ഒരു നീണ്ട ഇടവേളക്ക് ശേഷം ലീഗ് വണ്ണിൽ പി.എസ്.ജിക്കായി മത്സരിക്കാനെത്തിയ മെസി ഏഞ്ചേഴ്സിനെതിരായ മത്സരത്തിൽ ഗോൾ നേടിയിരുന്നു. മെസിയുടെ ഗോൾ നേട്ടത്തിന്റെ മികവിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പി.എസ്.ജി ഏഞ്ചേഴ്സിനെ തകർത്തു വിട്ടിരുന്നു.
എന്നാൽ വിജയിച്ച മത്സരങ്ങളിൽ താരങ്ങൾ അണിഞ്ഞ ജേഴ്സി വിൽക്കാൻ പി.എസ്.ജിയെടുത്ത തീരുമാനത്തിന് പിന്നാലെ വിൽക്കാൻ വെച്ച മെസിയുടെ ജേഴ്സി വാങ്ങാൻ വലിയ കൂട്ടയിടിയാണ് ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.
പി.എസ്.ജിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വിൽപനക്ക് വെച്ച മെസിയുടെ പി.എസ്.ജി ജേഴ്സിക്ക് ഏകദേശം 29,609 യൂറോമൂല്യമാണ് ക്ലബ്ബ് ഇട്ടിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ നവംബർ മുതലാണ് മത്സരം വിജയിച്ച് കഴിഞ്ഞാൽ താരങ്ങൾ ധരിക്കാറുള്ള ജേഴ്സി വിൽപനക്ക് വെക്കാൻ പി.എസ്.ജി തീരുമാനിച്ചത്.
കൂടാതെ ഇതിലൂടെ ലഭിക്കുന്ന വരുമാനം ക്ലബ്ബിന്റെ വികസന പ്രവർത്തികൾക്ക് ഉപയോഗിക്കാനും ക്ലബ്ബ് തീരുമാനിച്ചിരുന്നു.
മെസി പി.എസ്.ജിയിൽ ധരിക്കുന്ന നമ്പർ 30 ജേഴ്സിക്ക് ചൈന, സ്പെയിൻ, ബ്രിട്ടൻ, അമേരിക്ക, ജപ്പാൻ, ഇറ്റലി മുതലായ രാജ്യങ്ങളിൽ നിന്നും ആവശ്യക്കാർ എത്തി എന്നാണ് ക്ലബ്ബ് പുറത്ത് വിടുന്ന വിവരങ്ങൾ.
എന്നാൽ നെയ്മർ, എംബാപ്പെ എന്നിവർ ധരിച്ചിരുന്ന ജേഴ്സികൾക്ക് ഇത്രയേറെ ആവശ്യക്കാരില്ലെന്നും ക്ലബ്ബുമായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
അതിനാൽ തന്നെ മെസിയുടെ ജേഴ്സിയേക്കാൾ കുറഞ്ഞ വിലക്കാണ് നെയ്മറുടെയും എംബാപ്പെയുടെയും ജേഴ്സികൾ പി.എസ്.ജി വില്പനക്ക് വെച്ചത്.
എംബാപ്പെയുടെ ജേഴ്സിക്ക് 14,083 യൂറോയും നെയ്മറുടെ ജേഴ്സിക്ക് 10,086 യൂറോയുമാണ് പി.എസ്.ജി ഇട്ടിരിക്കുന്ന മൂല്യം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കൂടാതെ ജനുവരി 16 തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 1:15 ന് ഫ്രഞ്ച് ക്ലബ്ബ് റെന്നിസുമായാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
മത്സരത്തിൽ മെസി, നെയ്മർ എന്നീ താരങ്ങൾ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും എംബാപ്പെയുടെ കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Content Highlights: We want Messi’s jersey; psg Fans highly demanded messi jersy through psg website