റിയാദില്‍ നടക്കുന്നത് സൗഹൃദ മത്സരമായിരിക്കില്ലെന്നും ഏറ്റവും മികച്ച കളിക്കാരാണ് മത്സരത്തില്‍ അണി നിരക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് പരിശീലകന്‍ ക്രിസറ്റഫ് ഗാള്‍ട്ടിയര്‍.
‘ഇതൊരു സൗഹൃദ മത്സരമായി തോന്നുന്നില്ല. ഒത്തിരി മികച്ച താരങ്ങള്‍ അണിനിരക്കുന്നതിനാല്‍ തന്നെ വളരെ ശക്തമായ ഏറ്റുമുട്ടല്‍ ആയിരിക്കും നടക്കുക. ഒരു ചാരിറ്റി മത്സരം കളിക്കാനല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.
ഇത്തരം മത്സരങ്ങള്‍ തീര്‍ച്ചയായും ഇന്റര്‍നാഷണല്‍ ഫുട്‌ബോളിന് ഗുണം ചെയ്യും. ഒത്തിരി ആരാധകര്‍ കാണികളായിട്ടുണ്ടാവുകയും ചെയ്യും. അതുകൊണ്ട് അതിന്റേതായ ഗൗരവത്തോടെയാണ് ഞങ്ങള്‍ ഈ മത്സരത്തെ കാണുന്നത്,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.
മത്സരത്തില്‍ പി.എസ്.ജിക്കെതിരെ ഇറങ്ങുന്നത് റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസര്‍ അല്ല. സൗദി അറേബ്യയിലെ രണ്ടു പ്രധാന ക്ലബുകളായ അല്‍ നസര്‍, അല്‍ ഹിലാല്‍ എന്നീ ക്ലബുകള്‍ ചേര്‍ന്ന ഇലവനാണ്.
ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയോട് ഏറ്റുമുട്ടുന്ന അല്‍ നസര്‍-അല്‍ ഹിലാല്‍ സംയുക്ത ടീമിനെ നയിക്കുന്നത് റൊണാള്‍ഡോയാണ്. അല്‍ നസറിലെത്തിയതിന് ശേഷമുള്ള റൊണാള്‍ഡോയുടെ ആദ്യ മത്സരം കൂടിയാണിത്.
പി.എസ്.ജിയില്‍ മെസിക്കൊപ്പം സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പെയും നെയ്മര്‍ ജൂനിയറും ഇറങ്ങും. കഴിഞ്ഞ മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങിയാണ് പി.എസ്.ജി സൗഹൃദ മത്സരം കളിക്കാന്‍ ഇറങ്ങുന്നത്. ലോകകപ്പിന് ശേഷം മികച്ച ഫോം കണ്ടെത്താന്‍ കഴിയാത്ത പി.എസ്.ജിക്ക് ഈ സൗഹൃദമത്സരം അതിനുള്ള അവസരം കൂടിയാണ്.
ജനുവരി 19ന് ഇന്ത്യന്‍ സമയം രാത്രി 10.30നാണ് (സൗദി സമയം 8 മണി) മത്സരം നടക്കുക. ഇന്ത്യയില്‍ മത്സരം ടെലികാസ്റ്റ് ഉണ്ടാകില്ല. അതേസമയം പി.എസ്.ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മത്സരം സ്ട്രീമിങ് നടത്തും.
ബീയിന്‍ സ്പോര്‍ട്ട്സ് (beIN SPORTS) മത്സരം സംപ്രേഷണം ചെയ്യുന്നതിനാല്‍ ഗള്‍ഫ് മേഖലയിലുള്ള ആരാധകര്‍ക്ക് കാണാന്‍ കഴിയും.