| Thursday, 15th September 2022, 5:15 pm

കൊത്തിലേക്ക് ദുല്‍ഖറിനേയും, ടൊവിനോയേയും അലോചിച്ചിരുന്നു, ഒരാള്‍ കഥ കേട്ടിട്ട് എക്‌സൈറ്റഡല്ല എന്ന് പറഞ്ഞു: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ഇടവേളക്ക് ശേഷം സിബി മലയില്‍ സംവിധായകനായി എത്തുന്ന ചിത്രമാണ് കൊത്ത്. ആസിഫ് അലി, റോഷന്‍ മാത്യു, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. കൊത്തിലെ അഭിനേതാക്കള്‍ സിനിമയിലേക്ക് എത്തിയതിന് പറ്റി പറയുകയാണ് ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍.

‘ഒരുപാട് അലച്ചിലുകള്‍ ശേഷം കണ്ടെത്തിയതാണ് കൊത്ത്. പല യുവതാരങ്ങളേയും സിനിമയിലേക്ക് നോക്കിയിരുന്നു. ദുല്‍ഖറിനേയും, ടൊവിനോയേയും അലോചിച്ചിരുന്നു. അതില്‍ ഒരാളോട് ഞാന്‍ കഥ പറഞ്ഞു. അദ്ദേഹം കഥ കേട്ടിട്ട് ഞാന്‍ എക്‌സൈറ്റഡല്ല എന്ന് പറഞ്ഞു. അതോടെ ആ ഓപ്ഷന്‍ അങ്ങ് ഒഴിവാക്കി. ഒരാള്‍ എക്‌സൈറ്റഡല്ലാതെ ഈ ക്യാരക്റ്റര്‍ ചെയ്തിട്ട് എനിക്കും അദ്ദേഹത്തിന് പ്രയോജനമില്ല.

അടുത്ത ഓപ്ഷനായി ആസിഫിലേക്ക് വന്നു. ആസിഫ് എന്റെ വീട്ടില്‍ തന്നെ വന്ന് കഥ കേട്ടിട്ട് ഓവര്‍ എക്‌സൈറ്റഡായി. ഞാന്‍ ഇത് ചെയ്യുന്നു സാര്‍ എന്ന് അപ്പോള്‍ തന്നെ പറഞ്ഞു.

രഞ്ജിത്തിലേക്കാണ് ആദ്യമെത്തുന്നത്. ഇപ്പോഴല്ല, 87ല്‍. എഴുതാപ്പുറങ്ങള്‍ എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ അതിലേക്ക് ജേണലിസ്റ്റായി ഒരു കഥാപാത്രത്തെ വേണമായിരുന്നു. അങ്ങനെ ലുക്കുള്ള ആളെ അന്വേഷിച്ച് നിക്കുമ്പോള്‍ ഡയറക്ടര്‍ ലെനിന്‍ രാജേന്ദ്രനാണ് പറഞ്ഞത്, ഒരാള്‍ സ്‌കൂള്‍ ഓഫ് ഡ്രാമ കഴിഞ്ഞ് തിരുവനന്തപുരത്ത് ഉണ്ടെന്ന്. അങ്ങനെയാണ് രഞ്ജിത്ത് എന്റെയടുത്തേക്ക് വരുന്നത്. രഞ്ജിത്തിനെ ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തു.

പിന്നെ മായാമയൂരം, സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഉസ്താദ് എന്നീ സിനിമകളില് പുള്ളി റൈറ്ററും പ്രൊഡ്യൂസറുമൊക്കെയായി. കൊത്തില്‍ വീണ്ടും പ്രൊഡ്യൂസറും ആക്ടറുമായി എത്തുന്നു,’ സിബി മലയില്‍ പറഞ്ഞു.

‘അര്‍ജുന്‍ അശോകനെ ആണ് ആദ്യം റോഷന്റെ കഥാപാത്രത്തിലേക്ക് ചിന്തിച്ചത്. രഞ്ജിത്താണ് റോഷനെ ട്രൈ ചെയ്താലോ എന്ന് ചോദിച്ചത്. ആ സമയം റോഷന്‍ കുറച്ച് സിനിമ ഒക്കെ ചെയ്ത് ശ്രദ്ധിക്കപ്പെട്ട് നില്‍ക്കുകയാണ്. റോഷന്റെ തൊട്ടപ്പന്‍ എന്ന സിനിമയാണ് ഞാന്‍ കണ്ടിട്ടുള്ളത്. കഥ കേട്ടിട്ട് അയാം ഇന്‍ എന്നുള്ളത് പുള്ളി അങ്ങ് തീരുമാനിക്കുകയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: we had considered Dulquer and Tovino in kotthu movie 

We use cookies to give you the best possible experience. Learn more