| Friday, 17th February 2023, 3:02 pm

'പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം'; റെയ്ഡിന് പിന്നാലെ പ്രതികരണവുമായി ബി.ബി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭയമില്ലാതെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സ്ഥാപനമെന്ന് ബി.ബി.സി. മൂന്ന് ദിവസം നീണ്ട ആദായ നികുതി വകുപ്പിന്റെ റെയ്ഡ് അവസാനിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി ബി.ബി.സി രംഗത്തെത്തിയിരിക്കുന്നത്. വാര്‍ത്താകുറിപ്പിലൂടെയായിരുന്നു ബി.ബി.സിയുടെ പ്രതികരണം.

‘ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ദല്‍ഹി, മുംബൈ ഓഫീസുകളില്‍ നിന്നും പോയിട്ടുണ്ട്. അധികാരികളുമായി സഹകരണം തുടരും. എത്രയും പെട്ടെന്ന് വിഷയങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാനാകുമെന്നാണ് പ്രതീക്ഷ,’ ബി.ബി.സി അറിയിച്ചു.

‘ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകും. ചിലര്‍ക്ക് നീണ്ട ചോദ്യം ചെയ്യലുകള്‍ നേരിടേണ്ടി വന്നിരുന്നു. മറ്റ് പലര്‍ക്കും രാത്രികളില്‍ ഉറക്കം പോലും നിഷേധിക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ തൊഴിലാളികളുടെ ക്ഷേമമാണ് സ്ഥാപനത്തിന് പ്രധാനം. ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകര്‍ക്ക് വേണ്ടി പ്രതിജ്ഞാബദ്ധതയോടെ ബി.ബി.സി ഇനിയും പ്രവര്‍ത്തിക്കും.

ബി.ബി.സി വിശ്വസ്ഥമായ, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മീഡിയയാണ്. നിര്‍ഭയം, പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം കമ്പനിയുണ്ടാകും,’ ബി.ബി.സി കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസം നീണ്ടുനിന്ന റെയ്ഡ് ആണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. ബി.ബി.സിയുടെ ദല്‍ഹി, മുംബൈ ഓഫീസുകളിലായിരുന്നു റെയ്ഡ്. അക്കൗണ്ട്‌സ് വിഭാഗത്തിലായിരുന്നു റെയ്ഡ് നടന്നത്. 10 വര്‍ഷത്തെ കണക്കുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

100 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ബി.ബി.സിക്ക് ഇത്തരമൊരു നടപടി നേരിടേണ്ടി വന്നത്. നോട്ടീസ് നല്‍കിയിട്ടും ബി.ബി.സിയുടെ ഭാഗത്തുനിന്ന് നിഷേധാത്മക സമീപനമുണ്ടായതാണ് പരിശോധനകള്‍ക്ക് കാരണമെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.

നികുതി നല്‍കാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിനാന്‍സ് അക്കൗണ്ട്‌സ് വിഭാഗത്തിലാണ് പരിശോധനയെന്നും വാര്‍ത്ത വിഭാഗത്തിലേക്ക് പരിശോധന ഇതുവരെ കാര്യമായി എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Content Highlight: we stand by journalist who work without fear or favour says BBC after raid came to an end

We use cookies to give you the best possible experience. Learn more