മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും വിട്ട് വന്നതിന് ശേഷം പല പ്രമുഖ യൂറോപ്യൻ ക്ലബ്ബുകളിലേക്കും കളിക്കാനായി റൊണാൾഡോ ശ്രമം നടത്തിയിരുന്നു. ചെൽസി, ബയേൺ, സ്പോർട്ടിങ് ലിസ്ബൺ മുതലായ പല ക്ലബ്ബുകളിലും കളിക്കാനായി റൊണാൾഡോ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അതൊന്നും നടന്നിരുന്നില്ല.
പിന്നീടാണ് ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ പ്രതിഫല തുകക്ക് റൊണാൾഡൊ അൽ നസറിലേക്ക് കൂട് മാറിയത്. പ്രതിവർഷം ഏകദേശം 225മില്യൺ യൂറോയാണ് അൽ നസറിൽ നിന്നും റൊണാൾഡോക്ക് പ്രതിഫലമായി ലഭിക്കുന്നത്.
എന്നാലിപ്പോൾ റൊണാൾഡോ ബയേണിൽ കളിക്കാൻ താല്പര്യം അറിയിച്ചിരുന്നെന്നും എന്നാൽ തങ്ങൾക്ക് സാമ്പത്തികപരമായും കളി ശൈലികൊണ്ടും യോജിക്കാത്ത താരമാണ് റൊണാൾഡോ എന്ന് തോന്നിയത് കൊണ്ടാണ് അദേഹത്തിനെ ടീമിലെടുക്കാത്തതെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബയേൺ മ്യൂണിക്കിന്റെ സ്പോർടിങ് ഡയറക്ടറായ ഹസൻ സാലിഹമിഡിസിച്ച്.
ബിൽഡ്സ് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ ട്രാൻസ്ഫർ സംബന്ധമായ വിവരങ്ങൾ ഹസൻ പങ്കുവെച്ചത്.
“റൊണാൾഡോയെ സൈൻ ചെയ്യണോ എന്നതിനെക്കുറിച്ച് ഞങ്ങൾ ബോർഡ് മീറ്റിങ്ങിൽ ചർച്ച ചെയ്തിരുന്നു.പക്ഷെ റൊണാൾഡോയെ സൈൻ ചെയ്യണ്ട എന്നായിരുന്നു ഞങ്ങളുടെ തീരുമാനം.
അദ്ദേഹത്തിന്റെ ഏജന്റിനെ ചർച്ചയിലെ ഞങ്ങളുടെ തീരുമാനം അറിയിച്ചിരുന്നു. സാമ്പത്തിക വശം വെച്ച് നോക്കിയാലും കളി ശൈലി വെച്ച് നോക്കിയാലും റോണോ ഞങ്ങൾക്ക് അനുയോജ്യനായ താരമായിരുന്നില്ല. കൂടാതെ ഞങ്ങളുടെ ഫിലോസഫിക്കനുസരിച്ചുള്ള കളി ശൈലിയായിരുന്നില്ല അദ്ദേഹത്തിന്റെത്,’ ഹസൻ പറഞ്ഞു.
അതേസമയം അൽ നസറിൽ മൂന്ന് മത്സരങ്ങൾ കളിച്ച റൊണാൾഡോ ഒരു ഗോളാണ് ഇത് വരെ സ്വന്തമാക്കിയിട്ടുള്ളത്. താരം ക്ലബ്ബിലെത്തിയതോടെ അൽ നസറിന്റെ ബ്രാൻഡ്, ഓഹരി മൂല്യങ്ങൾ വൻ തോതിൽ വർധിച്ചിരുന്നു.