റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍ വംശീയാധിക്ഷേപം നേരിട്ട സമയത്ത് തന്നെ കളി നിര്‍ത്തിവെച്ച് കൊണ്ട് ഗ്രൗണ്ട് വിടണമായിരുന്നുവെന്ന് ബാഴ്‌സലോണ പരിശീലകനും മുന്‍ സ്പാനിഷ് താരവുമായ സാവി ഫെര്‍ണാണ്ടസ്. ‘വിനീഷ്യസിനെതിരെ വംശീയാധിക്ഷേപം നേരിട്ട സമയത്ത് തന്നെ കളി നിര്‍ത്തിവെച്ച് കൊണ്ട് ഗ്രൗണ്ട് വിടണമായിരുന്നു. മുഴുവന്‍ വംശീയതകളും എതിര്‍ക്കപ്പെടണം.
വംശീയ അധിക്ഷേപങ്ങള്‍ തുടര്‍ക്കഥയാവുന്ന ഇടങ്ങളാണ് മൈതാനങ്ങള്‍. ഒരു ബേക്കറിക്കാരനോ അധ്യാപകനോ ജോലി സ്ഥലത്ത് അപമാനിക്കപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. റയല്‍ മാഡ്രിഡിന്റെ കളിക്കാരന്‍ എന്നതിനേക്കാള്‍ വിനീഷ്യസ് ഒരു മനുഷ്യനാണ്. അയാള്‍ സംരക്ഷിക്കപ്പെടണം. ഞാന്‍ അയാള്‍ക്കൊപ്പം നില്‍ക്കുന്നു,’ സാവി പിന്തുണയറിയിച്ചു.
നേരത്തെ റയല്‍ കോച്ച് ആന്‍സലോട്ടിയും ഇതേ ആവശ്യമുയര്‍ത്തിയിരുന്നു. വിനീഷ്യസ് ലോകത്തിലെ തന്നെ മികച്ച താരങ്ങളില്‍ ഒരാളാണെന്നും അവനൊപ്പം നില്‍ക്കുകയാണെന്നും ആന്‍സലോട്ടി പറഞ്ഞു. ‘ഇത്തരമൊരു സംഭവം നടന്നാല്‍ മത്സരം നിര്‍ത്തിവെക്കണം.
നമുക്കൊരു പ്രശ്നമുണ്ട്. വിനീഷ്യസ് ജൂനിയര്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളില്‍ ഒരാളും ഏറ്റവും കരുത്തനായ താരവുമാണ്. ലാലിഗക്ക് വലിയൊരു പ്രശ്നമുണ്ട്. വംശീയാധിക്ഷേപപരമായ ഇത്തരമൊരു സംഭവം നടക്കുകയാണെങ്കില്‍ അവര്‍ മത്സരം നിര്‍ത്തിവെക്കണം. എന്നാല്‍ അതിന് അവരൊരിക്കലും തയ്യാറാകില്ല.
മറ്റു സ്റ്റേഡിയങ്ങളില്‍ മുമ്പ് നടന്നതുപോലെ ഒന്നോ രണ്ടോ ആളുകളല്ല വശീയപരമായ അധിക്ഷേപങ്ങള്‍ ചൊരിയുന്നത്. ഇവിടെ ഒരു സ്റ്റേഡിയമൊന്നാകെ ഒരു കളിക്കാരനെ വംശീയപരമായി അധിക്ഷേപിക്കുകയാണ്.
ഇങ്ങനെ ഒരു സംഭവം നടക്കുകയാണെങ്കില്‍ മത്സരം ഉടന്‍ തന്നെ നിര്‍ത്തിവെക്കപ്പെടണം. ഇതിപ്പോള്‍ ഞങ്ങള്‍ 3-0ന് ജയിക്കുന്ന അവസ്ഥയില്‍ ആണെങ്കില്‍ക്കൂടിയും മത്സരം നിര്‍ത്തിവെക്കണമെന്ന് തന്നെ ഞാന്‍ പറയും.
നമ്മള്‍ മത്സരം നിര്‍ത്തിവെക്കണം, അതല്ലാതെ മറ്റൊരു ഓപ്ഷനുമില്ല. കാരണം ഇതൊരു മോശം സന്ദേശമാണ് നല്‍കുന്നത്,’ മത്സര ശേഷമുള്ള അഭിമുഖത്തില്‍ ആന്‍സലോട്ടി പറഞ്ഞു.