| Thursday, 14th November 2024, 12:26 pm

ഫലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര ചര്‍ച്ചയിലൂടെ പരിഹാരം വേണം; അടിയന്തര വെടിനിര്‍ത്തലിന് ഇന്ത്യ പിന്തുണ നല്‍കും: എസ്. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ഫലസ്തീന്‍ പ്രശ്‌നം ആശങ്കാജനകമാണെന്നും ദ്വിരാഷ്ട്ര ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഇന്ത്യ നല്‍കുമെന്ന്‌ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ദല്‍ഹിയില്‍വെച്ച് സൗദി അറേബ്യന്‍ വിദേശകാര്യ കാര്യമന്ത്രി ഫൈസല്‍ ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചയിലാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പശ്ചിമേഷ്യയിലെ പ്രശ്‌നപരിഹാരത്തിനായി പ്രവര്‍ത്തിക്കുന്ന സുപ്രധാന ശക്തിയായി സൗദി അറേബ്യയെ വിശേഷിപ്പിച്ച ജയശങ്കര്‍ മേഖലയിലെ സ്ഥിതി പ്രത്യേകിച്ച് ഗസയിലെ സംഘര്‍ഷം വളരെ ആശങ്ക ഉള്ളവാക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.

‘ഭീകരവാദത്തെയും ബന്ദികളെ തടവില്‍വെക്കുന്നതിനെയും ഞങ്ങള്‍ അപലപിക്കുന്നുണ്ടെങ്കിലും സാധാരണക്കാരായ പൗരന്മാര്‍ നിര്‍ദയം കൊല്ലപ്പെടുന്നതില്‍ ഞങ്ങള്‍ ഏറെ വേദനിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. വെടിനിര്‍ത്തല്‍ എത്ര വേഗം നടപ്പിലാക്കാന്‍ സാധിക്കുവോ അത്രയും വേഗം നടപ്പിലാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയുമായി ശക്തമായ നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യമായ സൗദി അറേബ്യ, ഫലസ്തീന്‍-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ ചര്‍ച്ചകള്‍ക്കായി ശ്രമിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ ആറാം സ്ഥാനത്താണ് സൗദി. 2023ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും 50ഓളം കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫലസ്തീന്‍ ഇസ്രഈലില്‍ നടത്തുന്നത് വംശഹത്യയാണെന്ന് ആരോപിച്ചിരുന്നു. ഫലസ്തീനിലെ സഹോദര ജനതയ്ക്കെതിരെ ഇസ്രഈല്‍ നടത്തിയത് കൂട്ടായ വംശഹത്യയാണെന്നായിരുന്നു സൗദി കിരീടവകാശിയുടെ പ്രതികരണം. ഈ ആക്രമങ്ങളെ സൗദി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച റിയാദില്‍ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഇസ്‌ലാമിക രാഷ്ട്ര നേതാക്കളുടെ  സമ്മേളനത്തിലായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം യുദ്ധം ആരംഭിച്ചതിന് ശേഷം ഈ വിഷയത്തില്‍ സൗദി ഇതുവരെ നടത്തിയ ശക്തമായ വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു ഇത്.

Content Highlight: We need a two-state solution to the Palestine issue; India will support immediate ceasefire says S. Jaishankar

Latest Stories

We use cookies to give you the best possible experience. Learn more