'നമ്മള്‍ പൊരുതി ജയിക്കും; താങ്കളെ മാത്രമല്ല, കോണ്‍ഗ്രസിലെ മറ്റു ചില നേതാക്കളെ കൂടി അവര്‍ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ട്'; ഡി.കെ ശിവകുമാറിനോട് സോണിയാ ഗാന്ധി
India
'നമ്മള്‍ പൊരുതി ജയിക്കും; താങ്കളെ മാത്രമല്ല, കോണ്‍ഗ്രസിലെ മറ്റു ചില നേതാക്കളെ കൂടി അവര്‍ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ട്'; ഡി.കെ ശിവകുമാറിനോട് സോണിയാ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2019, 12:50 pm

ന്യൂദല്‍ഹി: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ തീഹാര്‍ ജയിലില്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

സോണിയാ ഗാന്ധിക്കൊപ്പം അംബിക സോണിയും ഡി.കെയെ കാണാന്‍ എത്തിയിരുന്നു. ഇന്ന് രാവിലെയായിരുന്നു സോണിയ തീഹാര്‍ ജയിലില്‍ എത്തിയത്. ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സെപ്റ്റംബറിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അതേസമയം ശിവകുമാറിന്റെ ജാമ്യാപേക്ഷയില്‍ ദല്‍ഹി ഹൈക്കോടതി ഇന്നാണ് വിധി പറയുന്നത്.

പാര്‍ട്ടി ഡി.കെ ശിവകുമാറിനൊപ്പമുണ്ടെന്നും എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാകുമെന്നും സോണിയ പറഞ്ഞതായി സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഡി.കെയെ മാത്രമല്ല കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെയും കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. നമ്മള്‍ അവരോട് പൊരുതണം, ഇതില്‍ നിന്നെല്ലാം പുറത്തുവരണം സോണിയാ ഗാന്ധി ഡി.കെയോട് പറഞ്ഞതായി സുരേഷ് മാധ്യമങ്ങളെ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ ചോദ്യം ചെയ്തിരുന്നു. ആസ്തി വര്‍ധിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഐശ്വര്യയോട് ചോദിച്ചത്.

ഡി.കെയെ തിങ്കളാഴ്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും സന്ദര്‍ശിച്ചിരുന്നു. പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് ഡി.കെയെന്നും
എല്ലാം നേരിടാന്‍ കഴിയുമെന്ന് അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ