സാമ്പത്തിക പ്രതിസന്ധിയും ടീമിനുള്ളിലെ പ്രശ്നങ്ങളും കാരണം കനത്ത പ്രതിസന്ധികളാണ് കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണ നേരിട്ടിരുന്നത്.
ക്ലബ്ബ് അനുഭവിച്ച സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും കരകയറാനാണ് ബാഴ്സ മെസിയെ വിറ്റത് എന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
എന്നാലിപ്പോൾ ആരാധകർക്ക് ആശ്വാസം നൽകികൊണ്ട് ബാഴ്സ സാമ്പത്തികമായി ഏറെ മെച്ചപ്പെട്ടുവെന്നും ക്ലബ്ബിന് ഇപ്പോൾ പഴയരീതിയിൽ സാമ്പത്തിക ഞെരുക്കമില്ലെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ് ജോൺ ലപ്പോർട്ട.
താരങ്ങളുടെ ശമ്പളം കുറച്ചത് കൊണ്ടാണ് ക്ലബ്ബ് സാമ്പത്തികമായി മെച്ചപ്പെട്ടതെന്നും ഇനിയും ഇത്തരത്തിൽ ശമ്പളം വെട്ടിക്കുറക്കൽ തുടരുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
കൂടാതെ താൻ കൂടി ഉൾപ്പെട്ട ഇപ്പോഴത്തെ ബോർഡാണ് ബാഴ്സയുടെ രക്ഷക്ക് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച മാധ്യമ പ്രവർത്തകർക്ക് നൽകിയ പത്ര സമ്മേളനത്തിലാണ് ലപ്പോർട്ട ക്ലബ്ബിന്റെ സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ച് പരാമർശം നടത്തിയത്.
“എനിക്ക് ഇപ്പോൾ ക്ലബ്ബിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ധൈര്യത്തോടെ സംസാരിക്കാൻ സാധിക്കും. കാരണം ഞങ്ങൾ ക്ലബ്ബിനെ രക്ഷിച്ചു. സാമ്പത്തികമായ അധികബാധ്യത പരമാവധി കുറച്ച് ക്ലബ്ബിനെ ഞങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ കാര്യങ്ങൾ ഞങ്ങളുടെ നിയന്ത്രണത്തിലാണ്. ദിനംപ്രതി ക്ലബ്ബ് കൂടുതൽ മെച്ചപ്പെടുന്നു,’ ലപ്പോർട്ട പറഞ്ഞു.
“ക്ലബ്ബിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്പോൺസർഷിപ്പ് കോൺട്രാക്ട് ഞങ്ങളെത്തേടി വന്ന സമയമാണിത്. സ്റ്റേഡിയത്തിൽ എത്തുന്ന കാണികളുടെ എണ്ണം, കിറ്റ് സെയിൽസ്, മ്യൂസിയം വിസിറ്റ് എന്നിവയിലൂടെ വലിയ തോതിൽ പണം ക്ലബ്ബിലേക്കെത്തി. കൂടാതെ 100 മില്യണിലേറെ തുകപ്രതിഫലം വെട്ടിക്കുറച്ചതിലൂടെ ലാഭിക്കാനും ഞങ്ങൾക്ക് സാധിച്ചു,’ ലപ്പോർട്ട കൂട്ടിച്ചേർത്തു,’