| Saturday, 20th April 2019, 9:24 am

പാകിസ്ഥാനെ അക്രമിക്കാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രിയെ വേണം; ബി.ജെ.പിയുമായുള്ള സഖ്യത്തെക്കുറിച്ച് ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തനിക്ക് പാകിസ്ഥാനെ അക്രമിക്കാന്‍ കെല്‍പുള്ള ഒരു പ്രധാനമന്ത്രിയെ വേണമെന്നുള്ളതു കൊണ്ടാണ് ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.

‘ശിവസേനയ്ക്ക് പാകിസ്ഥാനെ ആക്രമിക്കാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രിയെ വേണം, അതു കൊണ്ടാണ് ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നത്’- ഔറഗാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ താക്കറെ പറഞ്ഞു.

ജമ്മു കശ്മീരും ഇന്ത്യയിലെ ബാക്കി വരുന്ന സംസ്ഥാനങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവും ഉണ്ടാവരുതെന്നും താക്കറെ പറഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ല്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ താക്കറെ വിമര്‍ശിക്കുകയും ചെയ്തു.

‘കോണ്‍ഗ്രസിന് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയാനുള്ള ഉദ്ദേശ്യമില്ല. ഫറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയ നേതാക്കള്‍ പറയുന്നത് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചാല്‍ അവര്‍ ത്രിവര്‍ണ പതാകയെ ബഹുമാനിക്കില്ലെന്നാണ്’- താക്കറെ പറയുന്നു.

‘നിയമം അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ ജമ്മു കശ്മീരിന് ഈ പദവി നല്‍കിയത്. അത് എടുത്തു കളയുകയാണെങ്കില്‍, ഞങ്ങള്‍ക്ക് പുതിയ ആവശ്യങ്ങളെ പറ്റിയും, ഇന്ത്യയില്‍ തുടരണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടി വരും”- എന്നായിരുന്നു മെഹ്ബൂബ മുഫ്തി പറഞ്ഞത്.

കനയ്യ കുമാര്‍ വിഘടന വാദിയാണെന്നും, കനയ്യയെ പോലൊരാള്‍ ലോക്‌സഭയിലേക്ക് പോകുന്നത് ദുഖകരമാണെന്നും താക്കറെ പറയുന്നു. ബിഹാറിലെ ബെഗുസരായില്‍ നിന്ന് സി.പി.ഐ ടിക്കറ്റിലാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്.

We use cookies to give you the best possible experience. Learn more