| Sunday, 5th June 2022, 4:04 pm

'ബി.ജെ.പി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു': പ്രസ്താവന പ്രവാചകനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും മത വ്യക്തിത്വകങ്ങളേയും അധിക്ഷേപിക്കുന്നതിനെ അപലപിക്കുന്നുവെന്നും ബി.ജെ.പി. മുഹമ്മദ് നബിയെക്കുറിച്ച് ബി.ജെ.പെി വക്താവ് നുപുര്‍ ശര്‍മ നടത്തിയ വിദ്വേഷ പ്രചാരണത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെയാണ് ബി.ജെ.പിയുടെ പുതിയ പ്രസ്താവന.

ആയിരം വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ എല്ലാ മതങ്ങള്‍ക്കും പരിണാമം സംഭവിച്ചിട്ടുണ്ടെന്നും എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും ബി.ജെ.പി പറഞ്ഞു.

‘ഇന്ത്യയുടെ ആയിരം വര്‍ഷത്തെ ചരിത്രത്തില്‍ എല്ലാ മതങ്ങള്‍ക്കും പരിണാമം സംഭവിച്ചിട്ടുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. ഒരു മതത്തേയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ബി.ജെ.പി ശക്തമായി അപലപിക്കുന്നു,’ ബി,ജെ.പി പ്രസ്താവനയില്‍ പറഞ്ഞു.

ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നതിനെ ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബി.ജെ.പി വ്യക്തമാക്കി.

അടുത്തിടെ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ മുഹമ്മദ് നബിയെയും പത്നിമാരെയും അവഹേളിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ കാന്‍പൂരില്‍ പ്രതിഷേധം ശക്തമായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രതിഷേധത്തിന്റെ ഭാഗമായി പരേഡ് മാര്‍ക്കറ്റില്‍ ഒരു വിഭാഗം വ്യാപാരികള്‍ കടകള്‍ അടയ്ക്കുകയും മറ്റുള്ളവരെ അടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

നുപുര്‍ ശര്‍മ പ്രവാചകനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ശര്‍മയ്ക്കെതിരെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശര്‍മ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു സംഘം പ്രതിഷേധിച്ചത്. അതേസമയം നുപുര്‍ ശര്‍മ നടത്തിയ പരാമര്‍ശം ചാനലിന്റേതല്ലെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അനാവശ്യമായ ഭാഷ ഉപയോഗിക്കരുതെന്നും ടൈംസ് നൗ പ്രതികരിച്ചു.

Content Highlight: we respect every religion says bjp amid row over statement of nupur sharma

We use cookies to give you the best possible experience. Learn more