മസാച്യുസെറ്റ്‌സ്: മരണത്തെ മാത്രമെ താന്‍ ഭയക്കുന്നുള്ളുവെന്നും പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കപ്പെടുമെന്ന ഭയമില്ലെന്നും ബ്രസീല്‍ പരിശീലകന്‍ ദുംഗ. കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ പെറുവിനോട് പരാജയപ്പെട്ട് ക്വാര്‍ട്ടര്‍ കാണാതെ നിന്നും പുറത്തായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റിന് ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും ഏത് രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അറിയാം. ഞങ്ങളുടെ മേലുള്ള സമ്മര്‍ദത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. വിമര്‍ശനത്തോടൊപ്പമാണ് പരിശീലക സ്ഥാനം വരുന്നതെന്നും അറിയാം ദുംഗ വ്യക്തമാക്കി.
ബ്രസീല്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കുമ്പോള്‍ ആഗ്രഹിച്ച ഫലം കിട്ടിയില്ലെങ്കില്‍ ആരാധകരുടെ രോഷത്തിന് പാത്രമാകേണ്ടി വരും. തങ്ങളുടെ ഫുട്‌ബോള്‍ ടീമിനെ പുതിയ പാതയിലെത്തിക്കാന്‍ 14 വര്‍ഷമാണ് ജര്‍മ്മനി എടുത്തത്. അവരുടെ ആ കഠിന ശ്രമത്തെ നാം പുകഴ്ത്തി. എന്നാല്‍ ബ്രസീലിന്റെ കാര്യം വരുമ്പോള്‍ രണ്ടു മിനുട്ടിനകം നമുക്ക് മറുപടി വേണം.
ഫുട്‌ബോളില്‍ ജോലി തുടങ്ങുമ്പോള്‍ ആദ്യം വേണ്ടത് ക്ഷമയാണ്. തുടര്‍ച്ചയാണ് ആവശ്യം, എന്താണ് ചെയ്യുന്നെന്നതിലുള്ള പരിപൂര്‍ണ വിശ്വാസവും. ജര്‍മനിക്ക് ക്ഷമയുണ്ട്, ബ്രസീലിനാകട്ടെ ക്ഷമയില്ല. പെട്ടെന്നുള്ള ഫലങ്ങളാണ് നമുക്ക് വേണ്ടത്. എന്നാലിതാകട്ടെ തുടര്‍ച്ചയുടെ ഭാഗമായാണ് വരുന്നത് ദുംഗ നയം വ്യക്തമാക്കി