|

വാക്‌സിന്‍ വ്യവസായം പൊതുഉടമസ്ഥതയില്‍ ജനാധിപത്യ നിയന്ത്രണങ്ങളോടെയാവണം

അലക്‌സ് ലോസണ്‍

പരിഭാഷ:  ഷാദിയ നാസിര്‍

കൊവിഡ് 19 എന്ന മഹാമാരി അമേരിക്കയിലും അതുപോലെ ലോകം മുഴുവനും പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനായുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞന്മാര്‍.(വാക്‌സിന്‍ വികസിപ്പിക്കപ്പെടുന്നതിന് മുമ്പ് പ്രസിദ്ധീകരിച്ച ലേഖനമാണിത്)  വാക്‌സിന്‍ വികസിപ്പിക്കല്‍ ഇതിലെ ആദ്യപടി മാത്രമാണ്. എന്നാല്‍ വാക്‌സിന്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കപ്പെടുകയും അത് ചെലവില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ഭീമന്‍ മരുന്ന് കമ്പനികളെ ഈ പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് മാത്രമേ നമുക്കിത് സാധ്യമാവുകയുള്ളു. ഇതിനായി നാം മുന്‍കാല മാതൃകകളെ ആശ്രയിക്കേണ്ടി വരും. അതായത്, യു.എസ് വാക്‌സിന്‍ ഗവേഷണത്തിന്റെയും വികസന ത്തിന്റെയും സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് നമുക്ക് തിരിച്ചു പോകേണ്ടി വരും. അത് സ്വകാര്യ കമ്പനികള്‍ക്ക് ലാഭം കൊയ്യാനുള്ള ഒരേര്‍പ്പാടായിരുന്നില്ല. മറിച്ച് പൊതു ആരോഗ്യ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വാക്‌സിന്‍ നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ കണ്ടുപിടിക്കപ്പെട്ട മുഴുവന്‍ വാക്‌സിനുകളുടെയും എണ്ണമെടുത്താല്‍ അതില്‍ പകുതിയിലധികവും വികസിപ്പിച്ചെടുക്കുന്നതില്‍ അമേരിക്കയിലെ ഓരോ നികുതി ദാതാവും വളരെ നിര്‍ണ്ണായകമായ ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ വികസിപ്പിക്കപ്പെട്ട ഇരുപത്തെട്ട് വാക്‌സിനുകളില്‍ പതിനെട്ടെണ്ണവും ഈ ഗണത്തില്‍ പെടും. ഫ്‌ലൂ, അഞ്ചാംപനി, റുബെല്ല എന്നീ രോഗങ്ങള്‍ തടയാനുള്ള വാക്‌സിനുകള്‍ ഇതില്‍ പ്രധാനപ്പെട്ടവയാണ്.

ഇന്നത്തെ മരുന്ന് നിര്‍മ്മാണ മാതൃകകള്‍ ലാഭേച്ഛ മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. വന്‍കിട മരുന്ന് കമ്പനികള്‍ക്ക് തങ്ങളുടെ മുതല്‍ മുടക്കില്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു ലാഭമുണ്ടാക്കാന്‍ സാംക്രമിക രോഗങ്ങള്‍ക്കായുള്ള വാക്‌സിനുകളുടെ ഉല്‍പാദനത്തിലൂടെ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ മരുന്ന് നിര്‍മ്മാണ കമ്പനികളില്‍ ഭൂരിഭാഗവും വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിന്ന് മൊത്തമായിത്തന്നെ വിട്ടു നില്‍ക്കുകയാണ്.

അതായത് വാക്‌സിന്‍ വികസനം എന്നത് ഒരു പൊതു ജനാരോഗ്യ പരിപാടി എന്നതിനേക്കാള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള ഒരു ഏര്‍പ്പാടായി മാറിയതിന്റെ അനന്തരഫലമായിട്ടായിരുന്നു ഈ മാറ്റം. 1967 ല്‍ ഡസന്‍ കണക്കിന് യു.എസ് ഫാര്‍മ കമ്പനികളില്‍ വാക്‌സിന്‍ ഗവേഷണ വിഭാഗങ്ങളും വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനുള്ള സംവിധാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ റിച്ചാര്‍ഡ് നിക്‌സണിന്റെ ഭരണകാലത്ത് സ്വകാര്യവല്‍ക്കരണത്തിന്റെ തോത് ക്രമാധീതമായി വര്‍ദ്ധിക്കുകയും, 1979 ഓടെ ഇത്തരം കമ്പനികളുടെ എണ്ണം ഒറ്റ അക്കത്തിലേക്ക് ചുരുങ്ങുകയും ചെയ്തു.

അതേവര്‍ഷം തന്നെ ടെക്‌നോളജി അസ്സസ്‌മെന്റ് ഓഫീസ് ഒരു പഠന റിപ്പോര്‍ട്ട് പുറത്തിറക്കുകയും ഇതില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആ റിപ്പോര്‍ട്ട് അവസാനിക്കുന്നത് ഇങ്ങനെയാണ്,

വാക്‌സിന്റെ കാര്യത്തില്‍ പ്രകടമായി കുറഞ്ഞുവരുന്ന പ്രതിബദ്ധത മൂലം അമേരിക്കന്‍ മരുന്നുല്‍പ്പാദന വ്യവസായത്തില്‍ വാക്‌സിന്‍ ഗവേഷണം, വികസനം, ഉല്‍പ്പാദനം എന്നിവ ശരിക്കും ആശങ്കാജനകമായ തലങ്ങളിലേക്ക് എത്തിച്ചേര്‍ന്നേക്കാം.

ഈ രംഗത്ത് അവശേഷിക്കുന്ന നാമമാത്രമായ വാക്‌സിന്‍ കമ്പനികള്‍ വളരെ ഏകീകൃതമായ മത്സരം വഴി വാക്‌സിന്‍ വിപണിയെ നിയന്ത്രിക്കുന്നവയാണ്. പക്ഷേ, അവയൊന്നും തന്നെ കൊറോണ വൈറസ് വാക്‌സിന്‍ വന്‍ തോതില്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളവയല്ല.

അതിനു പുറമെ നിലവിലെ യു.എസ് പോളിസി അനുമാനിക്കുന്നത് ഈ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് മാത്രമേ വാക്‌സിനുകള്‍ വിപണിയിലെത്തിക്കാന്‍ കഴിയുകയുള്ളു എന്നാണ്. എന്നാല്‍ അതിനു വിപരീതമായി എടുത്തു പറയാന്‍ തക്കതായ ചരിത്രപരമായ ഉദാഹരണങ്ങള്‍ വളരെയധികമുണ്ട്.

രണ്ടാം ലോകമഹായുദ്ധകാലത്തും അതിന്റെ അനന്തരഫലമായും യു.എസ് മിലിട്ടറി ,വാക്‌സിന്‍ വികസന രംഗത്തേക്ക് കാലെടുത്തു വെച്ചു. അതിനായി വ്യവസായങ്ങളെയും സര്‍വ്വകലാശാലകളുടെ പഠന ഗവേഷണ വിഭാഗങ്ങളെയും കോര്‍ത്തിണക്കി. ഈ കൂട്ടായ പരിശ്രമം വാക്‌സിന്‍ വികസന രംഗത്ത് അതി നൂതനമായ മാറ്റം കൊണ്ടുവരികയും യുദ്ധമവസാനിച്ചതിന് ശേഷവും ഏറെക്കാലത്തേക്ക് അത് നിലനില്‍ക്കുകയും ചെയ്തു.

വാക്‌സിന്‍ ഉല്‍പ്പാദനത്തിനുള്ള തടസ്സങ്ങളില്‍ കൂടുതലും ശാസ്ത്രീയ വെല്ലുവിളികളായിരുന്നില്ല മറിച്ച് സ്ഥാപനപരമായ പ്രശ്‌നങ്ങളായിരുന്നു എന്നതാണ് ഇതിലൂടെ തെളിയിക്കപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പരിണിത ഫലമായി പല വാക്‌സിനുകളും വികസിപ്പിച്ചെടുത്തത്, ശാസ്ത്രത്രജ്ഞന്‍മാര്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വികസിപ്പിച്ചെടുത്ത അടിസ്ഥാന തത്ത്വങ്ങളെ ആസ്പദമാക്കിയായിരുന്നു. ഇത്തരം ആശയങ്ങളെ ലബോറട്ടറിയില്‍ നിന്നും പുറത്തെടുത്ത് പ്രവര്‍ത്തനക്ഷമമായ വാക്‌സിനുകളാക്കി മാറ്റുകയായിരുന്നു.
പുതുതായി രൂപീകൃതമായ ഒരു ഫ്‌ലൂ കമ്മീഷനും ഈ വാക്‌സിന്‍ വികസന പരിപാടിയുടെ ഭാഗമായി. അതിവിശാലമായതും സംയുക്തമായി പ്രവര്‍ത്തിക്കുന്നതുമായ ഒരു ശൃംഖലയായി ഇത് മാറി.

ഇന്ന്, ഒരു പുതിയ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ശരാശരി എട്ടു മുതല്‍ പതിനഞ്ചു വര്‍ഷം വരെ എടുക്കുമെന്നിരിക്കെ കമ്മീഷന്‍ അവരുടെ വാക്‌സിനായി എഫ്.ഡി.എയുടെ അംഗീകാരം നേടിയെടുത്തിരുന്നത് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളിലായിരുന്നു.

ചരിത്രകാരനായ കെന്‍ഡല്‍ ഹോയ്റ്റിന്റെ അഭിപ്രായത്തില്‍ അക്കാലത്ത്, ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ ഇന്നത്തെപ്പോലെ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് വലിയ തടസ്സമായിരുന്നില്ല. ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദ്രുതഗതിയില്‍ നിലവിലുള്ള എല്ലാ വിവരങ്ങളും ഏകീകരിക്കുന്നതിനും അത് പ്രയോഗവല്‍ക്കരിക്കുന്നതിനും സാധിച്ചു. ഈയൊരു സാഹചര്യത്തെ അപഗ്രഥിച്ചുകൊണ്ട് ഹോയ്റ്റ് ഇങ്ങനെ കുറിച്ചിടുന്നു. വാക്‌സിന്‍ വികസനത്തിന്റെ കാര്യമെടുക്കുമ്പോള്‍ സഹകരണ സ്വഭാവമുള്ളതും കര്‍മ്മനിരതവുമായ ഒരു സമീപനം യുദ്ധാനന്തര കാലഘട്ടത്തില്‍പ്പോലും നിലനില്‍ക്കാന്‍ അതിനെ സഹായിച്ചു. അതായത്, അടിയന്തിരവും ഘടനാ പരവുമായ യുദ്ധകാല പരിപാടികള്‍ അവസാനിപ്പിച്ചതിന് ശേഷം പോലും.

ഇത് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലങ്ങളില്‍ വളരെ ഉയര്‍ന്ന നിരക്കില്‍ വാക്‌സിന്‍ നവീകരണം സാധ്യമാക്കി. ഇന്നോ?
അമേരിക്കയിലെ നികുതി ദാതാക്കളുടെ പണം ഉപയോഗിച്ച് മരുന്ന് വ്യവസായ കമ്പനികള്‍ വാക്‌സിനുകളുടെ ഗവേഷണവും വികസനവും ഏറ്റെടുക്കുന്നു. എന്നിട്ട് അമേരിക്കന്‍ പൗരന്മാരില്‍ നിന്ന് ലോകത്തേറ്റവും വലിയ വില ഈടാക്കുകയും ചെയ്യുന്നു. നികുതി ദാതാക്കള്‍ കൊറോണ വൈറസിന്റെ ചികിത്സക്കും വാക്‌സിന്റെ വികസനത്തിനുമായി പതിമൂന്ന് ബില്യണ്‍ ഡോളര്‍ ഇതിനോടകം തന്നെ ചിലവഴിച്ചു കഴിഞ്ഞിട്ടുണ്ട്.

പബ്ലിക്ക് സിറ്റിസണ്‍ എന്ന എന്‍.ജി.ഒ തങ്ങളുടെ മികച്ച സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് കണ്ടെത്തിയ കണക്കുകള്‍ പ്രകാരം ഈ സംഖ്യ ഇനിയും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇനി ഒരു കാരണവശാലും നാം ചെയ്യാന്‍ പാടില്ലാത്ത മറ്റൊരു കാര്യം കഠിനപ്രയത്‌നം ചെയ്യുന്ന നമ്മുടെ ഗവേഷണ ശേഷിയെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന് സമ്മാനിക്കുക എന്നതാണ്. അങ്ങനെ ചെയ്താല്‍ നാം പണം മുടക്കി നിര്‍മ്മിച്ച ഒരു വാക്‌സിന് അവര്‍ നമ്മില്‍ നിന്നു തന്നെ കഴുത്തറുപ്പന്‍ വിലകള്‍ ഈടാക്കുകയാവും ഫലം.

മരുന്നു നിര്‍മ്മാണ വ്യവസായത്തിന്റെ കച്ചവട മാതൃകയെന്തെന്നാല്‍ ,അവരുടെ കുത്തക അധികാരം വിനിയോഗിച്ച് കൊണ്ട് അന്യായമായ വില ഈടാക്കുകയും അന്യായമായി ലാഭം കൊയ്യുകയുമാണ്. അവരുടെ ലക്ഷ്യം പൊതുജനാരോഗ്യത്തിന് മുന്‍ഗണ നല്‍കുക എന്നതല്ല. മറിച്ച് പൊതുജനത്തിന്റെ കീശ കാലിയാക്കുകയും പണം കൊള്ളയടിക്കുകയുമാണ്.

ഒരു അമേരിക്കന്‍ നികുതി ദാതാവിനെ സംബന്ധിച്ച് ഒരു വാക്‌സിന് രണ്ട് പ്രാവശ്യം പണമടക്കേണ്ടി വരിക എന്നത് തികച്ചും അന്യായമായ ഒരു കാര്യമാണ്. എന്നാല്‍ ഇത് ‘ന്യായ’ ത്തിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് ശേഷിയുടെയും കാര്യക്ഷമതയുടെയും കൂടി പ്രശ്‌നമാണ്. വാക്‌സിന്‍ വികസനത്തിന്റെ സുവര്‍ണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലം കരുണാര്‍ദ്രമായ ഹൃദയങ്ങളുടെ സഹതാപത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതല്ല, മറിച്ച് കേവലം ഒരു അനിവാര്യത മാത്രമായിരുന്നു. 1918 ല്‍ സര്‍വ്വനാശം വിതച്ചുകൊണ്ട് സംഹാര താണ്ഡവമാടിയ ഇന്‍ഫ്‌ലുവന്‍സ എന്ന മഹാമാരി 675,000 അമേരിക്കക്കാരുടെ ജീവനെടുത്തപ്പോള്‍ ,ലോകമെമ്പാടും ചുരുങ്ങിയത് 50 മില്യണ്‍ ജനങ്ങളുടെ ജീവനാണ് പൊലിഞ്ഞത്. ഒരു മഹാമാരിയെ തുരത്താനാവശ്യമായ അളവില്‍ ആഗോള തലത്തില്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഏതൊരു സ്വകാര്യ സംരഭത്തിനും സാധ്യമല്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമേരിക്കന്‍ നികുതി ദാതാക്കളുടെ പണത്തില്‍ നിന്നും ബില്ല്യണ്‍ കണക്കിന് ഡോളറുകള്‍ ചെലവഴിച്ചാല്‍പ്പോലും,
ഇതിനോടകം തന്നെ 28 മില്യണ്‍ ജനങ്ങളെ രോഗബാധിതരാക്കുകയും അതില്‍ 900,000 ന്റ ജീവനെടുക്കുകയും ചെയ്ത ഒരു ആഗോള മഹാമാരിയെ പിടിച്ചുകെട്ടാന്‍ മതിയായ അളവില്‍ വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കാന്‍ ഏതൊരു കമ്പനിക്കും ഒറ്റക്ക് സാധ്യമല്ല.
ചില എണ്ണപ്പെട്ട കമ്പനികള്‍ തമ്മിലുള്ള മത്സരത്തേക്കാള്‍ നമുക്ക് വേണ്ടത് മുഴുവന്‍ മേഖലകളുടെയും സഹകരണമാണ്.

വാക്‌സിന്‍ വികസന മേഖലയെ പൊതു ഉടമസ്ഥതയിലേക്ക് കൊണ്ടു വരുന്നത് വഴി , നാം ഇന്ന് നേരിടുന്ന തരത്തിലുള്ള ഒരു പ്രതിസന്ധി ഘട്ടത്തില്‍ വാക്‌സിന്‍ വ്യവസായത്തിന്റെ മുഴുവന്‍ കരുത്തും ഉപയോഗപ്പെടുത്തിക്കൊണ്ട് ദ്രുതഗതിയില്‍ വാക്‌സിന്റെ വികസനവും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കാനാകും. യഥാര്‍ത്ഥത്തില്‍, ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിനും തുരത്തുന്നതിനും ആഗോള തലത്തില്‍ വാക്‌സിന്‍ വിന്യാസം നടത്താന്‍ ഏതൊരു രാജ്യത്തിനും സ്വയം സാധ്യമല്ല. ആഗോള തലത്തിലുള്ള സഹകരണത്തിലൂടെ മാത്രമേ ഒരു ആഗോള മഹാമാരിയെ പിടിച്ചു കെട്ടാനും ഇല്ലാതാക്കാനും നമുക്ക് കഴിയുകയുള്ളു.

നമ്മള്‍ വാക്‌സിന്‍ വ്യവസായത്തെ ഉടന്‍ തന്നെ പൊതു ഉടമസ്ഥതയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. പൊതു ഉടമസ്ഥത സഹജമായിത്തന്നെ അയവുള്ളതാണ്. അതുകൊണ്ട്തന്നെ പൊതു സ്ഥാപനങ്ങളെ നിര്‍ദ്ദിഷ്ട പൊതു ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യാന്‍ എല്ലായ്‌പ്പോഴും സാധ്യമാണ്. പരമാവധി ലാഭമുണ്ടാക്കുക എന്ന ഘടനാപരമായ നിയന്ത്രണങ്ങളില്‍ നിന്ന് മോചിതരാണ് എന്നതിനാല്‍ ‘പൊതുജനാരോഗ്യം’ എന്ന സുപ്രധാനമായ ഒരു ആശയത്തെ മുന്‍നിര്‍ത്തിക്കൊണ്ട് പബ്ലിക് വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വ്യത്യസ്തമായ ഒരു രീതിയില്‍ നിര്‍മ്മിച്ചെടുക്കാനാകും.

ഈ ആധുനിക കാലത്ത് മാത്രമാണ്, സ്വകാര്യ വ്യവസായങ്ങള്‍ക്ക് മാത്രമേ പൊതുജനാരോഗ്യ ഉല്‍പന്നങ്ങള്‍ എത്തിച്ചു തരാനുള്ള പ്രാപ്തിയുണ്ടായിരിക്കുകയുള്ളു എന്ന് നാം നടിച്ചിട്ടുള്ളത്. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായങ്ങള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത് ഷെയറുകളുടെ തിരിച്ചുവാങ്ങലുകള്‍ക്കുംവിപണനത്തിനുമാണ്. അല്ലാതെ ഗവേഷണത്തിനും വികസനത്തിനുമല്ല. പൊതു മേഖലയിലുള്ള പണം ഗവേഷണത്തിനും വികസനത്തിനുമായി വീണ്ടും നിക്ഷേപിച്ചു കൊണ്ട് ജീവന്‍ രക്ഷാവാക്‌സിന്‍ വികസനത്തെ ത്വരിതപ്പെടുത്താനാകും.
ഭീമന്‍ മരുന്ന് കമ്പനികളുടെ മേലധികാരികള്‍ തീരുമാനങ്ങളെടുക്കുന്നത് ലാഭങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ്. അല്ലാതെ പൊതു ആരോഗ്യത്തെയല്ല.

കൂടാതെ അവരുടെ കീശകളിലേക്കിടാത്ത പണം അവര്‍ നിക്ഷേപിക്കുന്നത് രാഷ്ട്രീയക്കാരുടെ കീശകളിലേക്കുമാണ്. ഈ മേഖലയെ ഒന്നടങ്കം നശിപ്പിച്ച് സ്വകാര്യ ലാഭത്തിനു വേണ്ടി പൊതു ആരോഗ്യത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വേണ്ടിയാണിത്. വാക്‌സിനുകള്‍ വിപണന വസ്തുക്കളല്ല. ഒരു മഹാമാരിയെ ചെറുക്കുക എന്നത് യഥാര്‍ത്ഥത്തില്‍ ഒരു മരുന്ന് കമ്പനിയെ സംബന്ധിച്ചിടത്തോളം ഒട്ടും ലാഭകരമല്ല. വാക്‌സിന്‍ വികസനമെന്ന കര്‍ത്തവ്യം ചരിത്രപരമായിത്തന്നെ ഗവണ്‍മെന്റിനാണ് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിര്‍വ്വഹിക്കാന്‍ സാധിച്ചിട്ടുള്ളത്.
അതേ ചരിത്രത്തില്‍ നിന്നും നാം പാഠമുള്‍ക്കൊള്ളുകയും പൊതുജനത്തിനായി വാക്‌സിനുകളെ വീണ്ടെടുക്കുകയും വേണം.

കൊവിഡ് 19 വാക്‌സിന്റെ വിതരണത്തിനായി നമ്മള്‍ സ്വകാര്യ വ്യവസായങ്ങളെ അനുവദിച്ചാല്‍, സര്‍ക്കാര്‍ നടപടികളിലൂടെ നേടിയെടുത്ത തങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് അവര്‍ പരിശോധനകള്‍ തടഞ്ഞുവെക്കും. ഇങ്ങനെയാണ് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായങ്ങള്‍ക്ക് അവര്‍ കൊതിക്കുന്ന രീതിയിലുള്ള വലിയ വില ഈടാക്കാന്‍ കഴിയുന്നത്. ഇനി അമേരിക്കന്‍ സര്‍ക്കാര്‍, പരിശോധനകള്‍ തടഞ്ഞുവെക്കുന്നതില്‍ നിന്നും കമ്പനികളെ പിന്തിരിപ്പിക്കാന്‍ വേണ്ടി ഒരു നിയമം തയ്യാറാക്കുകയാണെങ്കില്‍ കൂടി ഒരു കമ്പനിക്കും ഇത്രയുമധികം ഉല്‍പാദന ശേഷിയോ മറ്റു സന്നാഹങ്ങളോ ഉണ്ടായിരിക്കുകയില്ല.

അതായത് ലോകമെമ്പാടുമുള്ള 7.8 ബില്യണ്‍ ജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായത്രയും അളവില്‍ ഇത്തരമൊരു വാക്‌സിന്‍ ആഗോള തലത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനും ഒരു കമ്പനിയെക്കൊണ്ടും തനിച്ച് സാധ്യമല്ല. ഒരു വൈറസിനെ സംബന്ധിച്ചിടത്തോളം അതിര്‍ത്തികള്‍ നിരര്‍ത്ഥകമാണ്. ഇന്ന് ആഗോള യാത്രകള്‍,സുഗമമായ യാത്രാമാര്‍ഗങ്ങള്‍ ,പരസ്പരബന്ധങ്ങള്‍ എന്നിവയിലൂടെ ലോകം ‘ചുരുങ്ങി’ യിരിക്കുകയാണ്. അതിനാല്‍ എവിടെയെങ്കിലുമൊരിടത്ത് വൈറസിന് തഴച്ച് വളരാനായാല്‍ അതിന്റെ അപകട സാധ്യത എല്ലായിടത്തുമുണ്ടാകും.

നിര്‍ഭാഗ്യവശാല്‍, ട്രംപ് ഭരണകൂടത്തിന്റെ നിലവിലെ നയങ്ങള്‍ രൂപീകരിക്കപ്പെട്ടത് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായവും ദേശീയവാദി കാലാള്‍പ്പടയും ചേര്‍ന്നാണ്. അവരാകട്ടെ ലാഭത്തെക്കുറിച്ചും അവരെക്കുറിച്ചും മാത്രം ശ്രദ്ധിക്കുന്നവരുമാണ്. പൊതുജനാരോഗ്യത്തെക്കുറിച്ചോ
ഒരു മഹാമാരിയെ തടുക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ എന്തെല്ലാം വേണമെന്നതിനെക്കുറിച്ചോ യാതൊരു കരുതലോ ധാരണയോ ഇല്ലാതെ നിലവില്‍ യു.എസ് ഏകോപനത്തിനെതിരായ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

വാക്‌സിന്‍ വ്യവസായത്തെ മുഴുവനായും പൊതു ഉടമസ്ഥതയിലേക്ക് കൊണ്ടു വരികയും ആവശ്യമായ സ്ഥലങ്ങളില്‍ ജനാധിപത്യപരമായ ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുകയും വേണം. എങ്കില്‍ മാത്രമേ കൊവിഡ് 19 നും അതുപോലെ ഭാവിയില്‍ വരാന്‍ പോകുന്ന മഹാമാരികള്‍ക്കും എതിരെ അന്താരാഷ്ട്രവല്‍ക്കരിച്ച ഒരു പ്രതികരണം സാധ്യമാവുകയും അതുവഴി വാക്‌സിനുകളെ ഒരു ആഗോള പൊതുനന്മയായി ശരിയായ രീതിയില്‍ അംഗീകരിക്കപ്പെടുകയുമുള്ളു.

പൊതു മേഖലയില്‍ വികസിപ്പിക്കപ്പെട്ട വാക്‌സിനുകള്‍ക്ക് ഒരു ആഗോള പൂള്‍ വഴി അനുമതി നല്‍കാന്‍ കഴിയും. അഥവാ മൊത്തത്തില്‍ കുത്തകാവകാശം ആര്‍ക്കും നല്‍കാതെ അതിന്റെ വികസനവും വിപണനവും നടത്തപ്പെടുക. എന്നാല്‍ വാക്‌സിനുകള്‍ എല്ലാവര്‍ക്കും ലഭ്യമാകുകയും യുക്തിയുക്തമായ പൊതുജനാരോഗ്യ ഇടപെടലുകള്‍ക്ക് അനിവാര്യമായ രീതിയില്‍ കൃത്യവും ഉചിതവുമായ പരിശോധന ഉറപ്പാക്കുകയും ചെയ്യും. ഒരു സംയുക്ത വാക്‌സിന്‍ വികസന ഏജന്‍സിക്ക് വ്യവസായത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ‘നിഗൂഢത’ യെ തകര്‍ക്കാനും വിവരങ്ങള്‍ പങ്കിടാനായി സ്വയം സമര്‍പ്പിക്കാനും കഴിയും. അങ്ങനെ ലോകത്താകമാനം നവീകരണത്തെ ത്വരിതപ്പെടുത്താനുമാകും.

 കോമണ്‍ ഡ്രീംസില്‍ വന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

ഈ ലേഖന പരമ്പരയുടെ ഒന്ന് രണ്ട് മൂന്ന് ഭാഗങ്ങള്‍ ഇംഗ്ലീഷില്‍ വായിക്കാം. ഒന്ന്, രണ്ട്, മൂന്ന് .

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: We must take vaccine industry public ownership ensure its products are available

അലക്‌സ് ലോസണ്‍

അമേരിക്കയിലെ സോഷ്യല്‍ സെക്യൂരിറ്റി വര്‍ക്‌സ് എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍