ഇംഫാല്‍: തങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുന്ന തരത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധികള്‍ നീക്കിത്തരണമെന്ന ആവശ്യവുമായി ദുരിതാശ്വാസ ക്യാമ്പിലെ മണിപ്പൂര്‍ ജനത. സര്‍ക്കാര്‍ അനുവദിച്ച താത്കാലിക താമസസ്ഥലത്തേക്ക് പോകില്ലെന്നും അവര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
താല്‍കാലിക താമസസ്ഥലത്തേക്ക് പോയാല്‍ തങ്ങള്‍ക്ക് ഒരിക്കലും സ്വന്തം വീട്ടിലേക്ക് പോകാന്‍ സാധിക്കില്ലെന്നും തെങ്‌നൗപല്‍, ചുരാചന്ദ്പുര്‍ എന്നീ ജില്ലകളില്‍ നിന്നുള്ള കിഴക്കന്‍ ഇംഫാലിലെ ഐഡിയല്‍ വനിതാ കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലെ ജനത പറഞ്ഞു.
‘ഞങ്ങളുടെ വീടുകള്‍ പുനനിര്‍മിച്ച് തരുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വാസമില്ല. മൂന്ന് മാസത്തിലധികമായി ഞങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലാണ് താമസിക്കുന്നത്. എത്ര കാലം ഞങ്ങള്‍ ഇവിടെ നില്‍ക്കും.
ഞങ്ങള്‍ക്ക് ഞങ്ങളുടെ വീടുകള്‍ തിരിച്ച് കിട്ടണം. ഞങ്ങളുടെ ആളുകള്‍ കൊല്ലപ്പെട്ടു. നമുക്കിപ്പോള്‍ നീതി വേണം,’ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയായ മെറേയില്‍ താമസിക്കുന്ന സനാടംപി പറഞ്ഞു.
മനുഷ്യത്വപരമായ സാഹചര്യങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കാന്‍ ആഗ്രഹമില്ലെന്ന് ഗാന്‍തൊയ്ബിയും അഭിപ്രായപ്പെട്ടു.
‘ഏഴ് മാസം പ്രായമുള്ള കുട്ടിയടക്കം ഏഴ് പേരുള്ള കുടുംബമാണ് എന്റേത്. എല്ലാവരും ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലാണുള്ളത്. മെയ് മൂന്നിന് ഞങ്ങളുടെ വീടുകള്‍ കത്തിച്ചു. അവിടെ നിന്ന് പലായനം ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും കയ്യില്‍ കരുതാന്‍ സാധിച്ചിരുന്നില്ല. ഈ കലാപത്തില്‍ ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു,’ അവര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വസിച്ച് സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍മിച്ച വീടുകളിലേക്ക് താമസം മാറാന്‍ ചിലരെങ്കിലും തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമില്ല. ഈ താല്‍ക്കാലിക സംവിധാനത്തില്‍ എത്ര കാലം താമസിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. ഞങ്ങളുടെ സ്വന്തം വീട്ടിലേക്കാണ് ഞങ്ങള്‍ക്ക് പോകേണ്ടത്. ഞങ്ങള്‍ക്ക് സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ മടുത്തു. അവരില്‍ ഒരു പ്രതീക്ഷയുമില്ല,’ ഗാന്‍തൊയ്ബി പറഞ്ഞു.
ഇന്ന് മണിപ്പൂര്‍ സാക്ഷ്യം വഹിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി ബി.ജെ.പിയാണെന്ന് മോറെയില്‍ നിന്നുള്ള ഇംഗോബി പറഞ്ഞു.
‘ഞങ്ങള്‍ക്ക് മോറെയിലേക്ക് മടങ്ങണം. ഇംഫാല്‍ കഴിഞ്ഞാല്‍ മണിപ്പൂരിന്റെ വരുമാന സ്രോതസില്‍ രണ്ടാം സ്ഥാനത്താണ് ഈ നഗരം. ഈ അക്രമം തുടര്‍ന്നാല്‍ ഇന്ത്യക്ക് കനത്ത നഷ്ടമുണ്ടാകും. ഇന്ന് മണിപ്പൂര്‍ സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിന് ഉത്തരവാദി ബി.ജെ.പിയാണ്,’ ഇംഗോബി പറഞ്ഞു.
അതേസമയം അക്രമത്തിനിരയായവര്‍ക്കായി നിര്‍മിച്ച പ്രീ ഫ്രാബിക്കേറ്റഡ് വീടുകള്‍ ശാശ്വതമായ ക്രമീകണമല്ലെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനാണ് നിര്‍മിച്ചതെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് ഓഗസ്റ്റ് 23ന് പറഞ്ഞു.
കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ സജീവ ജയില്‍ കോംപ്ലക്‌സില്‍ 300, ബിഷ്ണുപുര്‍ ജില്ലയിലെ ക്വാക്തയില്‍ 400, കിഴക്കന്‍ ഇംഫാലിലെ സാവോംബുങ്ങില്‍ 200, തൗബാല്‍ ജില്ലയിലെ യൈത്തിബിയില്‍ 400 എന്നിങ്ങനെയാണ് വീടുകള്‍ നിര്‍മിച്ചത്.
CONTENT HIGHLIGHTS: We have no faith in the government; Go back to our own home: Manipur people in relief camp