| Sunday, 17th November 2019, 6:59 pm

ആദ്യം ടി.ഡി.പി, പിന്നെ ആര്‍.എല്‍.എസ്.പി, ഇപ്പോള്‍ ശിവസേന; എന്‍.ഡി.എയില്‍ കക്ഷികളുടെ എണ്ണം കുറഞ്ഞുവരുന്ന കാര്യം ചൂണ്ടിക്കാട്ടി എല്‍.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന എന്‍.ഡി.എ യോഗത്തില്‍ ശിവസേനയുടെ അസാന്നിധ്യം പ്രകടമായതായി എല്‍.ജെ.പി നേതാവ് ചിരാഗ് പസ്വാന്‍. എന്‍.ഡി.എ സഖ്യകക്ഷികളുടെ എണ്ണം കുറഞ്ഞുവരുന്നതില്‍ അദ്ദേഹം ആശങ്കയും പ്രകടിപ്പിച്ചു.

നേരത്തേ ടി.ഡി.പിയും പിന്നീട് ആര്‍.എല്‍.എസ്.പിയും സഖ്യം വിട്ടതായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ചിരാഗ് ചൂണ്ടിക്കാട്ടി.

എന്‍.ഡി.എയ്ക്ക് ഒരു ഏകോപന സമിതിയുണ്ടാക്കുകയോ കണ്‍വീനറെ നിയോഗിക്കുകയോ ചെയ്യണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോടു താന്‍ അഭ്യര്‍ഥിച്ചതായി അദ്ദേഹം വ്യക്തമാക്കി. സഖ്യകക്ഷികളുടെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാനും മെച്ചപ്പെട്ട ഏകോപനത്തിനും ഇതു സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ എന്‍.ഡി.എയിലെ കക്ഷികളെല്ലാവരും ഒരുമിച്ചു തന്നെ പ്രവര്‍ത്തിക്കുമെന്നും അതിനായി കൂടുതല്‍ യോഗങ്ങള്‍ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യമാണ് എല്‍.ജെ.പി അധ്യക്ഷനായി ചിരാഗ് പസ്വാനെ നിയമിച്ചത്.

പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിലാണ് എന്‍.ഡി.എ യോഗം ചേര്‍ന്നത്. മോദിക്കു പുറമേ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, തവര്‍ചന്ദ് ഗെഹ്‌ലോട്ട്, വി. മുരളീധരന്‍, അര്‍ജുന്‍ റാം മേഘ്‌വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്‍.ഡി.എ കക്ഷികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ശിവസേനയും തമ്മിലുണ്ടായ പോരാണ് ഇതിനു കാരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്തിടെ ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് തത്സ്ഥാനത്തു നിന്നു രാജിവെച്ചിരുന്നു. എന്‍.ഡി.എയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചാല്‍ മാത്രമേ സര്‍ക്കാരുണ്ടാക്കാന്‍ കൂടെ നില്‍ക്കൂവെന്ന എന്‍.സി.പിയുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്.

ചിത്രത്തിന് കടപ്പാട്: ഇന്ത്യ ടുഡേ

We use cookies to give you the best possible experience. Learn more