ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു എന്‍.ഡി.എയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദമോദിയുടെ വാദത്തെ തള്ളി ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്) നേതാവ് കെ.ടി രാമ റാവു. എന്‍.എ.യില്‍ ചേരാന്‍ തങ്ങളെ ഭ്രാന്തന്‍ നായയൊന്നും കടിച്ചിട്ടില്ലെന്ന് രാമ റാവു പറഞ്ഞു.
കെ.സി.ആറും ബി.ആര്‍.എസ് പാര്‍ട്ടിയും എന്‍.ഡി.എയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ എതിര്‍ത്തുവെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. എന്നാല്‍, പ്രധാനമന്ത്രി പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ സംസാരിക്കുകയാണെന്നും പോരാളിയായ കെ.സി.ആര്‍ ഒരിക്കലും വഞ്ചകനായ മോദിയെ പോലൊരാളുടെ പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറാകില്ലെന്നും രാമ റാവു പറഞ്ഞു.
‘ശിവസേന, ടി.ഡി.പി, ജനതാദള്‍ യു, ശിരോമണി അകലിദള്‍ തുടങ്ങി ഓരോ രാഷ്ട്രീയ പാര്‍ട്ടിയും എന്‍.ഡി.എയുമായി പിരിയുമ്പോള്‍ ഞങ്ങളെന്തിന് അവര്‍ക്കൊപ്പം ചേരണം? ഇ.ഡിയും ഐ.ടിയും സി.ബി.ഐയുമൊന്നുമല്ലാതെ അവരോടൊപ്പം മറ്റാരാണുള്ളത്? മോദി ഒരു സ്ഥിരതയില്ലാത്ത പ്രധാനമന്ത്രിയാണ്.
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം സംസാരിക്കുന്നത്. അന്ന് കര്‍ണാടകയില്‍ ബി.ആര്‍.എസ് കോണ്‍ഗ്രസിന് ഫണ്ട് നല്‍കിയെന്ന് പറഞ്ഞു. ഇപ്പോള്‍ ബി.ആര്‍.എസ് എന്‍.ഡി.എയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പറയുന്നു. അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വാക്കുകള്‍ കൊണ്ടുള്ള ആക്രമണമാണ്,’ രാമ റാവു പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യയെയും സുജന ചൗധരിയെയും കുറിച്ച് പരാമര്‍ശിച്ച കെ.ടി.ആര്‍ അവര്‍ക്കെതിരായ ഇ.ഡി കേസുകള്‍ എങ്ങനെ അവസാനിച്ചുവെന്ന് ചോദിച്ചു. മോദിയുടെ കുടുംബ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയ രാമ റാവു അമിത് ഷായുടെ മകനെന്നതൊഴിച്ചാല്‍ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ജയ് ഷായെ ബി.സി.സി.ഐയുടെ സെക്രട്ടറിയായി നിയമിച്ചതെന്ന ചോദ്യം ഉന്നയിച്ചു. ഒരു ക്രിക്കറ്റ് കളിക്കാരനോ പരിശീലകനോ അല്ലാത്ത ജയ് ഷാ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉന്നത പദവിയില്‍ ഇരിക്കുന്നതിലെ അനൗചിത്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഞങ്ങളുടെ പാര്‍ട്ടിയില്‍ ഒരു തീരുമാനമെടുക്കണമെങ്കില്‍ അത് ഞങ്ങള്‍ പോളിറ്റ് ബ്യൂറോയുമായി ചര്‍ച്ച ചെയ്യും. അത് പാര്‍ട്ടിയുടെ ആഭ്യന്തര ചര്‍ച്ചയാണ്. അതിന് ഞങ്ങള്‍ക്ക് നിങ്ങളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിങ്ങളുടെ നുണകള്‍ ആരും വിശ്വസിക്കില്ല. ഞാന്‍ നിങ്ങളെ വെല്ലുവിളിക്കന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര നേതാക്കളെ കൊണ്ടുവരാം. തെലങ്കാനയില്‍ എപ്പോഴും വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്. എന്നാല്‍ തെലങ്കാനയിലെ ജനങ്ങള്‍ക്ക് നിങ്ങള്‍ എന്ത് നന്മയാണ് ചെയ്തതെന്ന് പറയുക,’ കെ.ടി രാമ റാവു പറഞ്ഞു.
Content Highlights: We’re Not Bitten By A Mad Dog To Join NDA, says KT Rama Rao