ന്യൂയോര്‍ക്ക്: തന്റെ രാജ്യം എപ്പോഴും സമാധാനം ആഗ്രഹിക്കുന്നതായും എന്നാല്‍ തങ്ങളുടെ ഉന്മൂലനം ആഗ്രഹിക്കുന്ന ശത്രുക്കളോട് നിര്‍ദയമായി പോരാടുമെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ന്യൂയോര്‍ക്കിലെ യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം.
ഈ വര്‍ഷം യു.എന്‍ ജനറല്‍ അസംബ്ലിയിലേക്ക് വരാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ നെതന്യാഹു വേദിയിലിരിക്കുന്ന പല പ്രഭാഷകരും തന്റെ രാജ്യത്തിനെതിരെ ഉന്നയിച്ച തെറ്റായ ആരോപണങ്ങള്‍ കേട്ടതോടെ അതൊക്കെ തിരുത്താന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്.
ഹമാസ് കീഴടങ്ങിയില്ലെങ്കില്‍ സമ്പൂര്‍ണ വിജയം നേടുന്നത് വരെ പോരാട്ടം തുടരുമെന്ന് പറഞ്ഞ നെതന്യാഹു മധ്യകിഴക്കന്‍ രാജ്യങ്ങളില്‍ സംഘര്‍ഷം ഉയരുന്നതില്‍ ആശങ്കയും പ്രകടിപ്പിച്ചു. എന്നാല്‍ ഇറാന്റെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള തങ്ങളുടെ പ്രദേശത്ത് ദിവസേന ആക്രമണങ്ങള്‍ നടത്തുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ഇസ്രഈലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് വീണ്ടും ആവര്‍ത്തിച്ചു.
‘എന്റെ രാജ്യം യുദ്ധത്തിലാണ്, ഞങ്ങള്‍ ജീവനുവേണ്ടി പോരാടുകയാണ്. കൊലപാതകികള്‍ക്കെതിരെ നാം സ്വയം പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അവര്‍ നമ്മളെ നശിപ്പിക്കുക മാത്രമല്ല സ്വേച്ഛാധിപത്യത്തിന്റെയും ഭീകരതയുടെയും ഇരുണ്ട യുഗത്തിലേക്ക് നമ്മളെ തിരികെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.
ഹിസ്ബുള്ള ഉയര്‍ത്തുന്ന ഭീഷണി കാരണം വടക്കന്‍ ഇസ്രഈലിലെ 60,000 പേര്‍ക്കാണ് വീടുവിട്ട് പലായനം ചെയ്യേണ്ടി വന്നത്. ഇത് എത്രകാലം ഇങ്ങനെ മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കും. അതിനാല്‍ ഞങ്ങളുടെ പൗരന്മാര്‍ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരിച്ചുപോകുന്നത് വരെ ഞങ്ങള്‍ക്ക് വിശ്രമമില്ല. കൂടാതെ ഹിസ്ബുള്ള ലെബനനിലെ ഓരോ അടുക്കളയും ഗാരേജുകളും ആയുധ സംഭരണ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്.
ഹിസ്ബുള്ള ആക്രമണത്തിന്റെ വഴി പിന്തുടരുന്ന കാലത്തോളം ഇസ്രഈല്‍ പ്രതിരോധ സേന അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു തന്റെ പ്രസംഗത്തിനിടെ പ്രതിജ്ഞയെടുത്തു. കൂടാതെ ഇറാന്‍ നേരിട്ടുള്ള ആക്രമണം നടത്തിയാല്‍ ഇസ്രഈല്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ നെതന്യാഹു സംസാരിക്കാന്‍ പോഡിയത്തിനടുത്തെത്തിയപ്പോള്‍ ഒരു വിഭാഗം യു.എന്‍ പ്രതിനിധികള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: We want peace; But if attacked, will retaliate says Netanyahu