വാഷിങ്ടണ്‍: മുംബൈ, ദല്‍ഹി ബി.ബി.സി ഓഫീസുകളില്‍ നടക്കുന്ന റെയ്ഡില്‍ ജാഗ്രതയോടെ പ്രതികരിച്ച് അമേരിക്ക. റെയ്ഡിന് പിന്നിലെ വസ്തുതകള്‍ എന്താണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും, ഈ ഒരു കാര്യത്തില്‍ അഭിപ്രായം പറയാന്‍ സാധിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ്(Ned Price) പറഞ്ഞു.
ആദായനികുതി വകുപ്പിന്റെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് എതിരല്ലെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എവിടെയും തൊടാതെയായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.
‘റെയ്ഡിന് പിന്നിലുള്ള വസ്തുതകള്‍ ഞങ്ങള്‍ക്ക് അറിയാം. ഇപ്പോള്‍ അതിലൊരു വിധി പറയാന്‍ എനിക്ക് സാധിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സാര്‍വത്രിക അവകാശങ്ങളാണ്. അതുതന്നെയാണ് ജനാധിപത്യത്തിന്റെ അടിത്തറ. ഇതാണ് അമേരിക്കയുടെയും ഇന്ത്യയുടെയും ശക്തി,’ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
ഡോക്യുമെന്ററി ബാന്‍ ചെയ്ത പശ്ചാത്തലത്തിലും ആദ്യ ഘട്ടത്തില്‍ വ്യക്തമായ മറുപടി പറയാന്‍ അമേരിക്ക തയ്യാറായിരുന്നില്ല. നിങ്ങള്‍ പറയുന്ന ഈ ഡോക്യുമെന്ററിയെ കുറിച്ച് തനിക്കറിയില്ലെന്നും പക്ഷെ ഇന്ത്യക്കും അമേരിക്കക്കുമുള്ള പൊതു താല്‍പര്യങ്ങളെ കുറിച്ച് തനിക്ക് നന്നായറിയാമെന്നുമായിരുന്നു അന്ന് നെഡ് പ്രൈസ് പറഞ്ഞത്. പിന്നീട് പല സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി ബാന്‍ ചെയ്ത വിഷയത്തില്‍ അമേരിക്കയുടെ പ്രതികരണം ഉണ്ടായത്.
എന്നാല്‍ ലോകമെമ്പാടുമുള്ള മാധ്യമങ്ങളും ഇന്ത്യയിലെ പ്രതിപക്ഷ സംഘടനകളും ഈ വിഷയത്തില്‍ വ്യാപകമായ പ്രതിഷേധവുമായി രംഗത്ത് വന്നു.
ഡോക്യുമെന്ററിയുടെ പേരില്‍ ബി.ബി.സി ഓഫീസില്‍ നടക്കുന്ന റെയ്ഡ് ഭീതി ഉളവാക്കുന്നതാണെന്ന് യു.എസ് ആസ്ഥാനമായുള്ള സ്വതന്ത്ര നോണ്‍ പ്രോഫിറ്റ് കമ്മിറ്റി ഫോര്‍ പ്രൊട്ടക്ട് ജേര്‍ണലിസ്റ്റിന്റെ ഏഷ്യന്‍ കോര്‍ഡിനേറ്റര്‍ ബേഹ് ലിഹ് യി പറഞ്ഞു. ഇതിന് മുമ്പും ഇന്ത്യാ സര്‍ക്കാര്‍ ഇത്തരത്തില്‍ മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടിയിരുന്നുവെന്നും ബി.ബി.സി ജീവനക്കാരെ വേട്ടയാടുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.