|

കോഹ്‌ലി- കുംബ്ലെ കെമിസ്ട്രി വര്‍ക്കായില്ല; പരിശീലകസ്ഥാനത്ത് ഒഴിയണമെന്നത് കുംബ്ലെയുടെ തീരുമാനമെന്നും ലക്ഷ്മണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: മുന്‍ താരം അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് തുടരണമെന്നായിരുന്നു താനടക്കമുള്ള ഉപദേശകസമിതിയുടെ താല്‍പ്പര്യമെന്ന് വി.വി.എസ് ലക്ഷ്മണ്‍. എന്നാല്‍ കുംബ്ലെയ്ക്ക് പരിശീലകസ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. സച്ചിനും ഗാംഗുലിയും ലക്ഷ്മണുമായിരുന്നു ഉപദേശകസമിതിയിലെ അംഗങ്ങള്‍.

കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് കുംബ്ലെ പരിശലകസ്ഥാനത്ത് നിന്ന് ഒഴിയുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള അസ്വാരസ്യങ്ങളും കുംബ്ലെയുടെ പിന്‍മാറ്റത്തിന് കാരണമായി. അതേസമയം കോഹ്‌ലി മോശമായി പെരുമാറിയതായി താന്‍ കരുതുന്നില്ലെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

ALSO READ: എന്‍.ബി.എ.ടീമുകള്‍ ഇന്ത്യയിലേക്ക്; ആവേശത്തോടെ ആരാധകര്‍

“കോഹ്‌ലി പരിധി വിട്ടോ എന്നെനിക്ക് തോന്നുന്നില്ല. ഉപദേശകസമിതിയ്ക്ക് കോഹ്‌ലി തുടരുന്നതായിരുന്നു താല്‍പ്പര്യം. എന്നാല്‍ അനില്‍ പറഞ്ഞത് പരിശീലകസ്ഥാനത്ത് ഒഴിയുന്ന താണ് നല്ലതെന്നും അതാണ് തന്റെ തീരുമാനമെന്നുമായിരുന്നു.”

2016 ലാണ് ഉപദേശക സമിതി കുംബ്ലെയുടെ പേര് പരിശീലകസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. എന്നാല്‍ വിരാടും കുംബ്ലെയും തമ്മില്‍ നല്ല ചേര്‍ച്ചയിലായിരുന്നില്ല. ഉപദേശക സമിതി എന്ന നിലയില്‍ ടീമിന്റെ ഏറ്റവും മികച്ച ഭാവിക്കായാണ് പ്രവര്‍ത്തിച്ചതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

” പക്ഷെ നിര്‍ഭാഗ്യവശാല്‍ കോഹ്‌ലി- കുംബ്ലെ കെമിസ്ട്രി വര്‍ക്കായില്ല.” ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: