| Tuesday, 30th August 2022, 3:44 pm

'ഞങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം'; ലൈഗറിന്റെ പരാജയത്തില്‍ സംവിധായകന്‍ പുരി ജഗന്നാഥിനെ കാണാനൊരുങ്ങി വിതരണക്കാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ദേവരകൊണ്ട പ്രധാന വേഷത്തിലെത്തിയ ലൈഗര്‍ വലിയ നിരാശയാണ് തിയേറ്ററുകളില്‍ നല്‍കിയത്. 50 കോടി നഷ്ട്ടമെങ്കിലും സിനിമ ഉണ്ടാക്കും എന്നാണ് ബോക്സ് ഓഫീസ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയിലൊട്ടാകെ 3000ത്തോളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരുന്നത്.

കരണ്‍ ജോഹറിനോടൊപ്പം സിനിമയുടെ സംവിധായകന്‍ പുരി ജഗന്‍ന്നാഥും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയമായതോടെ സിനിമയുടെ മോശം പ്രകടനം കൊണ്ടുണ്ടായ നഷ്ട്ടം തിരിച്ച് തരണം എന്ന ആവശ്യവുമായി സംവിധായകന്‍ പുരി ജഗന്നാഥിനെ കാണാനൊരുങ്ങുകയാണിപ്പോള്‍ സിനിമയുടെ വിതരണക്കാര്‍. തെലുങ്ക് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ തെലുങ്ക് 360 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘റിലീസിന് മുന്‍പ് തിയേറ്റര്‍ ഡീലുകളും മറ്റും കൈകാര്യം ചെയ്തത് വഴി നിര്‍മാതാക്കള്‍ ലാഭം നേടിയിരുന്നു. വിസാഗ് ഭാഗത്ത് സിനിമ വിതരണം ചെയ്ത ദില്‍ രാജു 4 കോടിയോളം രൂപയാണ് നഷ്ട്ടം നേരിട്ടത്. ദില്‍ രാജുവും എന്‍.വി. പ്രസാദും പുരി ജഗന്നാഥിനെ കണ്ട് സാഹചര്യം വ്യക്തമാക്കിയിരുന്നു’, റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനിമയുടെ മുഴുവന്‍ വിതരണക്കാരും നഷ്ടപരിഹാരത്തിനായി പുരി ജഗന്നാഥിനെ കാണാനൊരുങ്ങുകയാണിപ്പോള്‍. ഫൈനാന്‍സിയേഴ്‌സ് ആയ ചാലവട ശ്രീനിവാസ് റാവുവും ഷോഭനും ചേര്‍ന്ന് ചിത്രത്തിന്റെ ആന്ധ്രയിലെ അവകാശങ്ങള്‍ വാങ്ങിയപ്പോള്‍ നിസാം ഭാഗത്തുള്ള അവകാശങ്ങള്‍ വാറങ്കല്‍ ശ്രീനു നേടിയിരുന്നു.

വിതരണകാര്‍ക്കെല്ലാം നഷ്ട്ടപരിഹാരം നല്‍കുമെന്നും ഇതിനായി അടുത്ത ആഴ്ച മീറ്റിംഗ് ഉണ്ടാകുമെന്നും ഞങ്ങള്‍ക്ക് കിട്ടിയ ലാഭത്തില്‍ നിന്നും നിങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും. പുരി ജഗന്നാഥ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.

കരണ്‍ ജോഹര്‍ സിനിമയുടെ പ്രൊഡ്യൂസര്‍ ആയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ബോയ്‌കോട്ട് ക്യാമ്പെയിന്‍ നടന്നിരുന്നു. സിനിമയുടെ കളക്ഷന്‍ കുറയുന്നത് ഭയാനകമായ കാര്യമാണെന്നാണ് സിനിമയുടെ സഹ നിര്‍മാതാവ് ചാര്‍മി കൗര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്തത്. വിജയ് ദേവരകൊണ്ട അഭിനയിക്കുന്ന ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അനന്യ പാണ്ഡയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ നിന്ന് ലീക്കായ ഇമോഷണല്‍ രംഗത്തെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡയും നേരിട്ടിരുന്നു. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlight: ‘We want compensation’; Distributors to meet director Puri Jagannath over the failure of movie liger

We use cookies to give you the best possible experience. Learn more