"മുസ്‌ലിങ്ങള്‍ എന്തായാലും ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യില്ല, അവര്‍ക്കായി സമയം ചെലവാക്കേണ്ട"; കൃഷക് സുരക്ഷാ അഭിയാന്‍ ന്യൂനപക്ഷ മേഖലയില്‍ നടപ്പാക്കില്ലെന്ന് ബംഗാള്‍ ബി.ജെ.പി
കൊല്‍ക്കത്ത: ബി.ജെ.പിയുടെ കാര്‍ഷിക ബോധവല്‍ക്കരണ പരിപാടിയായ കൃഷക് സുരക്ഷാ അഭിയാന്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ നടപ്പാക്കേണ്ടതില്ലെന്ന് ബംഗാള്‍ ഘടകം. ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യില്ലെന്നുറപ്പാണെന്നും അവര്‍ക്കായി ഊര്‍ജം ചെലവാക്കേണ്ടതില്ലെന്നുമാണ് ബംഗാള്‍ ബി.ജെ.പിയിലെ നേതാക്കള്‍ പറയുന്നത്.
‘ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടര്‍മാരെ ഒഴിവാക്കിയാണ് ഞങ്ങളുടെ പ്രചരണം. അവര്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യില്ലെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ അവര്‍ക്കായി ചെറിയ ശതമാനം ഊര്‍ജം പോലും ചെലവാക്കേണ്ടതില്ല’, മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വം ആവിഷ്‌കരിച്ച കൃഷക് സുരക്ഷാ അഭിയാനെ സംബന്ധിച്ച ക്യാംപെയ്ന്‍ ന്യൂനപക്ഷങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ നടത്തേണ്ടതില്ലെന്നും സംസ്ഥാന ഘടകം തീരുമാനിച്ചു.
ബംഗാളില്‍ 85 ഓളം നിയമസഭാ മണ്ഡലങ്ങളില്‍ ഗതി നിര്‍ണയിക്കാന്‍ ശക്തിയുള്ളവരാണ് മുസ്‌ലിം വോട്ടര്‍മാര്‍. ഹൂഗ്ലി, ഹൗറ, സൗത്ത് 24 പര്‍ഗാനകള്‍, നോര്‍ത്ത് 24 പര്‍ഗാനകള്‍, മുര്‍ഷിദാബാദ്, നാദിയ തുടങ്ങിയ ജില്ലകളില്‍ വന്‍തോതില്‍ ന്യൂനപക്ഷ കര്‍ഷകരുണ്ട്.