| Tuesday, 27th March 2018, 10:24 am

ബി.ജെ.പിയെപ്പോലെ ഞങ്ങള്‍ സ്വകാര്യ വിവരങ്ങള്‍ വിദേശത്തേക്ക് കൈമാറിയിട്ടില്ല, ഞങ്ങളും അവരും തമ്മിലുള്ള വ്യത്യാസമതാണ്: കോണ്‍ഗ്രസ് മീഡിയ സെല്‍ തലവന്‍ ദിവ്യ സ്പന്ദന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: ആപ്പ് വിവാദത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പ്രധാനമന്ത്രിയുടെ നമോ ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ആപ്പും വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് തങ്ങളുടെ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് പിന്‍വലിച്ചത് ഇതിന് തെളിവാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.

എന്നാല്‍, കോണ്‍ഗ്രസ് തങ്ങളുടെ ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്നാണ് മീഡിയ സെല്‍ തലവന്‍ ദിവ്യ സ്പന്ദന അറിയിച്ചത്. ഹിന്ദുസ്ഥാന്‍ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഇക്കാര്യം വ്യക്തമാക്കിയത്.


Read Also: റെയില്‍വേയിലെ ഒരു ലക്ഷം ഒഴിവിലേക്ക് അപേക്ഷിച്ചത് രണ്ട് കോടി ഉദ്യോഗാര്‍ത്ഥികള്‍


ബി.ജെ.പിയും ചില മാധ്യമപ്രവര്‍ത്തകരും കോണ്‍ഗ്രസിന്റെ ആപ്പിന്റെ പഴയ വെബ് അഡ്രസിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിച്ചതിനാലാണ് പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് പിന്‍വലിക്കേണ്ടി വന്നതെന്ന് ദിവ്യ പറഞ്ഞു. അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കാത്ത ലിങ്ക് ആണ് പ്രചരിപ്പിച്ചത്. ഇത് സിങ്കപ്പൂരിലുള്ള സുഹൃത്തുക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് അവര്‍ ആപ്പ് പിന്‍വലിച്ചത്. അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷമായി ആ ആപ്പിലൂടെ ഞങ്ങള്‍ മെമ്പര്‍ഷിപ്പ് നല്‍കുന്നില്ല. അത് കൊണ്ട് തന്നെ ആപ്പിലൂടെ വിവരങ്ങളൊന്നും കൈകാര്യം ചെയ്യുന്നുമില്ല. ഉപയോഗിക്കാത്ത ആപ്പ് ആയതിനാലാണ് എന്‍ക്രിപ്ഷന്‍ ഇല്ലാതിരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ മാത്രമാണ് ആപ്പ് ഉപയോഗിച്ചിരുന്നത്. വെബ്‌സൈറ്റിലൂടെയാണ് ഇപ്പോള്‍ മെമ്പര്‍ഷിപ്പെന്നും അത് സുരക്ഷിതമായി എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും ദിവ്യ അവകാശപ്പെട്ടു.


Read Also: നിസ്സാന്‍ ഡിജിറ്റല്‍ ഹബ്: ക്രെഡിറ്റ് അവകാശപ്പെട്ട് ശശി തരൂരും കണ്ണന്താനവും തമ്മില്‍ പോര് രൂക്ഷമാകുന്നു


“നമോ ആപ്പ് 22 പെര്‍മിഷന്‍ ചോദിക്കുന്നുണ്ട്. അത് പരിഹാസ്യമാണ്. അത്രയൊന്നും പെര്‍മിഷന്‍ ആവശ്യമില്ല. അത്രയും പെര്‍മിഷന്‍ കൊണ്ട് എന്താ ചെയ്യുന്നത്. നമോ ആപ്പ് ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയിലേക്ക് അയക്കുകയാണ്. ഇതാണ് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം. ഞങ്ങളുടെ ആപ്പ് സ്വദേശീയമാണ്. ഡാറ്റ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഞങ്ങള്‍ തന്നെയാണ്. മൂന്നാമതൊരാള്‍ അതില്‍ ഇടപെടുന്നില്ല” – ദിവ്യ വ്യക്തമാക്കി.

ബി.ജെ.പിയുടെ നുണകള്‍ പൊളിയുകയാണെന്നും ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാനാണ് കേംബ്രിഡ്ജ് അനലറ്റിക്ക വിവാദം ഉയര്‍ത്തുന്നതെന്നും ദിവ്യ ആരോപിച്ചു.


Watch Doolnews Special: ഒഴുകാൻ മറന്ന ബേപ്പൂർ-കല്ലായി കനാൽ

We use cookies to give you the best possible experience. Learn more