| Monday, 30th October 2023, 3:19 pm

വെറുപ്പിന് മീതെ നമ്മുടെ വാക്കുകള്‍ ഉറക്കെ വിളിച്ചു പറയണം, അത് എന്നും തുടര്‍ന്ന് കൊണ്ടിരിക്കും: ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കളമശ്ശേരി കണ്‍വെന്‍ഷന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റിന് ലഭിച്ച അഭിനന്ദനങ്ങളില്‍ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം. വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വര്‍ഗ, മത, വര്‍ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണെന്ന് ഷെയ്ന്‍ പറഞ്ഞു.

സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോള്‍ വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ഷെയ്ന്‍ പറഞ്ഞു.

‘ഹലോ ഡിയര്‍ ഫ്രണ്ട്‌സ്, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തില്‍ ഒരുപാട് ആളുകള്‍ അഭിനന്ദനങ്ങളും ഐക്യദാര്‍ഢ്യവും നല്‍കുന്നുണ്ട്. സന്തോഷം തന്നെ. ഞാന്‍ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വര്‍ഗ, മത, വര്‍ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എന്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്.

സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനില്‍ക്കേണ്ട ലോകത്ത്, സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോള്‍, ഞാനല്ല, നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാന്‍ വിശ്വസിക്കുന്നത്. അത് എന്നും തുടര്‍ന്ന് കൊണ്ടിരിക്കും,’ ഷെയ്ന്‍ പറഞ്ഞു.

യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനത്തില്‍ വിദ്വേഷ പ്രചരണം ആരംഭിച്ചതിന് പിന്നാലെ ഷെയ്ന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയതെന്നും ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഷെയ്ന്‍ പറഞ്ഞു. ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഷെയ്ന്‍ പറഞ്ഞിരുന്നു.

വൈകിട്ടോടെ ജനക്കൂട്ടം എത്തുന്ന പരിപാടികളില്‍ പാലിക്കേണ്ട സുരക്ഷ ക്രമീകരണങ്ങളെ പറ്റിയും ഷെയ്ന്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധിക്കെപ്പെട്ടിരുന്നു.

Content Highlight: We must shout our words over the hate, says Shane Nigam

We use cookies to give you the best possible experience. Learn more