| Thursday, 28th April 2022, 9:46 am

എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യത്താണ് ഞങ്ങള്‍ ചേര്‍ന്നത്, അല്ലെങ്കില്‍ തീരുമാനം മറ്റെന്തെങ്കിലുമാകുമായിരുന്നു: ഒമര്‍ അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയോടൊപ്പം ചേര്‍ന്നത് എല്ലാ മതങ്ങളേയും തുല്യമായി പരിഗണിക്കും എന്നുള്ളതുകൊണ്ടായിരുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള.

മുസ്‌ലിങ്ങളുടെ മതപരമായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടില്ല എന്നറിഞ്ഞിരുന്നുവെങ്കില്‍ തങ്ങളുടെ തീരുമാനം മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനഗറില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങള്‍ ഇന്ത്യയോടൊപ്പം ചേരാന്‍ തീരുമാനിച്ചപ്പോള്‍, എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യത്തേക്കായിരുന്നു ഞങ്ങള്‍ കടന്നുവന്നത്. ഒരു മതത്തിന് മുന്‍ഗണന നല്‍കുമെന്നും മറ്റു മതങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമെന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല,’ ഒമര്‍ അബ്ദുള്ള പറയുന്നു.

ഇത്തരത്തില്‍ ഒരു മതത്തെ അടിച്ചമര്‍ത്തുമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ തീരുമാനം മറ്റൊന്നാകുമായിരുന്നുവെന്നും എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശം ലഭിക്കുമെന്ന് ഉറപ്പ് പറഞ്ഞതിന് ശേഷമാണ് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

പള്ളികളിലെ ഉച്ചഭാഷിണി, ഹിജാബ്, ഹലാല്‍ ഭക്ഷണം എന്നിവ വിലക്കുന്നതിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.

മറ്റ് ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ പള്ളികളിലെ ഉച്ചഭാഷിണികള്‍ വിലക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

‘കര്‍ണാടകയില്‍ ക്ലാസില്‍ ഹിജാബ് ധരിക്കുന്നത് നിങ്ങള്‍ തടഞ്ഞു. അതിന് പിന്നാലെ വലതുപക്ഷ സംഘടനകള്‍ ഹലാല്‍ മാംസം വില്‍ക്കുന്നതിനെയും എതിര്‍ക്കുന്നു. ഹലാല്‍ മാംസം വില്‍ക്കരുതെന്ന് ഞങ്ങളോടെന്തിനാണാവശ്യപ്പെടുന്നത്?

ഹലാല്‍ മാംസം കഴിക്കാനാണ് ഞങ്ങളുടെ മതം ഞങ്ങളോടാവശ്യപ്പെടുന്നത്. അതെന്തിനാണ് നിങ്ങള്‍ തടയുന്നത്. ഞങ്ങള്‍ നിങ്ങളെ ഹലാല്‍ മാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല. ഏതെങ്കിലും മുസ്‌ലിം നിങ്ങളെ ഹലാല്‍ മാംസം കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടോ?’ ഒമര്‍ അബ്ദുള്ള ചോദിച്ചു.

ക്ഷേത്രങ്ങളിലോ മറ്റ് ആരാധനാലയങ്ങളിലോ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മുസ്‌ലിങ്ങള്‍ ഒരിക്കലും എതിര്‍ത്തിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബി.ജെ.പി സര്‍ക്കാരുകള്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 100 മുന്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

Content Highlight:  We joined India because all religions are treated equally, or the decision would have been something else: Omar Abdullah

We use cookies to give you the best possible experience. Learn more