ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഏറ്റ പരാജയത്തിന് ശേഷം ബ്രസീലിന്റെ സൂപ്പർ പരിശീലകനായ ടിറ്റെ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.
ഇതോടെ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് പുതിയ പരിശീലകനെ തേടി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ.
സൂപ്പർ പരിശീലകരായ പെപ്പ് ഗ്വാർഡിയോള, കാർലോ ആൻസലോട്ടി, മൗറീന്യോ മുതലായ പരിശീലകർ ബ്രസീലിന്റെ കോച്ചായി എത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
എന്നാലിപ്പോൾ റയൽ മാഡ്രിഡിൽ കളിക്കുന്ന ബ്രസീലിയൻ സൂപ്പർ താരമായ റോഡ്രിഗോ തന്റെ ക്ലബ്ബിന്റെ പരിശീലകനായ കാർലോ ആൻസലോട്ടിയോട് ബ്രസീലിനെ പരിശീലിപ്പിക്കാൻ വരണമെന്ന് തമാശ രൂപത്തിൽ പറഞ്ഞെന്നും അദ്ദേഹവും രസകരമായി താൻ ബ്രസീലിൽ എത്താമെന്ന് പറഞ്ഞെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.
അതിനൊപ്പം ചില തമാശകൾ യാഥാർഥ്യമാവാൻ സാധ്യതയുണ്ടെന്നും റോഡ്രിഗോ കൂട്ടിച്ചേർത്തു.
റോഡ്രിഗോ ഗ്ലോബോ എസ്പോർട്ടെയോട് പറഞ്ഞ കാര്യം മാർക്കയും ഫാബ്രിസിയോ റൊമാനോയുമടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നേരത്തെ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ കീപ്പറായ എഡേഴ്സണും ആൻസലോട്ടി ബ്രസീലിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
“ആൻസലോട്ടി എല്ലാം എക്സ്പീരിയൻസ് ചെയ്തിട്ടുള്ള പരിശീലകനാണ്. എല്ലാ മേജർ കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഒരു ഗ്രൂപ്പിനെ എങ്ങനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഒരു പരിശീലകനെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്,’ റോഡ്രിഗോ പറഞ്ഞു.
“ഞാൻ ആൻസലോട്ടിയോട് തമാശരൂപേണ അദ്ദേഹം ഞങ്ങൾ ബ്രസീലിലേക്ക് എത്തുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് എന്ന് പറഞ്ഞിരുന്നു. അതിന് മറുപടിയായി നമുക്ക് ഒരുമിച്ച് ബ്രസീൽ സ്‌ക്വാഡിനെ തിരഞ്ഞെടുക്കാം എന്ന് ആൻസലോട്ടി തമാശരൂപത്തിൽ മറുപടിപറഞ്ഞിട്ടുണ്ട്,’ റോഡ്രിഗോ കൂട്ടിച്ചേർത്തു.
കൂടാതെ ചില സമയങ്ങളിൽ തമാശ സത്യമായി വരാൻ സാധ്യതയുണ്ടെന്നും റോഡ്രിഗോ പറഞ്ഞു.
അതേസമയം മാർച്ച് 26ന് മൊറോക്കോക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.
ലോകകപ്പ് കഴിഞ്ഞതിന് ശേഷം ബ്രസീൽ ആദ്യമായി ദേശീയ ജേഴ്സിയിൽ കളിക്കാനിറങ്ങുന്ന മത്സരം കൂടിയാണിത്.
Content Highlights:We joke with Ancelotti that we’re waiting for him in Brazil said Rodrygo