Malayalam Cinema
മേക്കപ്പ് കുറയ്ക്കാന്‍ പല തവണ മീനയോട് പറഞ്ഞതാണ്, പക്ഷേ അവര്‍ക്ക് കണ്‍വിന്‍സിങ്ങ് ആവുന്നില്ല; ദൃശ്യം 2 വിലെ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 22, 05:27 pm
Monday, 22nd February 2021, 10:57 pm

കൊച്ചി: ദൃശ്യം 2 റിലീസ് ചെയ്തതോടെ നിരവധി പേരാണ് ചിത്രത്തിനെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ചിത്രത്തിനെ പുകഴ്ത്തിയും വിമര്‍ശിച്ചും ആളുകള്‍ എത്തിയിരുന്നു.

ചിത്രത്തിലെ നായികയായ മീനയുടെ മേക്കപ്പിനെയും വസ്ത്രങ്ങളെയും വിമര്‍ശിച്ച് ചിലര്‍ എത്തിയിരുന്നു. ടെന്‍ഷന്‍ അടിച്ച് ജീവിക്കുന്ന ഒരു സാധാരണക്കാരിയായ റാണി എന്ന കഥാപാത്രം ഇത്രയും മേക്കപ്പും ചുളിവില്ലാത്ത ഇത്തരം ഡ്രസുകളും എല്ലാഴ്പ്പോഴും ധരിക്കുമോ എന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനങ്ങള്‍.

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. വിമര്‍ശനങ്ങളെ നൂറ് ശതമാനം അംഗീകരിക്കുന്നെന്നും പറഞ്ഞതില്‍ കാര്യമുണ്ടെന്നുമാണ് ജീത്തു പറയുന്നത്.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജീത്തു ജോസഫിന്റെ പ്രതികരണം. ‘സിനിമയുടെ നെഗറ്റീവ് സൈഡ് ആളുകള്‍ സംസാരിക്കുന്നുണ്ട്, അതില്‍ ഒന്നാണ് നായിക കഥാപാത്രം, മീന ചെയ്ത കഥാപാത്രത്തിന്റെ അറ്റയറും മേക്കപ്പും. ഒരു നോര്‍മല്‍ മലയാളി വീട്ടമ്മ വീട്ടില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെ ആണോ എന്നുള്ളത്.എന്താണ് അതിനെപ്പറ്റി പറയാനുള്ളത്?’ എന്ന ചോദ്യത്തിനായിരുന്നു ജീത്തുവിന്റെ മറുപടി.

‘പറഞ്ഞതിനകത്ത് കാര്യമുണ്ട്.ഞാന്‍ നൂറ് ശതമാനം അത് അംഗീകരിക്കുന്നു. കാരണം, മീന ഒരുപാട് മലയാളം സിനിമ ചെയ്തതാണ്, പക്ഷേ മീനക്ക് നാട്ടിന്‍പുറത്തെ ഇത് പറഞ്ഞിട്ട് കണ്‍വിന്‍സിങ്ങ് ആകുന്നില്ല, അല്ലെങ്കില്‍ അത് മനസ്സിലാകുന്നില്ല.” ജീത്തു പറഞ്ഞു.

ഞങ്ങള്‍ പല തവണ മീനയോട് പറഞ്ഞതാണ്, ചില കാര്യങ്ങളില്‍ കുറയ്ക്കണം അത് ഇങ്ങനെ ആണ് എന്ന്. ഞാനത് പറയുമ്പോ പുള്ളിക്കാരി അപ്‌സെറ്റ് ആകാന്‍ തുടങ്ങി. എനിക്ക് പുള്ളിക്കാരിയില്‍ നിന്ന് നല്ല റീയാക്ഷന്‍ ആണ് വേണ്ടത്. ഞാന്‍ ഇപ്പോഴും എന്റെ സിനിമയിലെ ആര്‍ട്ടിസ്റ്റ് അപ്‌സെറ്റ് ആകാതെ നോക്കും. പുള്ളിക്കാരിക്ക് അത് മനസ്സിലാകുന്നില്ല. എന്റെ സിനിമയില്‍ വരുന്ന ആര്‍ട്ടിസ്റ്റ കംഫര്‍ട്ടഫിള്‍ ആയിരിക്കണം അത് കൊണ്ട് ഞാനത്…അള്‍ട്ടിമേറ്റിലി എനിക്ക് വേണ്ടത് പെര്‍ഫോമന്‍സ് ആണ്, അത് കൊണ്ട് ഞാന്‍ ചിലത് വിട്ട് കൊടുക്കും.’എന്നും ജീത്തു പറഞ്ഞു.

ഫെബ്രുവരി 18ന് രാത്രിയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു.

മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: We told Meena many times, but they were not convincing; Jeethu Joseph responds to Actress meena’s makeup in Drishyam 2