കോച്ചിനെ മാറ്റണം, പഴയ ചെൽസി കോച്ച് വരണം; ആൻസലോട്ടിക്കെതിരെ പ്രതിഷേധവുമായി റയൽ മാഡ്രിഡ്‌ ആരാധകർ
football news
കോച്ചിനെ മാറ്റണം, പഴയ ചെൽസി കോച്ച് വരണം; ആൻസലോട്ടിക്കെതിരെ പ്രതിഷേധവുമായി റയൽ മാഡ്രിഡ്‌ ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th January 2023, 10:23 am

സൗദി അറേബ്യയിലെ കിങ്ങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെട്ട സൂപ്പർ കോപ്പാ ഡെ എസ്പാന കപ്പിന്റെ ഫൈനലിൽ ബാഴ്സലോണ വിജയിച്ചിരുന്നു.

എൽ ക്ലാസിക്കോ മത്സരമായ ഫൈനലിൽ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്സക്കായി ഗവി, ലെവൻഡോസ്കി, പെഡ്രി എന്നിവരാണ് ഗോളുകൾ സ്വന്തമാക്കിയത്. റയലിന്റെ ആശ്വാസ ഗോൾ മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധിക സമയത്ത് കരീം ബെൻസേമ നേടി.

മത്സരത്തിൽ ഇരു ടീമുകളും ഏകദേശം ഒരേ രീതിയിൽ തന്നെയുള്ള മത്സരമാണ് കാഴ്ച വെച്ചതെങ്കിലും ബാഴ്സയെപ്പോലെ കിട്ടിയ അവസരങ്ങൾ ഗോളാക്കി മാറ്റാൻ റയലിനായില്ല.

ഈ കിരീട നേട്ടത്തോടെ മെസിയുടെ ക്ലബ്ബ് വിടലിനും സാവിയുടെ പരിശീലക സ്ഥാനത്തേക്കുള്ള കടന്ന് വരവിനും ശേഷം ആദ്യ ടൈറ്റിൽ നേട്ടത്തിലേക്ക് ബാഴ്സയെത്തി.

എന്നാൽ മത്സരത്തിൽ റയലിനേറ്റ തോൽവിക്ക് പിന്നാലെ പരിശീലകൻ ആൻസലോട്ടിയെ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റണം എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് റയൽ ആരാധകർ.

ആൻസലോട്ടിക്ക് പകരക്കാരനായി ചെൽസിയുടെ മുൻ പരിശീലകൻ തോമസ് ടുഷേലിനെ കൊണ്ട് വരണമെന്നും ഒരു വിഭാഗം റയൽ മാഡ്രിഡ് ആരാധകർ ആവശ്യപ്പെടുന്നു.

ചെൽസി ഗ്രഹാം പോട്ടറെ പരിശീലക സ്ഥാനത്തേക്ക് കൊണ്ട് വന്നപ്പോൾ ഒഴിവാക്കിയ പരിശീലകനായിരുന്നു തോമസ് ടുഷേൽ.

റയലിനെ തോൽപ്പിക്കാൻ സാധിച്ചതോടെ ബാഴ്സലോണക്കും സാവിക്കും താൽക്കാലികമായ ആശ്വാസത്തിന് വക ലഭിച്ചിരിക്കുകയാണ്. ലാ ലിഗയിൽ മികച്ച പ്രകടനം തുടരാൻ സാധിച്ചെങ്കിലും ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ്‌ ഘട്ടത്തിൽ നിന്നും ബാഴ്സക്ക് പുറത്ത് പോകേണ്ടി വന്നിരുന്നു. ഇതോടെ സാവിക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ബാഴ്സ ആരാധകർ ഉയർത്തിയത്.

നിലവിൽ ലാ ലിഗയിൽ 16 മത്സരങ്ങളിൽ നിന്നും 38 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്‌. അത്ര തന്നെ മത്സരങ്ങളിൽ നിന്നും 41 പോയിന്റുമായി ബാഴ്സയാണ് ലീഗിൽ നിലവിൽ ഒന്നാമത്.

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ബാഴ്സലോണക്ക് ഇനി യൂറോപ്പ ലീഗിലേക്ക് യോഗ്യത ലഭിക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡുമായി ക്വാളിഫയർ മത്സരം കളിക്കണം. മത്സരത്തിൽ വിജയിച്ചാൽ ബാഴ്സലോണക്ക് യൂറോപ്പ ലീഗിൽ കളിക്കാൻ സാധിച്ചേക്കും.

 

Content Highlights:we want new coach the old Chelsea coach needs to come in; Real Madrid fans protest against Ancelotti