'ഇനിയൊരു കലാപമുണ്ടായാല്‍ അത് താങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയില്ല'; ഗ്രാമം വിട്ട് കോളനികളില്‍ അഭയം പ്രാപിച്ച് മുസ്‌ലിം കുടുംബങ്ങള്‍
national news
'ഇനിയൊരു കലാപമുണ്ടായാല്‍ അത് താങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയില്ല'; ഗ്രാമം വിട്ട് കോളനികളില്‍ അഭയം പ്രാപിച്ച് മുസ്‌ലിം കുടുംബങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th August 2022, 10:00 am

ന്യൂദല്‍ഹി: ‘അന്ന് എന്റെ മകള്‍ക്ക് നാലു വയസ് മാത്രമാണ് പ്രായം. ആ ദിവസവും കലാപവും രക്തക്കറകളും ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്. രക്ഷപ്പെട്ടത് ഭാഗ്യമെന്നേ പറയാനാകൂ..,’ ഗുജറാത്ത് കലാപത്തിന്റെ ഇരുണ്ട ഏടുകളെക്കുറിച്ച് ഓര്‍ത്തെടുക്കുമ്പോള്‍ ആ സ്ത്രീയുടെ ഉള്ളില്‍ വല്ലാത്തൊരു ഭയമുണ്ടായിരുന്നു. വര്‍ഷങ്ങളായി ഗുജറാത്തിലെ രണ്‍ദിക്പൂരില്‍ താമസിച്ചു വരികയാണ് ഇവരും സുല്‍ത്താനയെന്ന മകളും.

‘കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പോരാടാന്‍ ബില്‍ക്കിസ് കാണിച്ച ധൈര്യമൊന്നും എനിക്കുണ്ടാകില്ല. ഞങ്ങള്‍ വരുന്ന വഴിക്കും ഭരണകക്ഷിയുടെ ഒരു വലിയ വാഹനവ്യൂഹത്തെ കണ്ടിരുന്നു. മകളെ മുറുക്കെ ചേര്‍ത്തുപിടിച്ചാണ് ഞാന്‍ നടന്നത്,’ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ രണ്‍ദിക്പൂരിലെ നിരവധി മുസ്‌ലിം കുടുംബങ്ങളാണ് ഗ്രാമം വിട്ട് റാഹി-മാബാദ് റിലീഫ് കോളനിയില്‍ അഭയം പ്രാപിച്ചത്.

2002ല്‍ ഗോധ്ര ട്രെയിന്‍ കത്തിച്ച സംഭവത്തിന് പിന്നാലെയുണ്ടായ വര്‍ഗീയ കലാപത്തില്‍ രണ്‍ദിക്പൂരിലായിരുന്നു അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ, അവരുടെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് ഒരു സംഘം അതിക്രൂരമായി ബലാത്സംഗം ചെയ്തത്. ബില്‍ക്കിസ് ബാനു എന്നായിരുന്നു ആ സ്ത്രീയുടെ പേര്. കലാപത്തില്‍ തന്റെ മകളെ ഉള്‍പ്പെടെ ഏഴുപേരെയാണ് ബില്‍ക്കിസിന് നഷ്ടമായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇവര്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. തന്നെ ബലാത്സംഗം ചെയ്ത 11പേരെയും ബില്‍ക്കിസ് തടവിലാക്കി. മനുഷ്യരില്‍ നിന്നും അകന്ന് സ്വന്തമായി ഒരു മേല്‍വിലാസമില്ലാതെ കഴിഞ്ഞ 20വര്‍ഷമായി ബില്‍ക്കിസും കുടുംബവും ജീവിക്കുകയാണ്.

ഇതിനിടെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിലെ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തുവന്നത്. പ്രതികളുടെ ‘നല്ല നടപ്പ്’ ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഇവരെ വെറുതെ വിട്ടത്.

‘സമുദായത്തിനിടയില്‍ ഭയമുണ്ട്. നേരിട്ട് നമുക്കാര്‍ക്കും ഭീഷണിയൊന്നും ലഭിച്ചിട്ടില്ല.. പക്ഷേ ഭയമുണ്ട്. അവര്‍ക്ക് ലഭിച്ച സ്വീകരണവും അതിന് പിന്നാലെ ഗ്രാമത്തിലുള്ള ആഹ്ലാദവും.. ഞങ്ങള്‍ അവിടെ സുരക്ഷിതരല്ലാത്തത് പോലെയാണ് തോന്നുന്നത്,’ ഇത് പറയുമ്പോള്‍ ഇരുപത്തിനാലുകാരിയായ സുല്‍ത്താനയുടെ കണ്ണുകളിലും ഭയം നിഴലിച്ചിരുന്നു.

പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നതിന് പിന്നാലെ നിരവധി മുസ്‌ലിം കുടുംബങ്ങളാണ് രണ്‍ദിക്പൂരില്‍ നിന്നും റാഹി-മാബാദ് റിലീഫ് കോളനിയിലെത്തിയത്.

ജീവഭയമാണ് ഇവരെ തങ്ങളുടെ ഗ്രാമത്തില്‍ നിന്നും രക്ഷപ്പെടാന്‍ പ്രേരിപ്പിച്ചത്. പ്രതികളെ വെറുതെവിട്ട സര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ട് ഒരു തീരുമാനം ഉണ്ടാകുന്നത് വരെ റിലീഫ് കോളനിയില്‍ തുടരാനാണ് ഇവരുടെ നിലപാട്.

പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ദഹോദിലെ മുസ്‌ലിം കുടുംബങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.

സംഭവത്തിന് ശേഷം ഗ്രാമത്തില്‍ നിന്നും മാറിത്താമസിച്ച ബില്‍ക്കിസും കുടുംബവും 20 വര്‍ഷക്കാലമായി മനുഷ്യരുമായി അധികം സഹവാസമില്ലാതെ ജീവിച്ചുവരികയാണ്. മുറിവുകളെ ചേര്‍ത്തിണക്കി അവള്‍ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നായിരുന്നു ബില്‍ക്കിസിന്റെ ഭര്‍ത്താവ് യാക്കൂബ് റസല്‍ പട്ടേല്‍ പറഞ്ഞത്. ‘ഇത്രയും ദൂരം വരാന്‍ എടുത്ത പ്രയത്‌നം അവള്‍ ഒരിക്കലും മറക്കില്ല. തളരില്ല എന്ന് തീരുമാനിച്ചതാണ്,’ യാക്കൂബ് കൂട്ടിച്ചേര്‍ക്കുന്നു.

‘എന്റെ കുടുംബത്തോടും എന്റെ സഹോദരിയോടും നെറികേടുകാട്ടിയവര്‍ ഇപ്പോള്‍ സ്വതന്ത്രരായി നടക്കുകയാണ്. അവര്‍ മാര്‍ക്കറ്റുകളിലും മറ്റ് പൊതു ഇടങ്ങളിലും ആരേയും ഭയപ്പെടാതെ നടക്കുന്നു. പക്ഷേ അത് ഞങ്ങള്‍ക്ക് ഭയമാണ്. എല്ലാ ക്രൂരതകളും ചെയ്തവരെ വിട്ടയച്ചു. നിരപരാധികളായ ഞങ്ങള്‍ ഓരോ നിമിഷവും പേടിച്ചാണ് ജീവിക്കുന്നത്.

ഒരു പരീക്ഷണത്തിന് വയ്യ. എന്റെ ഭാര്യയെയും കുഞ്ഞിനേയും കൂട്ടി ഞാന്‍ അവിടം വിട്ടു. എനിക്ക് വേറെ വഴിയില്ല,’ ബില്‍ക്കിസിന്റെ ബന്ധുവായ യുവാവിന്റെ പ്രതികരണം ഇപ്രകാരമാണ്.

‘ഈ കുട്ടികളില്‍ ഭൂരിഭാഗവും ഇവിടെയാണ് ജനിച്ചത്. ഞങ്ങള്‍ എല്ലാവരും 74 വീടുകളുള്ള ഈ കോളനിയിലേക്ക് 2004ലാണ് മാറിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, കാര്യങ്ങള്‍ ഒത്തുതീര്‍പ്പായി കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ പലരും രണ്‍ദിക്പൂരിലേക്ക് മടങ്ങിപ്പോയി. പുതിയ ഒരു ജീവിതം പുനര്‍നിര്‍മിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ… എല്ലാവരും ബില്‍ക്കിസിനേയും അവളുടെ ധൈര്യത്തേയും പ്രശംസിക്കാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. കുറ്റവാളികള്‍ മോചിതരായപ്പോള്‍ എല്ലാവരും ആകെ തകര്‍ന്നുപോയി… ഇനിയൊരു കലാപം കൂടി പൊട്ടിപ്പുറപ്പെട്ടാല്‍… ആ ഭീകരതയിലൂടെ കടന്നുപോകാന്‍ ആരും ആഗ്രഹിക്കുന്നില്ല,’ റാഹി-മാബാദ് റിലീഫ് കോളനിയിലെ താമസക്കാരനായ അബ്ദുള്‍ റസാഖ് പറയുന്നു.

പ്രതികള്‍ പരോളിനായി നിരന്തരം ശ്രമങ്ങള്‍ ആരംഭിച്ചതു മുതല്‍ ബില്‍ക്കിസ് ബാനുവിനെതിരെ നടത്തിയ ആക്രമണത്തിലെ ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി ജാമ്യം നിഷേധിക്കാന്‍ ഹരജികള്‍ സമര്‍പ്പിച്ചിരുന്ന വ്യക്തിയായിരുന്നു അബ്ദുള്‍ റസാഖ്.

‘എനിക്ക് ഒരു മകളാണ് ഉള്ളത്. നാലു പേരക്കുട്ടികളും ഉണ്ട്. അവരും പെണ്‍കുട്ടികളാണ്. ഒരു ഗര്‍ഭിണിയോട് ദയയില്ലാതെ പെരുമാറാന്‍ കഴിഞ്ഞവര്‍ക്ക് എന്റെ കൊച്ചുമക്കളോട് ദയയുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്ത് ധൈര്യത്തിലാണ് ഞാന്‍ ഇവരോടൊപ്പം ആ ഗ്രാമത്തില്‍ നില്‍ക്കേണ്ടത്… പുറത്തിറങ്ങിയാല്‍ അവര്‍ ഇനി അതേ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ആര്‍ക്കെങ്കിലും ഉറപ്പുണ്ടോ? എനിക്കെന്റെ കുടുംബത്തെ വേണം..എനിക്ക് ജീവിക്കണം,’ പ്രദേശവാസിയായ സബേര പട്ടേലിന്റെ വാക്കുകളാണിത്.

പരോളിലിറങ്ങിയ പ്രതികളായ രാധേശ്യാം ഷായ്ക്കും മിതേഷ് ഭട്ടിനുമെതിരെ കവലയില്‍ തര്‍ക്കമുണ്ടായക്കിയതിനെ തുടര്‍ന്ന് 2017ല്‍ ഇവര്‍ക്കെതിരെ കേസ് കൊടുത്തത് സബേരയായിരുന്നു.

അതേസമയം സഹോദരന്‍ ടൂറിലാണെന്നും അദ്ദേഹത്തെ വിട്ടയച്ച നടപടിയില്‍ ആര്‍ക്കെങ്കിലും ഭയമോ അഭിപ്രായ വ്യത്യാസമോ ഉണ്ടെങ്കില്‍ അവര്‍ക്ക് നിയമത്തിന്റെ വഴി സ്വീകരിക്കാമെന്നാണ് പ്രതിയായ രാധേശ്യം ഷായുടെ സഹോദരന്റെ പ്രതികരണം.

വിട്ടയക്കപ്പെട്ട തന്റെ സഹോദരന്‍ ആരുടേയും ഒരു കാര്യങ്ങളിലും ഇടപെടാതെ സമാധാനപരമായി ജീവിക്കുകയാണെന്നാണ് കൂട്ടുപ്രതിയായ ശൈലേഷ് ഭട്ടിന്റെ കുടുംബത്തിന്റെ വാദം. ഓഗസ്റ്റ് 15ന് പ്രതികള്‍ ഗ്രാമത്തിലെത്തിയതു മുതല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് രണ്‍ദിക്പൂര്‍ പൊലീസ് പറയുന്നത്.

പ്രതികളെ വിട്ടയച്ച നടപടിയെതുടര്‍ന്ന് മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമം വിടുന്ന സംഭവം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് പറയുന്ന പൊലീസ് ഗ്രാമം പതിവ് പോലെ ശാന്തമാണന്നാണ് പറയുന്നത്.

Content Highlight: We have concerns regarding our lives, muslim families migrating to colonies for the sake oftheir lives after bilkis banp case accused are released