തിരുവനന്തപുരം: പാമ്പ് കടിച്ച കുട്ടിയെ രക്ഷിച്ച സി.പി.ഐ.എം പ്രവര്‍ത്തകന്‍ ജിനിലിനെയും കൊച്ചിയില്‍ രക്ഷിതാക്കള്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ കൊച്ചു കുഞ്ഞിനെ സംരക്ഷിച്ച ഡോക്ടര്‍ മേരി അനിതയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒരു ദുരിത കാലത്താണ് കൂടെ ആരൊക്കെയുണ്ട് എന്ന് നമ്മളറിയുന്നത്. സ്‌നേഹത്തിന്റെയും കരുതലിന്റെയും എത്രയെത്ര മാതൃകകള്‍ നമ്മള്‍ കണ്ടു. ജാതിയും മതവും ഭാഷയും ദേശവും ഒന്നും ഇതില്‍ തടസമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസവും ഇതിനുള്ള ഉദാഹരണം കണ്ടു. പാണത്തൂരിലെ വീട്ടില്‍ പാമ്പു കടിയേറ്റ കുട്ടിയെ ജിനില്‍ എന്ന പൊതുപ്രവര്‍ത്തകന്‍ മറ്റൊന്നും നോക്കാതെ രക്ഷപ്പെടുത്തുന്നതിന് ശ്രമിച്ചു. തികച്ചും മാതൃകപരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രക്ഷിതാക്കള്‍ക്ക് കൊവിഡ് ബാധിച്ചതോടെ ഒറ്റയ്ക്ക് ആയി പോയ കൊച്ചുകുട്ടിയ സംരക്ഷിച്ച കൊച്ചിയിലെ ഡോ. മേരി അനിതയെയും അദ്ദേഹം പ്രശംസിച്ചു. പി.പി കിറ്റും ധരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്ന പൊതുപ്രവര്‍ത്തകരും യുവജനങ്ങളും നമ്മുടെ നാട്ടിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ ബി.ജെ.പി കൗണ്‍സിലറുടെ നടപടിയ്ക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.