ഖത്തർ ലോകകപ്പിലെ പോരാട്ടങ്ങൾ ആവേശകരമായ ക്വാർട്ടർ ഫൈനൽ സ്റ്റേജിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഡിസംബർ 11ന് ഇന്ത്യൻ സമയം രാത്രി 12:30 ന് അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ടും ഫ്രാൻസും ഏറ്റുമുട്ടുന്നത്.
ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാർട്ടറിൽ എത്തുന്ന ഇരു ടീമുകളും ലോകകപ്പ് ഫേവറൈറ്റുകളാണ്.
യൂറോപ്യൻ വമ്പന്മാരുടെ ക്വാർട്ടർ ഫൈനൽ മത്സരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ.
എന്നാൽ മത്സരത്തിന് മുമ്പ് തന്നെ പരസ്പരം പോർ വിളിച്ചുകൊണ്ട് ഇരുരാജ്യങ്ങളിലെയും ഫുട്ബോൾ താരങ്ങൾ രംഗത്ത് വന്നിരുന്നു.
അതിന്റെ തുടർച്ചയുമായി എത്തിയിരിക്കുകയാണ് ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാം.
നിലവിൽ ലോകകപ്പിലെ ടോപ്പ് സ്കോററും മികച്ച ഫോമിൽ കളിക്കുന്ന താരവുമായ എംബാപ്പെയുടെ മികവിൽ ഇംഗ്ലണ്ടിനെ തകർക്കാം എന്നാണ് ഫ്രഞ്ച് കോച്ചിന്റെ പ്രതീക്ഷ. നിലവിൽ അഞ്ച് ഗോളുകളാണ് ഖത്തർ ലോകകപ്പിൽ നിന്നും താരം സ്വന്തമാക്കിയിരിക്കുന്നത്.
“ഇംഗ്ലണ്ട് ഞങ്ങൾ മുമ്പ് ഏറ്റുമുട്ടിയ ടീമുകളെപ്പോലെയല്ല എന്ന് ഞങ്ങൾക്കറിയാം. എന്നാൽ കിലിയൻ എംബാപ്പെക്ക് കാര്യങ്ങൾ വ്യത്യസ്തമാക്കാൻ സാധിക്കും,’ദെഷാം പറഞ്ഞു.
“കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന് ആദ്യ രണ്ട് മത്സരങ്ങളിലെപ്പോലെ മികച്ച രീതിയിൽ കളിക്കാൻ സാധിച്ചില്ല. എന്നാലും കിലിയൻ, കിലിയൻ തന്നെയാണ് ഏത് നിമിഷത്തിലും അദ്ദേഹത്തിന് തിളങ്ങാൻ സാധിക്കും,’ ദെഷാം കൂട്ടിച്ചേർത്തു.
54 കാരനായ ദെഷാമിന് ഫ്രാൻസിന് ലോകകപ്പ് നേടി കൊടുക്കാൻ സാധിച്ചാൽ കളിക്കാരനെന്ന നിലയിലും കോച്ച് എന്ന നിലയിലും ലോകകപ്പ് സ്വന്തമാക്കാൻ സാധിച്ച മൂന്നാമത്തെ കളിക്കാരനാകാൻ അദ്ദേഹത്തിന് സാധിക്കും.
ക്വാർട്ടർ ഫൈനൽ പോലുള്ള മത്സരങ്ങളിൽ രണ്ടാമതൊരു അവസരം ഇല്ലെന്ന തിരിച്ചറിവോടെ തന്നെയാണ് തങ്ങൾ കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇംഗ്ലണ്ടിനെ സൂക്ഷിക്കണം എന്ന അഭിപ്രായമാണ് ഫ്രഞ്ച് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ് പങ്കുവെച്ചത്.
” ഇംഗ്ലണ്ട് സ്‌ക്വാഡിനെ പരിശോധിച്ചാൽ റഷ്യയിലും ഫ്രാൻസിലും കളിച്ച ഒരുപാട് താരങ്ങളെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും. അവർ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളും യൂറോ രണ്ടാം സ്ഥാനക്കാരും കൂടിയാണ്. കൂടുതൽ പക്വതയോടെ കളിക്കാൻ സാധിക്കുന്ന അവർ ജയത്തിന് വേണ്ടി മാത്രമാണ് കളിക്കുന്നത്,’ ലോറിസ് കൂട്ടിച്ചേർത്തു.
അതേസമയം ശനിയാഴ്ച രാത്രി 8:30 ന് നടക്കുന്ന മൊറോക്കോ-പോർച്ചുഗൽ മത്സര വിജയികളുമായാണ് സെമിയിൽ ഇംഗ്ലണ്ട്-ഫ്രാൻസ് ക്വാർട്ടർ ഫൈനൽ വിജയികൾ മത്സരിക്കുന്നത്.
Content Highlights:We have Mbappé and we will win French coach to England