| Wednesday, 2nd January 2019, 7:46 pm

ജനം വാര്‍ത്തയെ 'പൊളിച്ചടുക്കി' നാം ആഘോഷിച്ചു; അത്രമേല്‍ പൊളിയാതെ പോകുന്ന വ്യാജവാര്‍ത്തകളുടെ കാര്യമോ?

ബച്ചു മാഹി

കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി കേരളത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ട്രോളിന് വിഷയമാകുകയും ചെയ്ത ഒന്നാണ് വര്‍ക്കല സി.എച്ച്. കോളേജില്‍ ഐഎസ്, അല്‍ഖ്വയ്ദ പതാകയുമായി വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയെന്ന ജനം ടി.വി.യുടെ “എക്‌സ്‌ക്ലൂസീവ്”. പത്ത് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കലാപരിപാടിക്ക് മുഖ്യാതിഥി ആയെത്തിയ നടന്‍ സലിംകുമാറിനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ സി.ഐ.ഡി. മൂസയിലെ കഥാപാത്രത്തെ അനുസ്മരിപ്പിരിച്ച് വേഷം കെട്ടിയുള്ള കുട്ടികളുടെ കലാപ്രകടനമാണ് ആ ചാനല്‍ ഈ രീതിയില്‍ മാറ്റിമറിച്ചത്. പട്ടാപ്പകല്‍ നടന്ന “തീവ്രവാദി പ്രകടന” കഥ മറ്റു മാധ്യമങ്ങളാരും അറിയാതെ പോയതും സംഭവസ്ഥലത്ത് സന്നിഹിതനായിരുന്ന നടന്‍ സലിംകുമാര്‍ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി ഉടന്‍ രംഗത്ത് വന്നതും, “ജനം” തീക്കൊളുത്തിയ കതിനയെ പൊട്ടാത്ത നനഞ്ഞ ഓലപ്പടക്കമാക്കി.

ജനം “വാര്‍ത്ത” ശങ്കക്കിടയില്ലാത്ത വിധം പൊളിഞ്ഞിട്ടും പിറ്റേന്ന് രാവിലെ ഇറങ്ങിയ ജന്മഭൂമി പത്രത്തില്‍ ഒന്നാം പേജിലെ ലീഡ് ന്യൂസ് തലക്കെട്ട് തന്നെ “വര്‍ക്കലയിലെ കോളേജില്‍ അല്‍ഖ്വയ്ദ-ഐഎസ് പ്രകടനം” എന്നായിരുന്നു. ടോയ്ലെറ്റ് കാര്‍ട്ടൂണുകളെക്കുറിച്ച് “ശുചിമുറികളില്‍ ഭീകരവാദ മുദ്രാവാക്യങ്ങള്‍” എന്ന എക്സ്റ്റന്‍ഷനും. മുസ്‌ലിംവിരുദ്ധ, ദളിത് വിരുദ്ധ, മാവോയിസ്റ്റ് വാര്‍ത്തകള്‍ യാതൊരു ഓഡിറ്റും കൂടാതെ സ്വീകരിച്ച് വന്ന കേരളീയ പൊതുബോധമാണ് ഇത്ര ധൃഷ്ടതയോടെ ഒരു സമൂഹത്തെ കടന്നാക്രമിക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നത്.

പുരോഗമന-മതേതര- ജാതിരഹിത സ്വര്‍ഗ്ഗമെന്ന് സ്വയം മേനിനടിക്കുന്ന ഇവിടത്തെ സാമൂഹികാന്തരീക്ഷം തന്നെയാണ് ഇക്കാര്യത്തില്‍ പ്രധാന പ്രതി. അത്തരമൊരു പൊതുബോധ രൂപീകരണത്തില്‍ നിസ്തുലമായ പങ്കാണ് മുഖ്യധാരാ മാധ്യമങ്ങള്‍ നിര്‍വഹിച്ച് വന്നത്. ഡെസ്‌കിലെ ഹിന്ദുത്വ അജന്‍ഡകള്‍ തുറന്നുകാട്ടുന്ന “ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും” എന്നൊരു പുസ്തകം തന്നെ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കമല്‍റാം സജീവിന്റെതായുണ്ട്.

ജനവും ജന്മഭൂമിയും മാത്രമല്ല, മനോരമയും മാതൃഭൂമിയും മംഗളവും കൗമുദിയും അവരുടെ ചാനലുകളും ദേശാഭിമാനിയും ഏഷ്യാനെറ്റും കൈരളിയും ന്യൂസ് 18ഉം 24ഉം മറുനാടനുമൊക്കെ തരംപോലെ ഹിന്ദുത്വ അജന്‍ഡകളും മുസ്‌ലിം വിരുദ്ധ കഥകളും ഏറ്റെടുത്ത് പൊലിപ്പിച്ച് പ്രചരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഭീകരതാ ശൃംഖലയുടെ കഥകള്‍ സുനാമിയേക്കാള്‍ പ്രകമ്പനത്തോടെ അന്തിച്ചര്‍ച്ചകളില്‍ മുഴക്കിയിട്ടുണ്ട്. പിന്നീടവ ധൂമപടലം പോലും അവശേഷിപ്പിക്കാതെ മായുമ്പോഴും ഒരു തിരുത്തവര്‍ നല്‍കുന്നില്ല; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതില്‍ ഇന്നോളം ഖേദമോ കുറ്റസമ്മതമോ നടത്തിയിട്ടുമില്ല. ഓര്‍ക്കുന്നില്ലേ, കേരളീയ സാമൂഹികാന്തരീക്ഷത്തില്‍ മുസ്‌ലിം ചെറുപ്പക്കാരെ സംശയക്കണ്ണോടെ മാത്രം നോക്കേണ്ടവരാക്കി നിര്‍ത്തിയ 2009-ലെ ലവ് ജിഹാദ് എന്നൊരു പ്രൊപഗണ്ടയെ? സ്‌തോഭജനകമായ തുടരന്‍ കഥകളിലൂടെ അന്നത് കത്തിച്ചുനിര്‍ത്തിയത് മലയാളമനോരമ, കേരളകൗമുദി പത്രങ്ങളായിരുന്നു.

ഒരു കോളേജിലെ രണ്ട് മുസ്‌ലിം യുവാക്കള്‍ സഹപാഠികളായ ഇതരമതസ്ഥരെ പ്രണയിച്ചതായിരുന്നു സംഭവങ്ങളിലേക്കുള്ള തുടക്കം. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിശദമായ പോലീസ് അന്വേഷണം നടത്തി സംസ്ഥാന ഡി.ജി.പി. തന്നെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് ലവ് ജിഹാദ് എന്നൊരു സംഗതി ഇല്ലെന്ന് ഹൈക്കോടതി തന്നെ ഖണ്ഡിതമായി വിധികല്പിച്ചിട്ടും ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഇടയ്ക്കും തലയ്ക്കും ആ ഇരട്ടപ്പദം എങ്ങുനിന്നോ പൊങ്ങിവരുന്നത് കേള്‍ക്കാം. ലവ് ജിഹാദ് ഇല്ലെന്ന് കോടതിക്ക് മാത്രമേ ബോധ്യമായിട്ടുള്ളു; മുസ്ലിമേതര ജനസാമാന്യത്തിനിടയില്‍ അന്ന് ഉയര്‍ന്ന് പൊങ്ങിയ സംശയത്തിന്റെ അലയൊലികള്‍ മാഞ്ഞിട്ടില്ല. അത് ചികഞ്ഞെടുത്ത് കത്തിക്കാന്‍ പറ്റുമോ എന്ന പരീക്ഷണമാണ് ആ പദം ഇടയ്ക്കിടെ മുഴക്കുന്നത്.

2014 ഏപ്രിലില്‍ “തൃശൂര്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയെ തീവ്രവാദ കേസില്‍ അറസ്റ്റ് ചെയ്തു” എന്നൊരു ഇല്ലാ വാര്‍ത്ത മലയാളമനോരമ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം മനോരമ ഓഫീസില്‍ പ്രതിഷേധവുമായെത്തി. ഒരു മണിക്കൂറിലേറെ നീണ്ട മുദ്രാവാക്യം വിളികള്‍ക്ക് ശേഷം രണ്ട് വിദ്യാര്‍ത്ഥി പ്രതിനിധികളെ പത്രാധിപരുമായി സംസാരിക്കാന്‍ അനുവദിച്ചു. “തീവ്രവാദസംബന്ധമായ വാര്‍ത്തകള്‍ അങ്ങനെയാണെന്നും, തെറ്റായ വാര്‍ത്ത ഒന്നാം പേജില്‍ കേരളം മുഴുവന്‍ കൊടുത്തു എന്നു കരുതി അത് തിരുത്തിയുള്ള സത്യം അങ്ങനെ കൊടുക്കാന്‍ കഴിയില്ല” എന്നുമാണത്രേ ആ മാന്യദേഹം മൊഴിഞ്ഞത്. “സത്യം എന്നത് ആപേക്ഷികമാണെന്നും മനോരമക്ക് അതിന്റെതായ രീതികളുണ്ടെന്നും” കൂട്ടിച്ചേര്‍ക്കാന്‍ ആ ദേഹം മറന്നില്ല.

എന്തിനധികം, വാര്‍ത്താ രംഗത്തെ മുസ്‌ലിം മുഖമായി അവതരിപ്പിക്കപ്പെടുന്ന മീഡിയ വണ്‍ ചാനലില്‍ ഈയിടെയാണ് ഒരു ബി.ജെ.പി നേതാവ് ചര്‍ച്ചക്കിടെ, തന്നെ കൗണ്ടര്‍ ചെയ്യുന്ന ഒരു മുസ്‌ലിംപേരുകാരനെ ആ ഒറ്റക്കാരണത്താല്‍മാത്രം രാജ്യദ്രോഹിയെന്നും വിദേശചാരന്‍ എന്നും വിശേഷിപ്പിച്ചതും കേരളീയ മനസ്സാക്ഷി അത് നിശ്ശബ്ദം കടന്നുപോയതും. പോക്കറ്റടിച്ച് പിടിച്ച വാര്‍ത്ത കൊടുക്കുമ്പോള്‍ പോലും പ്രതി ഒരു സമുദായത്തിലെ അംഗമെങ്കില്‍, “അയാള്‍ക്ക് വല്ല തീവ്രവാദി സംഘവുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരുന്നു” എന്ന് ബൈ ഡിഫോള്‍ട്ട് ആയി ചേര്‍ക്കുന്ന വിധം ഒരു അലിഖിത വഴക്കം ന്യൂസ് റൂമുകളില്‍ എവിടെയോ നിലനില്‍ക്കുന്നുണ്ട്.

ഇപ്പോഴീ വ്യാജവാര്‍ത്തയോടുള്ള പ്രതികരണവും മുഖ്യമായി ട്രോളുകള്‍ കൊണ്ടാണ്. ജനവും ജന്മഭൂമിയും മറ്റനേകം ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളും പടച്ചുവിടുന്ന വിദ്വേഷപ്രസരണങ്ങളെ ട്രോളുകള്‍ വഴി കൗണ്ടര്‍ ചെയ്യാമെന്ന് കരുതുന്നവരോട് രണ്ട് കാര്യങ്ങള്‍:

(1) സംഘപരിവാറിന്റെ മുഖപത്രത്തിലോ ചാനലിലോ വരുമ്പോള്‍ മാത്രമാണ് പലര്‍ക്കും ട്രോളുകള്‍ വഴിയെങ്കിലും വിയോജിക്കണം എന്ന തോന്നല്‍ ഉണ്ടാകുന്നത്. ആധികാരികമെന്നോണം മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയാണ് അവ അവതരിപ്പിക്കുന്നതെങ്കില്‍ അത്തരം വാര്‍ത്തകള്‍ക്ക് സര്‍വ്വസ്വീകാര്യത കിട്ടുകയാണ് എന്നോര്‍ക്കുക.

(2) കാലാകാലങ്ങളില്‍ ഇത്തരം പ്രൊപഗണ്ടകള്‍ക്ക് ഇരയായി ഭീകരമുദ്ര ചാര്‍ത്തപ്പെട്ട് അനന്തമായി ഇരുമ്പഴിക്കുള്ളില്‍ തള്ളപ്പെട്ട ഒട്ടനേകം യുവാക്കള്‍ക്ക് അവരുടെ അനുഭവം ട്രോളുകളിലെപ്പോലെ അത്ര തമാശയല്ല തീര്‍ക്കുക.

സക്കറിയ

ഈയിടെ നാം ചിരിച്ച് തള്ളിയ യു.പി. ഭീകര തിരക്കഥയിലെ “പ്രതികള്‍” പുറംലോകം കാണാതെ ജയിലിലുണ്ട്. ഫാബ്രിക്കേറ്റഡ് കേസില്‍ മഅദനിയും സക്കറിയയും എട്ടോ ഒന്‍പതോ വര്‍ഷമായി ബാംഗ്ലൂരില്‍ തടങ്കലിലാണ്. പരസ്യമായി ആര്‍ക്കും പങ്കുകൊള്ളാവുന്ന സെമിനാര്‍ സംഘടിപ്പിച്ച ഏക “കുറ്റ”ത്തിനാണ് അതിന്മേല്‍ വന്നുചേര്‍ന്ന ഭീകരതാ കോണ്‍സ്പിറസിയുടെ ഫലമായി പാനായിക്കുളം കേസില്‍ അഞ്ചെട്ട് യുവാക്കള്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുന്നത്.

സാക്ഷികളോ തെളിവോ ഇല്ലെങ്കിലും വര്‍ക്കല ശിവദാസന്‍ കൊലപാതകത്തില്‍ ആഘോഷിക്കപ്പെട്ട “ദളിത് തീവ്രവാദ”ത്തിന്റെ പേരില്‍ ഏഴ് ദളിത് യുവാക്കള്‍ ജീവപര്യന്തം ശിക്ഷിക്കപ്പെടാനും നിലമ്പൂരില്‍ മാവോയിസ്റ്റ് എന്നപേരില്‍ രണ്ടുപേരെ കോള്‍ഡ് ബ്ലഡഡ് കൊല നടത്താനും ബീമാപള്ളിക്കാരായ ആറേഴുപേരെ നെഞ്ചിന് നേര്‍ക്ക് നിറയൊഴിച്ച് കൊല്ലാനും അടിത്തറയായത് ഒരു പ്രതിഷേധസ്വരം പോലും ഇവിടെ ഉയരില്ല എന്ന ബോധ്യമാണ്. അത്തരമൊരു അനുകൂലാന്തരീക്ഷം ഒരുക്കിയത് ഇവിടത്തെ മാധ്യമങ്ങള്‍ കൂടിയാണ്. ഈവക അനീതികള്‍ക്കും ഹത്യകള്‍ക്കും ശേഷവും ഇരകളെ വീണ്ടും വീണ്ടും വിക്റ്റിമൈസ് ചെയ്തോ, മൗനം പാലിച്ചുകൊണ്ടോ അതിലെ അവകാശവിഷയത്തെ പൂര്‍ണ്ണമായും തമസ്‌ക്കരിക്കാനാണ് നമ്മുടെ മുഖ്യധാരാ മീഡിയ ശ്രമിച്ചിട്ടുള്ളത്.

ബാംഗ്ലൂര്‍ കേസ് കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് അന്ന് തെഹല്‍ക്ക ലേഖിക ആയിരുന്ന ഷാഹിന അതിന്റെ പിന്നാമ്പുറം തേടിപ്പോയി മഅദനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്. ഷാഹിന തന്നെ വിശദീകരിച്ചത് പോലെ, മഅദനി നിരപരാധിയാണെന്ന് തെളിയിക്കാനുള്ള വ്യഗ്രത ആയിരുന്നില്ല, മറിച്ച് സ്‌കൂപ് തേടിയുള്ള ഒരു പ്രഫഷണല്‍ ജേണലിസ്റ്റിന്റെ യാത്ര ആയിരുന്നു ചെറിയ രീതിയിലെങ്കിലും കോളിളക്കം സൃഷ്ടിച്ച ആ റിപ്പോര്‍ട്ട്. അതിന്റെ പരിണതി, ഷാഹിനക്ക് നേരെ നടന്ന വേട്ടയാടല്‍ ആയിരുന്നു. തീവ്രവാദ ബന്ധം ആരോപിച്ച് യുഎപിഎ ചാര്‍ത്തുക പോലും ചെയ്തു.

കെ.കെ ഷാഹിന

അന്ന് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായ മാധ്യമപ്രവര്‍ത്തകര്‍ പോലും ഷാഹിനക്ക് പ്രതിരോധം തീര്‍ത്തത്, മിശ്രവിവാഹിത ആയ, തീര്‍ത്തും മതരഹിത ജീവിതം നയിക്കുന്ന ഷാഹിനയുടെ “സെക്യൂലര്‍ ക്രെഡിബിലിറ്റി” മുന്നോട്ട് വെച്ചായിരുന്നു. അപ്പോള്‍ ഒരു പക്ഷേ അധികം ഉന്നയിക്കപ്പെടാതെ പോയ ഒരു ചോദ്യമുണ്ട്. ഷാഹിനക്ക് പകരം, കൃത്യമായും മതാനുസാരജീവിതം നയിക്കുന്ന, അതേ മതക്കാരനെ/രിയെ കെട്ടി ജീവിക്കുന്ന ഒരുവള്‍/വന്‍ ആയിരുന്നെങ്കിലോ? ഉദാഹരണത്തിന് ഹിജാബ് ശുഷ്‌കാന്തിയോടെ പാലിക്കുന്ന ഒരു സ്ത്രീ ജേണലിസ്റ്റോ അഥവാ കൃത്യമായി പള്ളിയില്‍ പോകുന്ന പുരുഷ ജേണലിസ്റ്റോ ആയിരുന്നെങ്കില്‍ നിങ്ങള്‍ എന്ത് നിലപാട് എടുക്കുമായിരുന്നു?

(ഷാഹിനയെ വേട്ടയാടിയ അതേ ബിജെപി സര്‍ക്കാര്‍, 2012 ആഗസ്റ്റില്‍ മുതിഉര്‍ റഹ്മാന്‍ സിദ്ധീഖി എന്ന ഡെക്കാന്‍ ഹെറാള്‍ഡ് ബാംഗ്ലൂര്‍ റിപോര്‍ട്ടറെ തീവ്രവാദം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും ആറുമാസത്തെ ജയില്‍ വാസത്തിന് ശേഷം എന്‍.ഐ.എ അന്വേഷണത്തിനൊടുക്കം ക്ലീന്‍ ചിറ്റ് നല്‍കി മോചിപ്പിക്കുകയുമുണ്ടായി. അദ്ദേഹത്തിന് വേണ്ടി ശബ്ദിക്കാന്‍ സ്വന്തം സഹപ്രവര്‍ത്തകര്‍ പോലും സന്നദ്ധമായിരുന്നില്ല എന്നത് അനുബന്ധമായി വായിക്കുക).

ഇന്ന് “ഐഎസ് – അല്‍ഖ്വയ്ദ യൂണിറ്റ് പ്രവര്‍ത്തിക്കുന്നതായി” സംഘപരിവാര്‍ ജിഹ്വകള്‍ കണ്ടെത്തിയ വര്‍ക്കല സിഎച്ച് കോളേജ് മാനേജ്മെന്റ് തന്നെയും സ്വയം പ്രതിരോധം തീര്‍ക്കുന്നത് നായര്‍ സാമുദായാംഗമായ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ സ്റ്റാഫില്‍ തൊണ്ണൂറ് ശതമാനവും മുസ്ലിമേതരരും അതിലേറെയും സവര്‍ണ്ണരും ആണെന്നത് ചൂണ്ടിക്കാട്ടിയാണ്. ഓണ്‍ലൈനില്‍ കുട്ടികളുടെ പ്രതിരോധത്തിന് മുന്നോട്ട് വന്നവരില്‍ പലരും ഉന്നയിച്ചുകണ്ടത് പഠിതാക്കളില്‍ നല്ലൊരു ഭാഗവും മുസ്ലിമേതര സമുദായങ്ങളില്‍ നിന്നാണ്; വിവാദവേഷം കെട്ടിയാടിയ കുട്ടികളില്‍ എ.ബി.വി.പിക്കാര്‍ പോലുമുണ്ട് എന്നാണ്. (തങ്ങളുടെ തന്നെ വിദ്യാര്‍ത്ഥി സംഘത്തിലെ കുട്ടികളെപ്പോലും പരിഗണിക്കാതെ, കേവലം മുസ്ലിം മാനേജ്മെന്റ് നടത്തുന്ന സ്ഥാപനം എന്ന ഒറ്റക്കാര്യം പരിഗണിച്ചാണ് സംഘപരിവാര്‍ മാധ്യമങ്ങള്‍ ഈ ടാര്‍ഗെറ്റിങ് നടത്തിയത്!)

മുതിഉര്‍ റഹ്മാന്‍ സിദ്ധീഖി

ഷാഹിന വിഷയത്തില്‍ തള്ളിവന്ന ആ ചോദ്യം ആവര്‍ത്തിക്കട്ടെ. സി.എച്ച് കോളേജ് മുസ്ലിം കുട്ടികള്‍ മാത്രം പഠിക്കുന്ന, നൂറു ശതമാനം മുസ്‌ലിം സ്റ്റാഫ് ഉള്ള സ്ഥാപനം ആണെന്ന് സങ്കല്പിക്കുക; അവിടെ പ്രവര്‍ത്തിക്കുന്നത് ചില മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടനകള്‍ മാത്രമാണെന്നും. കുറച്ചൂടെ കടത്തിച്ചിന്തിച്ച്, വെള്ളവസ്ത്രവും തൊപ്പിയും ഒക്കെ യൂണിഫോമിന്റെ ഭാഗമായുള്ള ഒരു മതാത്മക സ്ഥാപനം ആണെന്നും, കലാപരമായ പ്രവര്‍ത്തനത്തിനും ആഘോഷത്തിനും ചില്ലറ റിലാക്‌സേഷന്‍ കൊടുത്തത് കൊണ്ടാണ് സലീംകുമാര്‍ പരിപാടി നടന്നത് എന്നും കരുതുക.

ജന്മഭൂമിക്ക് പകരം മനോരമ ചാനലോ മാതൃഭൂമിയോ ആണ് ഈ “എക്‌സ്‌ക്ലൂസീവ്” ചെയ്തത് എന്നും സലിംകുമാര്‍ വിവാദത്തില്‍ മൗനം പാലിച്ചെന്നും കൂടി കരുതുക. ബാക്കി സാഹചര്യങ്ങള്‍ എല്ലാം തുല്യം. എങ്കില്‍, ഇക്കാര്യത്തില്‍ ദുര്‍ബലമായെങ്കിലും പ്രതിരോധം തീര്‍ത്തവര്‍ ആ സാഹചര്യത്തില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക? അതുമിരിക്കട്ടെ, അത്തരമൊരു “എക്‌സ്‌ക്ലൂസീവ്” ഇവിടെ ഉണ്ടാക്കുമായിരുന്ന പ്രകമ്പനം ഭാവനയില്‍ കാണാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ?!

ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ നിലപാടിനെ നിശിതമായ വിചാരണക്ക് വിധേയമാക്കുന്ന, അതിലെ പിന്തിരിപ്പത്വവും സവര്‍ണ്ണകോയ്മ / ആണ്‍കോയ്മ വാദങ്ങളും കൃത്യമായി തുറന്ന് കാട്ടുന്ന മതേതരത്വബോധ്യമുള്ള സുഹൃത്തുക്കളോട് ഒരു ചോദ്യമുണ്ട്. സംഘ്പരിവാറിന്റെ ഏറ്റവും വലിയ ആയുധമായ, അതിന്റെ മറപറ്റി മറ്റുപലരും എടുത്തുവീശുന്ന മുസ്ലിം ഭീതിവല്‍ക്കരണം / അപരവല്‍ക്കരണം എന്ന വിപത്തിനെ എത്രത്തോളം അഡ്രസ്സ് ചെയ്യപെടുന്നുണ്ട്? ഔദ്യോഗിക ജിഹ്വകളും സ്വാധീനവലയത്തിലെ മുഖ്യധാരാ മീഡിയയും ഉപയോഗിച്ച് മാത്രമല്ല സംഘിസം അതിന്റെ വിദ്വേഷപ്രസരണങ്ങള്‍ നടത്തുന്നത്. അതിനേക്കാള്‍ റീച്ച് ഉള്ള സോഷ്യല്‍ മീഡിയ, പ്രത്യേകിച്ചും വാട്‌സ്ആപ് ഫോര്‍വേഡുകള്‍ വഴിയാണ് മൈക്രോ-നാനോ തലങ്ങളില്‍ പൊട്ടന്‍ഷ്യല്‍ സംഘികള്‍ വാര്‍ത്തെടുക്കപ്പെടുന്നത്.

ഈ വക -എല്ലാ തലങ്ങളിലും ഉള്ള- വിദ്വേഷ പ്രൊപഗണ്ടകളെ പ്രതിരോധിക്കാതെ, അതിന്റെ വഴിക്ക് വിട്ടാല്‍ മതിയെന്നൊരു തോന്നല്‍ നിലനില്‍ക്കുന്നുണ്ടോ?!

ബച്ചു മാഹി

Latest Stories

We use cookies to give you the best possible experience. Learn more