അലിഖഢ്: കോണ്‍ഗ്രസിന്റെ കൈകളിലും മുസ്‌ലീങ്ങളുടെ രക്തം പുരണ്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. അലിഖഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ നടന്ന ചില സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു വിദ്യാര്‍ഥിയുടെ ചോദ്യം.
ചോദ്യം ഇങ്ങനെ:
“1948ലാണ് ആദ്യ ഭേദഗതി വരുന്നത്. 1950ല്‍ പ്രസിഡന്‍ഷ്യല്‍ ഉത്തരവ് വന്നു. അതിനുശേഷം മാലിയാന, ഹസന്‍പുര, മുസാഫിര്‍ നഗര്‍ എന്നിങ്ങനെ കോണ്‍ഗ്രസ് ഭരണത്തിലിരിക്കെ നിരവധി കലാപങ്ങള്‍ അരങ്ങേറി. പിന്നീട് വിഗ്രഹം സ്ഥാപിക്കാന്‍ ബാബറി മസ്ജിദിന്റെ ഗേറ്റുകള്‍ തുറന്നുകൊടുത്തു, അതിനുശേഷം കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ ബാബറി മസ്ജിദിന്റെ തകര്‍ക്കല്‍. കോണ്‍ഗ്രസിന്റെ കൈകളിലും മുസ്‌ലിം രക്തമുണ്ട്. അതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?”
സല്‍മാന്‍ ഖുര്‍ഷിദിന്റെ മറുപടി:
“ഇതൊരു രാഷ്ട്രീയ ചോദ്യമാണ്. ഞങ്ങളുടെ കൈകളിലും രക്തമുണ്ട്.”
” ഞാനും കോണ്‍ഗ്രസിന്റെ ഭാഗമാണ്. അതുകൊണ്ട് പറയാം, ഞങ്ങളുടെ കൈകളിലും രക്തമുണ്ട്. അതുകൊണ്ട് നിങ്ങളെ ആരെങ്കിലും ആക്രമിക്കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കാന്‍ വരേണ്ടയെന്നാണോ പറയുന്നത്? ഞാന്‍ നിങ്ങളോട് പറയുകയാണ്. ഞങ്ങളുടെ കൈകളിലെ രക്തം കാണിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അതുവഴി നിങ്ങളുടെ കൈകളില്‍ രക്തം പുരളരുത് എന്ന ബോധ്യം നിങ്ങളിലുണ്ടാവണം. നിങ്ങള്‍ അവരെ ആക്രമിക്കുമ്പോള്‍ രക്തക്കറ പുരളുന്നത് നിങ്ങളുടെ കൈകളിലാണ്. നമ്മുടെ പൂര്‍വ്വകാലത്തുനിന്നും ചിലത് പഠിക്കാനുണ്ട്. ചരിത്രത്തില്‍ നിന്ന് പഠിക്കുക. സ്വയം അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുക. പത്തുവര്‍ഷം കഴിഞ്ഞ് നിങ്ങള്‍ അലിഖഢ് യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചുവരികയാണെങ്കില്‍ നിങ്ങളെപ്പോലെ മറ്റൊരാള്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ത്താന്‍ ഇടവരരുത്.”