| Tuesday, 8th February 2022, 6:23 pm

ഇപ്പോള്‍ നടക്കുന്നത് ഒരിക്കലും നല്ലതിനല്ല, അന്താരാഷ്ട്ര തലത്തില്‍ പോലും ഇത് ചര്‍ച്ചയാവുന്നു; ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ ഹിജാബ് വിഷയത്തില്‍ നിരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. ഇതൊരിക്കലും നല്ലതല്ലെന്നും, അന്താരാഷ്ട്ര തലത്തില്‍ പോലും വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് കൃഷ്ണ അധ്യക്ഷനായ ബെഞ്ചാണ് വാദത്തിനിടെ ഈ നിരീക്ഷണം നടത്തിയത്.

‘എന്നെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടന ഭഗവത് ഗീത പോലെയാണ്. ഭരണഘടനയ്ക്കനുസരിച്ചാവണം നമ്മള്‍ എല്ലാ കാര്യവും പ്രവര്‍ത്തിക്കേണ്ടത്. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്താണ് ഞാന്‍ ഈ അധികാരമേറ്റെടുത്തത്. വിഷയത്തിലെ വികാരങ്ങള്‍ എല്ലാം മാറ്റിവെക്കണം. ഹിജാബ് ധരിക്കുന്നത് ഒരു വൈകാരിക പ്രശ്‌നമായി കാണരുത്,’ അദ്ദേഹം പറഞ്ഞു.

വിഷയത്തെ സംബന്ധിച്ച് തനിക്ക് പല സന്ദേശങ്ങളും വരുന്നുണ്ടെന്നും, എന്നാല്‍ ഭരണഘടനയ്ക്കനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേവലം ഊഹാപോഹങ്ങള്‍ മാതം മുന്‍നിര്‍ത്തി തീരുമാനത്തിലെത്താന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരജിക്കാരന്റെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനാല്‍ മറ്റ് തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് മുന്നോട്ട് പോവുമെന്നും കോടതി പറഞ്ഞു. വിദ്യാര്‍ഥികള്‍ തെരുവില്‍ സമരം തുടരുന്നത് കോടതി കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഖുര്‍ ആനെതിരെ വിധി പറയാന്‍ സര്‍ക്കാരിനാവില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് മൗലികാവകാശമാണ്. ഹിജാബ് ധരിക്കുന്നതും അതേ മൗലികാവകാശം കൊണ്ടു തന്നെയാണ്. എന്നാല്‍ മൗലികാവകാശത്തില്‍ സര്‍ക്കാരിന് നിയന്ത്രണം കൊണ്ടുവരാം,’ കോടതി നിരീക്ഷിച്ചു.

എന്നാല്‍ ഖുര്‍ആനില്‍ എവിടെയാണ് ഹിജാബ് നിര്‍ബന്ധമായും ധരിക്കണമെന്ന് പറഞ്ഞിരിക്കുന്നതെന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു. കോടതിയില്‍ ഖുര്‍ആന്‍ ഉണ്ടെന്നും അത് പേജിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കാണിക്കാനും കോടതി ഹരജിക്കാരനോട് ആവശ്യപ്പെട്ടു.

അതേസമയം, വിഷയത്തില്‍ സര്‍ക്കാര്‍ മഹാമനസ്‌കത കാണിക്കണമെന്നും, മതേതരത്വത്തിന്റെ മുനയൊടിച്ച് ഈ വിഷയത്തില്‍ തീരുമാനമെടുക്കരുതെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിക്കാന്‍ വിദ്യാര്‍ത്ഥിനികളെ അനുവദിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

അതേസമയം, ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും കോളേജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.

എന്നാല്‍, ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നത്.

അതേസമയം ഹിജാബ് നിരോധനത്തില്‍ വിദ്യാര്‍ത്ഥികളുടെ സമരം തുടരുകയാണ്. തിങ്കളാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടന്നു.

കോളേജുകളില്‍ പ്രവേശനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ഹരജിയിന്മേല്‍ കോടതിയില്‍ നിന്നും വിധി വരുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ പ്രവേശിക്കാനാവില്ല. അതായത് ഹൈക്കോടതിയില്‍ നിന്നും വിധി വരാന്‍ വൈകിയാലോ കേസ് നീണ്ടുപോയാലോ, നിലവില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിന് പുറത്ത് തന്നെ തുടരേണ്ട സ്ഥിതിയാണ്.

Content Highlight: ‘We’re being observed internationally, not a good development’, says Karnataka HC on Hijab row

We use cookies to give you the best possible experience. Learn more