ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ നീക്കം തെറ്റാണെന്ന് ആവര്‍ത്തിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. എന്നാല്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ഇന്ത്യ അപലപിച്ചു. മഹാതിറിന്റെ പരാമര്‍ശം ഖേദകരമാണെന്ന അറിയിച്ച ഇന്ത്യ മലേഷ്യയില്‍ നിന്ന് പാം ഓയില്‍ വാങ്ങുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്.
എന്നാല്‍ കശ്മീരിനെ കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മനസില്‍ തോന്നിയ കാര്യമാണ് താന്‍ പറഞ്ഞതെന്നും മലേഷ്യന്‍ പ്രധാനമന്ത്രി വിശദീകരിച്ചു.
ജമ്മു കശ്മീരില്‍ നടന്നത് ഇന്ത്യയുടെ ആക്രമണവും അധിനിവേശമാണെന്ന് കഴിഞ്ഞ മാസം ഐക്യരാഷ്ട്രയുടെ പൊതുസഭയില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.
‘ജമ്മു കശ്മീരില്‍ യു.എന്‍ പ്രമേയം ഉണ്ടായിട്ടും ഇന്ത്യ അവിടെ അധിനിവേശം നടത്തി. ഈ നടപടികള്‍ക്ക് കാരണങ്ങളുണ്ടാകാം, പക്ഷേ അത് ഇപ്പോഴും തെറ്റാണ്. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടണം’.- എന്നായിരുന്നു 74-ാമത് ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് മഹാതിര്‍ മുഹമ്മദ് പറഞ്ഞത്.
ഇതിന് പിന്നാലെ മലേഷ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പത്രസമ്മേളനത്തിലും മഹാതിര്‍ ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെ പ്രമേയം കശ്മീരിലെ ജനങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഞങ്ങള്‍ക്ക് തോന്നി. ഇന്ത്യയും പാക്കിസ്ഥാനും മാത്രമല്ല, നാമെല്ലാവരും അത് പാലിക്കണം. അമേരിക്കയടക്കം. ഞങ്ങള്‍ മനസ്സില്‍ തോന്നിയ കാര്യമാണ് പറഞ്ഞത്. അതില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നുമില്ല. – എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ വിഷയത്തില്‍ മലേഷ്യ സ്വീകരിച്ച നിലപാട് ഖേദകരമാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ഈ മാസം ആദ്യം പ്രതികരിച്ചത്. ഇന്ത്യയും മലേഷ്യയും പരമ്പരാഗതമായി നല്ല ബന്ധം പുലര്‍ത്തുന്ന അവസരത്തിലും ഈ അഭിപ്രായങ്ങള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലാത്തതിനാലും ഞങ്ങള്‍ ഖേദിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.