വാഷിങ്ടൺ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇ.വി.എം) മനുഷ്യനോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസോ ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്ന് സ്‌പേസ് എക്‌സ്, ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക്. തെരഞ്ഞെടുപ്പിൽ ഇ.വി. എമ്മിന് പകരം പേപ്പർ ബാലറ്റുകൾ ഉപയോഗിക്കുന്നത് തന്നെയാണ് നല്ലതെന്നും എലോൺ മസ്ക് പറഞ്ഞു. എക്സിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി റോബർട്ട്. എഫ്. കെന്നഡി ജൂനിയർ ഇ.വി.എം മൂലമുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ പേപ്പർ ബാലറ്റിലേക്ക് മടങ്ങാൻ ആഹ്വനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മസ്കിന്റെ പരാമർശം.
പ്യൂർട്ടോ റിക്കോയിലെ പ്രൈമറി തെരഞ്ഞെടുപ്പുകളിൽ അടുത്തിടെ നടന്ന വോട്ടിങ് ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പുകളുടെ സമഗ്രത ഉറപ്പാക്കാൻ പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങണമെന്ന് റോബർട്ട്. എഫ്. കെന്നഡി ജൂനിയർ ആവശ്യപ്പെട്ടിരുന്നു.
‘പ്യൂർട്ടോ റിക്കോയുടെ പ്രാഥമിക തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വോട്ടിങ് ക്രമക്കേടുകൾ അനുഭവപ്പെട്ടു. ഭാഗ്യവശാൽ, ഒരു പേപ്പർ ട്രയൽ ഉണ്ടായിരുന്നതിനാൽ പ്രശ്നം തിരിച്ചറിയുകയും വോട്ടുകളുടെ എണ്ണം ശരിയാക്കുകയും ചെയ്തു,’ യു.എസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി റോബർട്ട്. എഫ്. കെന്നഡി ജൂനിയർ എക്സിൽ പറഞ്ഞിരുന്നു.