|

വഖഫ് ബില്ലിന് പിന്നാലെ ചർച്ച് ബില്ലും വരുമെന്ന് ഞങ്ങൾ അന്നേ പറഞ്ഞു, ക്രൈസ്തവ സഭകളുടെ സ്വത്ത് തിരിച്ചുപിടിക്കണമെന്ന ഓർഗനൈസർ ലേഖനത്തെ വിമർശിച്ച് വി.ഡി സതീശൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപരം: വഖഫ് ബിൽ ഒരു മതത്തിന്റെ ആചാരത്തിലേക്കും അവരുടെ സംസ്കാരത്തിലേക്കും അവരുടെ സാമൂഹികമായ സംവിധാനത്തിലേക്കും നുഴഞ്ഞ് കയറാൻ വേണ്ടിയിട്ടുള്ള സംഘപരിവാറിന്റെ ശ്രമമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. വഖഫ് ബില്ലിന് ശേഷം ആർ.എസ്.എസ് അടുത്തതായി ലക്ഷ്യമിടുന്നത് കത്തോലിക്കാ വിഭാഗത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒപ്പം ആശമാരുടെ ആക്ഷേപം ഗൗരവമായി പരിശോധിക്കുമെന്നും കമ്മീഷനെ നിയോഗിച്ച് ആശാ സമരം അവസാനിപ്പിക്കണമെന്ന നിലപാട് കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഇല്ലായെന്നും അദ്ദേഹം പറഞ്ഞു.

‘എന്തുകൊണ്ടാണ് കോൺഗ്രസും ഇന്ത്യാ മുന്നണിയും വഖഫ് ബില്ലിനെ എതിർത്തത്? അത് ഒരു മതത്തിന്റെ ആചാരത്തിലേക്കും അവരുടെ സംസ്കാരത്തിലേക്കും അവരുടെ സാമൂഹികമായ സംവിധാനത്തിലേക്കും നുഴഞ്ഞ് കയറാൻ വേണ്ടിയിട്ടുള്ള സംഘപരിവാറിന്റെ ശ്രമമായതിനാലാണ്. ഞങൾ അതിനെ ശക്തിയായെതിർത്തു. ആ ഭേദഗതികൾ എന്ന് പറയുന്നത് സർക്കാരിന്റെ കൺട്രോൾ മുഴുവൻ വഖഫിൽ ഏർപ്പെടുത്താൻ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായിട്ടുള്ളതാണ്.

അതിനെ പല ശക്തികളും മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാൻ ശ്രമിച്ചു. മുനമ്പം വിഷയവും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ പറഞ്ഞു. മുനമ്പത്തെ വിഷയം സംസ്ഥാന സർക്കാരിനും സംസ്ഥാനത്തെ വഖഫ് ബോർഡിനും പത്ത് മിനിറ്റ് കൊണ്ട് തീർക്കാവുന്ന വിഷയം മാത്രമാണ്. കേരളത്തിലെ മുഴുവൻ മുസ്‌ലിം സംഘടനകളും മുഴുവൻ ക്രൈസ്തവ സംഘടനകളും മുനമ്പത്തെ ജനങ്ങളെ അവിടെ നിന്ന് ഇറക്കി വിടരുത്, അവർക്ക് അവിടെ സ്ഥിരമായി താമസിക്കാനുള്ള അവകാശം നൽകണമെന്ന് ആവശ്യപ്പെടുന്നവരാണ്. അത് സംബന്ധിച്ച് ഒരു തര്‍ക്കവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത സംഘടനകള്‍ക്കുമില്ല.

മുനമ്പത്തിന്റെ മറവില്‍ വഖഫ് ബില്‍ പാസാക്കാന്‍ ശ്രമം നടത്തി. വഖഫ് ബില്‍ പാസാക്കിയത് കൊണ്ട് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കപ്പെടുമോ? തീരാന്‍ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല. എന്നിട്ടും ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രണ്ട് മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള ശ്രമമാണ് നടത്തുന്നത്.

വഖഫ് ബില്‍ പാസായാല്‍ അതിന് പിന്നാലെ ചര്‍ച്ച് ബില്‍ വരുമെന്ന് അന്നേ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. മോദി സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിന്റെ വെബ് പോര്‍ട്ടലില്‍ ഇന്നലെ ഒരു ലേഖനം വന്നിട്ടുണ്ട്. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭൂ ഉടമ കത്തോലിക്കാ സഭയാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഏഴ് കോടി ഹെക്ടര്‍ അതായത് 17.29 കോടി ഏക്കര്‍ സ്ഥലത്തിന്റെ ഉടമകളാണ് കത്തോലിക്കാ സഭ.

അനധികൃതമായി ബ്രിട്ടീഷുകാരുടെ കാലത്ത് പാട്ടത്തിനെടുത്ത് കൈവശം വച്ചിരിക്കുന്ന ഈ ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ആര്‍.എസ്.എസ് പറഞ്ഞിരിക്കുന്നത്. വഖഫ് ബില്‍ പാസാക്കിയ അതേ ദിവസമാണ് ആര്‍.എസ്.എസ് ഇതു പറഞ്ഞിരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ രത്‌ന കിരീടവുമായി പോകുന്നതിന്റെയും ഈസ്റ്റര്‍ ദിനത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെയും രഹസ്യം മനസിലായല്ലോ.

ജബല്‍പൂരില്‍ തൃശൂര്‍ ജില്ലയിലെ വൈദികനായ ഫാ. ഡേവിസ് പൊലീസിന് മുന്നില്‍ വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. വഖഫ് ബില്ലിന്റെ പേരില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോഴാണ് ഒഡീഷയില്‍ ഫാദര്‍ ജോഷി ജോർജ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പള്ളിയിലേക്ക് മുന്നൂറോളം പൊലീസ് കയറി വന്ന് അടി തുടങ്ങിയെന്നാണ് ഫാദര്‍ ജോഷി എന്നോട് പറഞ്ഞത്. സഹവികാരിയുടെ തോളെല്ല് ഒടിഞ്ഞു. ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തുടനീളെ വ്യാപക അക്രമം നടത്തുന്നവരാണ് കേരളത്തില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാന്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് കഴിയുമെന്നാണ് വിശ്വാസം.

മുനമ്പത്ത് നേരത്തെ ഉണ്ടായിരുന്ന ബി.ജെ.പിക്കാര്‍ തന്നെയാണ് വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്നത്. അല്ലാതെ പുതുതായി ആരും ചേര്‍ന്നിട്ടില്ല. ഇതൊക്കെ ക്യാമ്പയിനിന്റെ ഭാഗമാണ്. വഖഫ് ബില്ലിന് പിന്നാലെ ചര്‍ച്ച് ബില്‍ കൂടി വരുമെന്നത് സഭ നേതൃത്വത്തിനും മനസിലായിട്ടുണ്ട്. എന്തുകൊണ്ടാണ് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും വഖഫ് ബില്ലില്‍ നിലപാട് എടുത്തത് എന്നത് സംബന്ധിച്ച് ബോധ്യപ്പെടുത്തും. ആ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. അത് രാജ്യത്തിന് വേണ്ടി സ്വീകരിച്ച നിലപാടാണ്. ചര്‍ച്ച് ബില്‍ വന്നാലും എതിര്‍ക്കാന്‍ ഞങ്ങളുണ്ടാകും.

ആശമാരുടെ ആക്ഷേപം ഗൗരവമായി പരിശോധിക്കും. കമ്മീഷനെ നിയോഗിച്ച് ആശ സമരം അവസാനിപ്പിക്കണമെന്ന നിലപാട് കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഇല്ല. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും അവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നതുമാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട്. വ്യത്യസ്തമായ അഭിപ്രായം കോണ്‍ഗ്രസുമായും യു.ഡി.എഫുമായും ബന്ധപ്പെട്ട ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി ഗൗരവമായി പരിശോധിക്കും.

ഒരു പ്രത്യയശാസ്ത്രത്തെ കുഴിച്ചു മൂടി മറ്റൊരു പ്രത്യയശാസ്ത്രം രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് എം.കെ. രാഘവന്‍ സമരം ആരംഭിക്കുന്നത്. ഗാന്ധി നിന്ദയുടെ തുടര്‍ച്ചയാണ് രാജ്യത്ത് നടക്കുന്നതെല്ലാം. ഒരു സിനിമ എടുത്തതിന്റെ പേരില്‍ നിര്‍മാതാവിനെയും സംവിധായകനെയും റെയ്ഡ് ചെയ്യുകയാണ്. സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ ജയിലില്‍ പോകുമെന്ന സന്ദേശമാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ദേശ വിരുദ്ധനാണെന്നാണ് പറയുന്നത്. ഇതൊക്കെ ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും കാലത്തുണ്ടായിരുന്നതാണ്. അതൊന്നും ഇന്ത്യയില്‍ നടപ്പാകില്ല,’ അദ്ദേഹം പറഞ്ഞു.

Content Highlight: We said then that the Church Bill would follow the Waqf Bill, V.D. Satheesan criticized the organizer’s article calling for the recovery of the property of Christian churches

Video Stories