കൊച്ചി: ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. തിമിംഗലം കരയിലെ ജീവി അല്ലാത്തതില്‍ നന്ദി പറയണമെന്നും ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കാട്ടാനകളെ നാട്ടാനയായി ഉപയോഗിക്കുന്നതില്‍ ഹൈക്കോടതിയുടെ സ്വമേധയായുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഉത്സവങ്ങളില്‍ ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഉത്സവങ്ങളില്‍ ആനയെ കെട്ടിയിറക്കുന്നത് ആചാരങ്ങളല്ലെന്നും മനുഷ്യന്റെ വാശിയാണെന്നും കോടതി വിമര്‍ശിച്ചു. കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയെയാണ് കാണിക്കുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
തിമിംഗലം കരയിലെ ജീവിയല്ലാത്തതില്‍ ദൈവത്തിന് നന്ദി പറയണം, അല്ലെങ്കില്‍ തിമിംഗലത്തിനെയും എഴുന്നള്ളത്തിന് ഉപയോഗിക്കുമായിരുന്നു. അങ്ങനെയാണെങ്കില്‍ ആനകള്‍ ഇതതരം ദുരിതങ്ങളില്‍ നിന്ന് പുറത്തായേനെ. കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നിന്ന് തിരിയാനവാതെ നില്‍ക്കുന്നത്, ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ക്ഷേത്ര കമ്മറ്റികള്‍ തമ്മിലുള്ള വൈരാഗ്യമാണ് ആന എഴുന്നള്ളത്തിന് പിന്നില്‍, മൂകാംബികയില്‍ പോലും എഴുന്നള്ളിപ്പിന് രഥം ആണെന്നും ആനയല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Content Highlight: We should be thankful that whale is not a land creature, tethering elephant to festivals is distressing and terrifying: Kerala High Court