ന്യൂദല്‍ഹി: രാജ്യത്ത് താജ്മഹലിനെച്ചൊല്ലി ബി.ജെ.പി നേതാക്കള്‍ രംഗത്ത് വരുമ്പോള്‍ താജ്മഹല്‍ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പകരം മുസ്‌ലിം ഭരണത്തിനു കീഴില്‍ തകര്‍ക്കപ്പെട്ട മൂന്ന് ക്ഷേത്രങ്ങള്‍ തിരികെ വേണമെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
താജ്മഹലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിനിടെയാണ് തങ്ങള്‍ക്ക് മുസ്‌ലിം ഭരണത്തിനു കീഴില്‍ തകര്‍ക്കപ്പെട്ട മൂന്ന് ക്ഷേത്രങ്ങള്‍ തിരികെ വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. താജ്മഹല്‍ നിര്‍മ്മിച്ചത് ജയ്പൂര്‍ രാജാവിന്റെ ഭൂമി തട്ടിയെടുത്താണെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നതായി രേഖകളിലുണ്ടെന്നും പറഞ്ഞ സുബ്രഹ്മണ്യന്‍ സ്വാമി എന്നാല്‍ താജ്മഹല്‍ തകര്‍ക്കാന്‍ ഉദ്ദേശമില്ലെന്ന് പറയുകയായിരുന്നു.
“താജ്മഹല്‍ തകര്‍ക്കാന്‍ ബി.ജെ.പിക്ക് ഉദ്ദേശമില്ല എന്നാല്‍, മുസ്‌ലിം ഭരണത്തിനുകീഴില്‍ തകര്‍ക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ മൂന്നെണ്ണം തിരികെവേണം” സുബ്രഹ്മണ്യന്‍സ്വാമി പറഞ്ഞു. “അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്ണക്ഷേത്രം, വാരണാസിയിലെ കാശിവിശ്വനാഥക്ഷേത്രം എന്നിവയാണത്. ഈ മൂന്നുക്ഷേത്രങ്ങള്‍ പുനഃസൃഷ്ടിച്ചാല്‍ മറ്റ് ക്ഷേത്രങ്ങളെക്കുറിച്ച് പിന്നീട് തങ്ങള്‍ ആകുലപ്പെടില്ല” സുബ്രഹ്മണ്യന്‍സ്വാമി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി നേതാക്കള്‍ താജ്മഹലിനെതിരെ നിരന്തരം പരാമര്‍ശം നടത്തുന്നത് ഗുഢലക്ഷ്യത്തോടെയാണെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് താജ്മഹല്‍ തങ്ങള്‍ പൊളിക്കില്ലെന്നും വേറെ മൂന്ന് ക്ഷേത്രങ്ങളാണ് തിരികെ വേണ്ടതെന്നുമുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം.
Also Read: താജ്മഹലിന് ബാബരി മസ്ജിദിന്റെ ഗതിവരും: അസംഖാന്‍
നേരത്തെ താജ്മഹല്‍ നിര്‍മ്മിച്ചിരിക്കുന്ന സ്ഥലം ജയ്പൂര്‍ രാജാവിന്റേതായിരുന്നെന്നും. മുഗള്‍ ഭരണാധികാരിയായ ഷാജഹാന്‍ ഇത് തട്ടിയെടുക്കുകയാണുണ്ടായതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. താജ്മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹികളാണെന്ന ബി.ജെ.പി എംഎല്‍എ സംഗീത് സോമിന്റെ പ്രസ്താവനോടെയായിരുന്നു ഈ ചരിത്രസ്മാരകം വീണ്ടും വിവാദത്തില്‍പ്പെട്ടത്.
സംഗീത് സോമിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കഴിഞ്ഞദിവസം താജ്മഹല്‍ തേജോമഹാലയയെന്ന ശിവക്ഷേത്രമാണെന്ന വാദവുമായി ബി.ജെ.പി നേതാവ് വിനയ് കത്യാറും രംഗത്തെത്തിയിരുന്നു. താജ്മഹല്‍ നിര്‍മിക്കാനായി ഷാജഹാന്‍ ക്ഷേത്രം തകര്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞ വിനയ് കത്യാര്‍ താന്‍ താജ്മഹല്‍ തകര്‍ക്കണമെന്ന് ആവശ്യപ്പെടുകയല്ലെന്നും പറഞ്ഞിരുന്നു.