| Tuesday, 14th March 2023, 8:25 am

ബാഴ്സലോണ അന്തസുള്ള ക്ലബ്ബ്‌; അഴിമതിയാരോപണത്തിനെതിരെ ബാഴ്സ പ്രസിഡന്റ്‌

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ മികവോടെ മുന്നേറുകയാണ് കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണ.

ഈ സീസണിന്റെ എല്ലാ ഘട്ടത്തിലും ലീഗിലെ തങ്ങളുടെ അപ്രമാദിത്യം ആർക്കും വിട്ട് കൊടുക്കാതിരുന്ന ക്ലബ്ബ് ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പയിൽ നിന്നും പുറത്തായെങ്കിലും ലീഗിൽ ഇപ്പോഴും ടോപ്പ് തന്നെയായി തുടരുകയാണ്.

എന്നാൽ സുഗമമായി മുന്നോട്ട് പോയ ക്ലബ്ബിനെ ഫുട്ബോൾ ലോകത്ത് തന്നെ ഒറ്റപ്പെടുത്തുന്ന സംഭവമായിരുന്നു. ബാഴ്സ 2001 മുതൽ 2018 വരെയുള്ള ദീർഘമായ കാലയളവിൽ മുൻ സ്പാനിഷ് ഫുട്ബോൾ റെഫറിയിങ്‌ കമ്മിറ്റി പ്രസിഡന്റിന് 7.2 മില്യൺ പൗണ്ട് കോഴ നൽകി എന്ന ആരോപണം.

കോഴയാരോപണത്തിന് ശേഷം ക്ലബ്ബിന് പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുകയും റയൽ അടക്കമുള്ള വമ്പൻ ക്ലബ്ബുകൾ ബാഴ്സക്കെതിരെ കക്ഷി ചേരുകയും ചെയ്തിരുന്നു.

എന്നാലിപ്പോൾ ബാഴ്സക്കെതിരെ നടക്കുന്ന അക്രമണങ്ങളിൽ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ് ലപോർട്ട.

ബാഴ്സ മൂല്യങ്ങളുള്ള ക്ലബ്ബാണെന്നും, ദുഷ്ട മനസ്ഥിതിയുള്ളവരാണ് കാറ്റലോണിയൻ ക്ലബ്ബിനെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നുമാണ് ജോൻ ലപോർട്ടയുടെ ആരോപണം.

“ചിലയാളുകൾ വ്യാജ ആരോപണങ്ങളുടെ ചുക്കാൻ പിടിച്ച് ബാഴ്സയെ തകർക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. എന്നാൽ അവർ എത്ര ശ്രമിച്ചാലും ബാഴ്സയെ മോശമാക്കി ചിത്രീകരിക്കാൻ സാധിക്കില്ല,’ ലപോർട്ട പറഞ്ഞു.

“ഞങ്ങൾ വലിയ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ഒരു ക്ലബ്ബാണ്. അതാണ് ഞങ്ങളുടെ പാരമ്പര്യം,’ ലപോർട്ട കൂട്ടിച്ചേർത്തു.


അതേസമയം ലാ ലിഗയിൽ 25 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 65 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്സ. മാർച്ച് 20ന് തിങ്കളാഴ്ച റയൽ മാഡ്രിഡിനോടാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:We’re a club with values said barcelona president Joan Laporta

We use cookies to give you the best possible experience. Learn more