| Tuesday, 19th November 2019, 10:37 am

ചര്‍ച്ച പോലും നടത്താതെ എന്‍.ഡി.എയില്‍ നിന്ന് പുറത്താക്കി ബി.ജെ.പി പിന്നില്‍ നിന്ന് കുത്തി; ഹിന്ദുത്വയെ ഞങ്ങള്‍ പിന്തുണയ്ക്കുന്ന കാലത്ത് നിങ്ങള്‍ ജനിച്ചിട്ടില്ല; ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ചര്‍ച്ചയൊന്നുമില്ലാതെ എന്‍.ഡി.എയില്‍ നിന്ന് ശിവസേനയെ പുറത്താക്കിയിരിക്കുകയാണെന്നും ഹിന്ദുത്വത്തെക്കുറിച്ച് ആരും സംസാരിക്കാത്ത ഒരു സമയത്താണ് ബാലസാഹേബ് താക്കറെ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് എന്‍.ഡി.എ രൂപീകരിച്ചതെന്നും ശിവസേന എഡിറ്റോറിയലില്‍ പറഞ്ഞു.

”ആരും തൊടാന്‍ മടിക്കുന്ന ഒരു സമയത്ത്…നിങ്ങളില്‍ പലരും ജനിച്ചിട്ടില്ലാത്ത സമയത്ത് ഹിന്ദുത്വത്തെ പിന്തുണച്ചവരാണ് ശിവസേന” എന്നായിരുന്നു സാമ്‌ന മുഖപ്രസംഗത്തില്‍ ശിവസേന കുറിച്ചത്.

രാഷ്ട്രീയത്തില്‍ ഹിന്ദുത്വത്തെയും ദേശീയതയെയും കുറിച്ച് ആരും സംസാരിക്കാത്ത സമയത്താണ് ബാലസാഹേബും മറ്റുള്ളവരും എന്‍.ഡി.എ രൂപീകരിച്ചത്. ഇന്ന് എന്‍.ഡി.എ നടത്തുന്ന ആളുകളൊന്നും അന്ന് ഉണ്ടായിരുന്നില്ല.

ശിവസേനയെ എന്‍.ഡി.എയില്‍ നിന്ന് നീക്കം ചെയ്തത് സ്വേച്ഛാധിപത്യ നടപടിയാണെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അഹംഭാവികളായ ചില ആളുകളുടെ നിലനില്‍പ്പ് അവസാനിപ്പിക്കുമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.

മറ്റാരും തയ്യാറാകാത്തപ്പോള്‍ കൂടെ നിന്ന ആളുകളെ നിങ്ങള്‍ വഞ്ചിച്ചു. മഹാരാഷ്ട്രയെ പിന്നില്‍ നിന്ന് കുത്തിയിരിക്കുന്നു. എന്‍.ഡി.എയില്‍ നിന്ന് പുറത്താക്കുന്നതിന് മുന്‍പ് ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും തങ്ങള്‍ക്ക് നല്‍കിയില്ലെന്നും ശിവസേന പറഞ്ഞു.

ഞങ്ങള്‍ എന്‍.ഡി.എയ്ക്ക് വിരുദ്ധമായി പോയി എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അത് നിങ്ങള്‍ക്ക് എന്‍.ഡി.എ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ ധൈര്യമില്ലാത്തത്? മെഹബൂബ മുഫ്തിക്കൊപ്പവും നിതീഷ് കുമാറിനൊപ്പവും സഖ്യമുണ്ടാക്കുന്നതിന് മുന്‍പ് ബി.ജെ.പി
എന്‍.ഡി.എയുടെ അനുമതി തേടിയിരുന്നോ?

ബാലാസാഹേബ് താക്കറെയുടെ ചരമവാര്‍ഷിക ദിനത്തില്‍ സേനയെ എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് നീക്കം ചെയ്യുന്നത് അപമാനകരമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാലസഹേബ് താക്കറെയുടെ മരണ വാര്‍ഷികത്തില്‍ തന്നെ എന്‍.ഡി.എയില്‍ നിന്ന് ശിവസേനയെ പുറത്താക്കിയിരിക്കുകയാണ്. ഒരു കാലത്ത് എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തിയപ്പോള്‍ അദ്ദേഹത്തെ അന്ന് പിന്തുണച്ചതും സംരക്ഷിച്ചതും ബാലസാഹേബായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണ വാര്‍ഷികത്തില്‍ തന്നെ സേനയെ എന്‍.ഡി.എയില്‍ നിന്ന് പുറത്താക്കേണ്ടിയിരുന്നോ?- സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ ശിവസേന ചോദിക്കുന്നു.

താക്കറെയുടെ മരണ വാര്‍ഷികമായ ഞായറാഴ്ച ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ശിവസേന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയിരുന്നു.

താക്കറെയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫഡ്നാവിസ് ശിവാജി പാര്‍ക്കില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സംഭവം.
ഒരു കൂട്ടം ശിവസേന അനുഭാവികള്‍ മറാത്തിയിലായിരുന്നു ഫഡ്‌നാവിസിനെതിരെ മുദ്രാവാക്യം വിളിച്ചത്.

‘ആരുടെ സര്‍ക്കാര്‍? ശിവസേനയുടെ, ‘ഛത്രപതി ശിവാജി മഹാരാജ് കി ജയ്’ എന്നിങ്ങനെയുള്ള മുദ്രാവാക്യമായിരുന്നു ഉയര്‍ന്നത്.

ഇതിനൊപ്പം ‘ഞാന്‍ (മുഖ്യമന്ത്രിയായി) മടങ്ങിവരും’ എന്ന ഫഡ്നാവിസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവും ശിവസേന ഉയര്‍ത്തിയിരുന്നു. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളെ ആക്രമിക്കുക. ‘ഞങ്ങള്‍ തയ്യാറാണ് ‘ എന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.

പാര്‍ലമെന്റില്‍ നടന്ന ശീതകാല സമ്മേളനത്തിന്റെ തലേ ദിവസം നടന്ന എന്‍.ഡി.എ ഘടകങ്ങളുടെ യോഗത്തില്‍ ശിവസേന പങ്കെടുത്തിരുന്നില്ല.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശിവസേന എം.പിമാരുടെ ഇരിപ്പിട ക്രമീകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ശിവസേനയുടെ സ്ഥാനം ഇപ്പോള്‍ അഞ്ചാം നിരയില്‍ പ്രതിപക്ഷത്താണ്.

മഹാരാഷ്ട്രയില്‍ ആഴ്ചകളോളം നീണ്ട രാഷ്ട്രീയചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസിന്റെയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പിന്തുണയോടെ ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ശിവസേന.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more