ജമ്മു: ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് എന്ന കാര്യം സത്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഒന്നിച്ചുനിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും സിബല്‍ പറഞ്ഞു.
‘ സത്യം എന്താണെന്നുവെച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഇതിന് മുന്‍പും ഒത്തുകൂടിയിട്ടുണ്ട്. ഒന്നിച്ചുനിന്ന് പാര്‍ട്ടിയെ ശക്തപ്പെടുത്തണം,’ അദ്ദേഹം പറഞ്ഞു.
ഗാന്ധി ഗ്ലോബല്‍ ഫാമിലി സംഘടിപ്പിച്ച ശാന്തി സമ്മേളനത്തിലാണ് പരാമര്‍ശം. നേരത്തെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട 23 നേതാക്കളാണ് പരിപാടിയില്‍ ഒത്തുചേര്‍ന്നത്.
കാവി തലപ്പാവുകള്‍ അണിഞ്ഞാണ് കപില്‍ സിബലും ഗുലാം നബി ആസാദും ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയത്.
‘ഗുലാം നബി ആസാദ് എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും കോണ്‍ഗ്രസിലെയും യഥാര്‍ത്ഥ അവസ്ഥ അറിയുന്നയാളാണ്. പാര്‍ലമെന്റില്‍ നിന്ന് അദ്ദേഹം ഒഴിവായപ്പോള്‍ നമ്മള്‍ എല്ലാവര്‍ക്കും വിഷമമായി. അദ്ദേഹത്തെ വീണ്ടും പാര്‍ലമെന്റിലേക്ക് പറഞ്ഞുവിടുന്നില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഉപയോഗിക്കാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല’ സിബല്‍ പറഞ്ഞു.
ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്ര സിംഗ് ഹൂഡ, മനീഷ് തിവാരി, രാജ് ബബ്ബാര്‍, വിവേക് താങ്ക എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
content Highlights: ‘We see party getting weak’: G-23 leaders question Congress leadership at Jammu meet