ലക്‌നൗ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിക്കെതിരെ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പ്രിയങ്കയെ സോഷ്യല്‍ മീഡിയ പ്രകീര്‍ത്തിക്കുന്നത് പ്രമുഖ നേതാവ് എന്ന പേരിലാണെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍നിന്ന് സഹോദരനായ രാഹുല്‍ ഗാന്ധിയെപ്പോലും വിജയിപ്പിക്കാന്‍ കഴിയാത്ത വ്യക്തിയാണ് പ്രിയങ്കെയെന്ന് മൗര്യ ആരോപിച്ചു.
പ്രിയങ്ക യു.പിയുടെ ചുമതലയേറ്റെടുത്തിന് ശേഷം കോണ്‍ഗ്രസിലുണ്ടായ മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു മൗര്യ. ‘ഞാനവരെ പ്രാധാന്യത്തോടെ കണ്ടിട്ടേയില്ല. പ്രിയങ്ക ട്വിറ്റര്‍ വദ്രയെന്നാണ് ഞങ്ങളവളെ വിളിക്കുന്നത് തന്നെ. ദിവസവും രണ്ടോ മൂന്നോ ട്വീറ്റ് ഇടുക മാത്രമാണ് അവര്‍ ചെയ്യാറുള്ളത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തിരക്ക് നടിക്കും. സോഷ്യല്‍ മീഡിയയില്‍ പ്രമുഖ ദേശീയ നേതാവാണെന്ന് കാണിക്കുകയുമാണ്’, മൗര്യ പറഞ്ഞു.
‘പ്രിയങ്ക യു.പിയിലെത്തി കോണ്‍ഗ്രസിനായി ലോക്‌സഭാ പ്രചരണം ഏറ്റെടുത്തപ്പോള്‍ എല്ലാവരും കരുതിയത് അവളുടെ സഹോദരനെ പ്രധാനമന്ത്രിയാക്കിയേ അടങ്ങൂ എന്നാണ്. പക്ഷേ, രാഹുലിന് വിജയം നേടിക്കൊടുക്കാന്‍ പോലും അവര്‍ക്കായില്ല’, മൗര്യ വിമര്‍ശിച്ചു.
കോണ്‍ഗ്രസിന് യു.പിയില്‍ അടിത്തറ നഷ്ടപ്പെട്ട് കഴിഞ്ഞെന്നും അത് തിരിച്ചുപിടിക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്നും മൗര്യ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ എന്താണ് സംഭവിച്ചത് എന്നതിലേക്ക് കോണ്‍ഗ്രസ് തിരിഞ്ഞുനോക്കുന്നില്ല. രാഹുല്‍ ഗാന്ധിയായാലും പ്രിയങ്കാ ഗാന്ധിയായാലും മറ്റേത് കോണ്‍ഗ്രസ് നേതാവായാലും അവരുടെ കാഴ്ച പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക