റിയോ ഡി ജനീറോ; ഉക്രൈന്റെ പരമാധികാരത്തെ യു.എസ് ശക്തമായി പിന്തുണയ്ക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യക്കെതിരെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ ഉക്രൈനെ അനുവദിച്ചതായി യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ ജി20 ഉച്ചകോടിയിലായിരുന്നു ബൈഡന്റെ പ്രതികരണം.
‘ഉക്രൈന്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും അമേരിക്ക ശക്തമായി പിന്തുണയ്ക്കുന്നു. എന്റെ കാഴ്ചപ്പാടില്‍ ഈ മേശയ്ക്ക് ചുറ്റുമുള്ള എല്ലാവരും അങ്ങനെ ചെയ്യണം, റഷ്യയുടെ വിദേശകാര്യ മന്ത്രി പങ്കെടുത്ത ചര്‍ച്ചയില്‍ ബൈഡന്‍ പറഞ്ഞു.
അമേരിക്കയ്ക്ക് പുറമെ മറ്റ് ലോകരാജ്യങ്ങളോടും ഉക്രൈന്റെ പരമാധികാരത്തെ പിന്തുണയ്ക്കാന്‍ ജി 20 നേതാക്കളോടും ബൈഡന്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് പദവിയില്‍ നിന്ന് പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉക്രൈന് യു.എസ് നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍റഷ്യയില്‍ പ്രയോഗിക്കാന്‍ ജോ ബൈഡന്‍ അനുമതി നല്‍കി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഇതോടെ ഇനിയങ്ങോട്ടുള്ള യുദ്ധത്തില്‍ ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിച്ച് യുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍ ഉക്രൈന് സാധിക്കും എന്നാണ് യു.എസിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വൈറ്റ് ഹൗസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
അടുത്ത ദിവസങ്ങളില്‍ തന്നെ ഉക്രൈന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കുമെന്നാണ് സൂചന. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനുവരിയില്‍ സ്ഥാനമേറ്റെടുക്കും മുമ്പാണ് ഇത്തരം ഒരു തീരുമാനം ബൈഡന്‍ കൈക്കൊണ്ടത്.
ഉക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി വളരെ കാലമായി അതിര്‍ത്തിയില്‍ നിന്ന് ദൂരെ സ്ഥിതി ചെയ്യുന്ന റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ യു.എസ് ആയുധങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ യു.എസ് അംഗീകരിക്കുകയായിരുന്നു.
അതേസമയം റഷ്യ, യുദ്ധഭൂമിയില്‍ സ്വന്തം സൈന്യത്തോടൊപ്പം ഉത്തര കൊറിയന്‍ സൈന്യത്തെക്കൂടി വിന്യസിപ്പിച്ചതാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാന്‍ യു.എസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
Content Highlight: We strongly support Ukraine’s sovereignty; Joe Biden at the G20