

We use cookies to give you the best possible experience. Learn more