ആവശ്യമെങ്കില്‍ സംസ്ഥാനത്ത് ബജ്‌റംഗ്ദളിനെ നിരോധിക്കും; ഛണ്ഡിഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍
India
ആവശ്യമെങ്കില്‍ സംസ്ഥാനത്ത് ബജ്‌റംഗ്ദളിനെ നിരോധിക്കും; ഛണ്ഡിഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th May 2023, 1:28 pm

ഛണ്ഡിഗഢ്: ബജ്റംഗ്ദളിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കില്‍ സംസ്ഥാനത്ത് സംഘടനയെ നിരോധിക്കുന്നത് ആലോചിക്കുമെന്നും ഛണ്ഡിഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍.

കര്‍ണാടക സ്വീകരിച്ചത് പോലുളള നടപടികളിലേക്ക് കടക്കില്ലെന്നും രണ്ട് സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്തമാണെന്നും ഭാഗല്‍ പറഞ്ഞു.

‘ബജ്റംഗ്ദള്‍ ഇവിടെ ചില അസ്വസ്ഥതതകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ അവരെ തിരുത്തി. കര്‍ണാടക കോണ്‍ഗ്രസ് ബജ്റംഗ്ദളിനെതിരെ സ്വീകരിച്ചത് പോലുളള നിലപാട് ഇവിടെയും സ്വീകരിക്കണമെന്നില്ല. ആവശ്യമെങ്കില്‍ അതിനെ കുറിച്ച് ആലോചിക്കാം. ഞങ്ങളുടെ നേതാക്കളും പാര്‍ട്ടി ഭാരവാഹികളും പ്രശ്നങ്ങള്‍ അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്’, ഭാഗല്‍ പറഞ്ഞു.

എന്നാല്‍ ഭാഗലിന്റെ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനവുമായി സംസ്ഥാനത്തെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ‘ആദ്യമവര്‍ രാമജന്മഭൂമിക്കും രാമസേതുവിനും തെളിവുകള്‍ ചോദിച്ചു. ഇപ്പോള്‍ അവര്‍ ബജ്റംഗ്ദളിനെ ചോദ്യം ചെയ്യുന്നു. ഛണ്ഡിഗഢിലെ ജനങ്ങള്‍ ഇത് സഹിക്കില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ജനങ്ങള്‍ വോട്ട് ചെയ്യും’, മുതിര്‍ന്ന ബി.ജെ.പി നേതാവ് ബ്രിജ് മോഹന്‍ അഗര്‍വാള്‍ പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി കൊണ്ട് ബജ്റംഗദളിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. ‘ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്വേഷം പടര്‍ത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കടുത്ത നിലപാടെടുക്കും. ബജ്റംഗ്ദള്‍ പി.എഫ്.ഐ തുടങ്ങിയ സംഘടനകളെ നിരോധിക്കുന്നത് ഉള്‍പ്പെടെയുളള നടപടികളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

‘ഭരണഘടന പവിത്രമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അത് വ്യക്തികള്‍ക്കോ ബജ്റംഗദള്‍, പി.എഫ്.ഐ പോലുളള സംഘടനകള്‍ക്കോ മറ്റു വിദ്വേഷം പടര്‍ത്തുന്നവര്‍ക്കോ ഭൂരിപക്ഷത്തിനോ ന്യൂനപക്ഷത്തിനോ ലംഘിക്കാനുളളതല്ല’, എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

Content Highlight: We may consider banning Bajrang Dal, if needed’: Chhattisgarh CM Bhupesh Baghel