ചെന്നൈ: ഐ.പി.എല്‍ താരലേലത്തില്‍ ടീമിന് ആവശ്യമുള്ളവരെയാണ് ലഭിച്ചതെന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ടീം ഘടനയെ സന്തുലിതമാക്കുന്ന തെരഞ്ഞെടുപ്പാണ് ലേലത്തില്‍ നടന്നതെന്നും കോഹ്‌ലി പറഞ്ഞു.
‘ഞങ്ങള്‍ക്ക് ലഭിച്ച താരങ്ങള്‍ മികച്ചവരാണ്. ഞങ്ങള്‍ക്ക് കിട്ടേണ്ടത് തന്നെയാണ് കിട്ടിയിരിക്കുന്നത്. ടീം ഘടനയെ സന്തുലിതപ്പെടുത്തുന്ന സ്‌ക്വാഡാണ് ഇത്’, കോഹ്‌ലി പറഞ്ഞു.
ഇത്തവണ ക്രിസ് മോറിസ്, ആരോണ്‍ ഫിഞ്ച്, ഉമേഷ് യാദവ് എന്നിവരെ ടീം വിട്ടുകളഞ്ഞിരുന്നു. പകരം ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്ല്‍ ജാമീസണ്‍, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവരെ ടീം സ്വന്തമാക്കി. കൂടാതെ സച്ചിന്‍ ബേബി, മുഹമ്മദ് അസഹ്‌റുദ്ദീന്‍, രജത് പട്ടീദാര്‍ എന്നിവരേയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
2020 സീസണില്‍ ടീം പ്ലേ ഓഫിലെത്തിയിരുന്നു. ബാംഗ്ലൂര്‍ വിട്ടുകളഞ്ഞ ക്രിസ് മോറിസിനെ റെക്കോഡ് തുകയ്ക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. 16.25 കോടി രൂപയാണ് രാജസ്ഥാന്‍ മോറിസിനായി മുടക്കിയത്.